Monday
16 Dec 2019

ഉത്തരവാദികള്‍ കെട്ടിട നിര്‍മ്മാതാക്കള്‍: മുഖ്യമന്ത്രി

By: Web Desk | Tuesday 17 September 2019 11:04 PM IST


തിരുവനന്തപുരം: മരടില്‍ നിയമം ലംഘിച്ച് ഫഌറ്റ് സമുച്ചയങ്ങള്‍ നിര്‍മ്മിച്ചതിന്റെ പ്രാഥമികമായ ഉത്തരവാദികള്‍ കെട്ടിടനിര്‍മ്മാതാക്കളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിര്‍മ്മാണത്തിന് അനുമതി കൊടുത്തതാണ് ആദ്യത്തെ തെറ്റ്. നിര്‍മ്മാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന സര്‍വകക്ഷിയോഗത്തിന്റെ ആവശ്യം തികച്ചും ശരിയാണ്. അതിന് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കും. ഈ നിര്‍മ്മാതാക്കളെ കരിമ്പട്ടികയില്‍ പെടുത്തി തുടര്‍ന്നുള്ള കച്ചവടങ്ങളില്‍ നിന്ന് വിലക്കാന്‍ കഴിയുമോ എന്ന് സര്‍ക്കാര്‍ പരിശോധിക്കും. തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കുകയും ഫഌറ്റിലെ താമസക്കാരെ സംരക്ഷിക്കുകയും ചെയ്യണമെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സുപ്രീംകോടതി വിധി കണക്കിലെടുത്ത്ഫഌറ്റുകള്‍ പൊളിച്ചുനീക്കുമ്പോള്‍ ഈ മേഖലയില്‍ ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതം വിലയിരുത്താന്‍ ചെന്നൈ ഐഐടിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ പൊളിച്ചുനീക്കല്‍ പരിമിതമായ സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കുക പ്രായോഗികമല്ല എന്നാണ് ഐഐടി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ളത്. പരിസ്ഥിതിയെ ഇത് ദോഷകരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സമീപത്തുള്ള കെട്ടിടങ്ങളെ ഇത് ബാധിക്കും. കനാലുകള്‍, ആള്‍ത്താമസമുള്ള കെട്ടിടങ്ങള്‍, വൃക്ഷങ്ങള്‍, ചെടികള്‍ എന്നിവയ്ക്ക് ഹാനിയുണ്ടാകും.
വായുമലിനീകരണം ഒരു കിലോമീറ്റര്‍ ചുറ്റളവിലെങ്കിലും ഉണ്ടാകും. മാത്രമല്ല, പൊളിച്ചുമാറ്റിയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കുന്നത് വലിയ ബാധ്യതയാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പാരിസ്ഥിതിക ആഘാതം സംബന്ധിച്ച ആശങ്ക സുപ്രീംകോടതിയെ ബോധ്യപ്പെടുത്തേണ്ട കടമ കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന വകുപ്പിനാണ്. അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാരുമായി സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ബന്ധപ്പെട്ടത്.
സുപ്രീംകോടതി വിധി നല്‍കുന്ന ചില പാഠങ്ങള്‍ നാം കണക്കിലെടുക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതി നിയമങ്ങള്‍ പാലിക്കാതെയുള്ള നിര്‍മ്മാണങ്ങള്‍ക്ക് ഒരു സര്‍ക്കാരിനും പിന്തുണ നല്‍കാനാകില്ല. അതുകൊണ്ടു തന്നെ നിയമലംഘനം തടയുന്നതിനുള്ള ഇടപെടല്‍ തുടക്കത്തിലേ ഉണ്ടാകേണ്ടതുണ്ട്. നിയമത്തെ മറികടന്നുകൊണ്ട് പ്രവര്‍ത്തിക്കുന്നത് അരാജകത്വം സൃഷ്ടിക്കുകയേയുള്ളു. ഇത്തരം കാര്യങ്ങളില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related News