Wednesday
13 Nov 2019

മരട്: രേഖകള്‍ സമര്‍പ്പിക്കാന്‍ ഒരാഴ്ച കൂടി സമയം അനുവദിച്ചു

By: Web Desk | Thursday 10 October 2019 8:37 PM IST


കൊച്ചി: മരട് ഫ്‌ളാറ്റിലെ ഉടമസ്ഥര്‍ക്ക് അവകാശ രേഖകള്‍ സമര്‍പ്പിക്കുവാന്‍ ഒരാഴ്ച്ചകൂടി സമയം നീട്ടി നല്‍കി. ജസ്റ്റീസ് കെ ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായ മൂന്നംഗ സമിതിയുടെ ആദ്യ യോഗം എറണാകുളം ഗവ. റസ്റ്റ് ഹൗസില്‍ ഇന്നലെ ചേര്‍ന്നു. നഷ്ടപരിഹാരം സംബന്ധിച്ച നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗസമിതിയാണ് ഇത്. സമിതിയുടെ ആദ്യ യോഗമാണ് ഇന്നലെ ചേര്‍ന്നത്.

പൊളിക്കുന്നതിന്റെ മറ്റ് കാര്യങ്ങള്‍ക്കായി സര്‍ക്കാര്‍ ചുമതലപെടുത്തിയ സബ് കളക് ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, മരട് നഗരസഭയിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ കമ്മറ്റി മുന്‍പാകെ ഹാജരായി ഇത് സംബന്ധിച്ച് കാര്യങ്ങള്‍ വിശദീകരിച്ചു. നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ള 241 ഉടമകളുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ സമിതിക്ക് നേരത്തെ കൈമാറിയിരുന്നു. ഈ പട്ടിക പ്രകാരം നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളവരുടെ ഉടമസ്ഥതാ രേഖകളും സമിതി പരിശോധിച്ചു. മരട് നഗരസഭയാണ് 241 പേരുടെ വിവരങ്ങള്‍ അടങ്ങുന്ന പട്ടിക സര്‍ക്കാരിന് സമര്‍പ്പിച്ചത്.135 ഫ്‌ളാറ്റ് ഉടമകള്‍ ഉടമസ്ഥാവകാശ രേഖയും 106 പേര്‍ വില്‍പ്പനകരാറുമാണ് നഗരസഭയില്‍ സമര്‍പ്പിച്ചിരുന്നത്. 54 ഫ്‌ലാറ്റുകള്‍ നിര്‍മ്മാതാക്കളുടെ പേരില്‍ തന്നെയാണ്. ജെയിന്‍ അപ്പാര്‍ട്ട്‌മെന്റിലാണ് ഉടമകളുടെ പേരില്‍ ഏറ്റവും കൂടുതല്‍ ഫ്‌ളാറ്റുകളുള്ളത്. ഇവിടെ മാത്രം 49 ഫ്‌ളാറ്റുകളും ഉടമകളുടെ പേരിലാണ്. എന്നാല്‍ ഇവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുകയില്ല. ഉടമകളില്‍ നിന്ന് നഷ്ടപരിഹാര തുക ഈടാക്കണമെന്ന ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ ആധാരങ്ങളുടെയും അസല്‍ പകര്‍പ്പുകള്‍ നഗരസഭ പരിശോധിച്ചിട്ടില്ലാത്തതിനാല്‍ അവ പരിശോധിക്കാന്‍ യോഗം മരട് നഗരസഭ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.

പ്രമാണങ്ങളില്‍ സ്ഥലത്തിനും കെട്ടിടത്തിനും കൊടുത്ത തുകയും പ്രമാണങ്ങളെ സംബന്ധിച്ച മറ്റ് പ്രസക്ത വിവരങ്ങളും അടങ്ങുന്ന റിപ്പോര്‍ട്ട് പതിനാലാം തീയതി ചേരുന്ന യോഗത്തില്‍ സമര്‍പ്പിക്കാനും സെക്രട്ടറിയോട് യോഗം ആവശ്യപ്പെട്ടു. ഫ്‌ലാറ്റ് ഉടമകള്‍ അവരുടെ ക്ലെയിമുകള്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം കൂടി ഉള്‍പ്പെടുത്തി ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കണം. അടുത്ത മൂന്നു ദിവസത്തിനകം കിട്ടുന്ന അപേക്ഷകള്‍ 14നും അതിനുശേഷം കിട്ടുന്നവ 17നും കമ്മറ്റി പരിശോധിക്കും. ഫ്‌ലാറ്റ് ഉടകളെ നേരിട്ട് വിളിച്ചു വരുത്തി തെളിവെടുപ്പ് നടത്താനും സമിതി ആലോചിക്കുന്നുണ്ട്. സമിതിയിലെ മറ്റ് അംഗങ്ങളായ മുന്‍ ചീഫ് സെക്രട്ടറി ജോസ് സിറിയക്, പിഡ്ബ്‌ള്യുഡി മുന്‍ ചീഫ് എന്‍ജിനീയര്‍ ആര്‍ മുരുകേശന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. നിര്‍മ്മാതാക്കളുടെ സ്വത്ത് കണ്ടു കെട്ടാനും ഫ്‌ലാറ്റ് ഉടമകള്‍ക്ക് 25 ലക്ഷം രൂപവീതം നഷ്ടപരിഹാരമായി നാലാഴ്ചയ്ക്കുള്ളില്‍ നല്‍കാനുമാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്.
അതേസമയം മരട് ഫ്‌ലാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ക്രൈംബ്രാഞ്ച് എസ് പി പി എം മുഹമ്മദ് റഫീഖ് പറഞ്ഞു. നിര്‍മ്മാതാക്കള്‍ ഉടമകളെ വഞ്ചിച്ചുവെന്ന പരാതി മാത്രമല്ല ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മരട് നഗരസഭാ മുന്‍ സെക്രട്ടറി മുഹമ്മദ് അഷറഫിനെയും ക്രൈംബ്രാഞ്ച് വ്യാഴാഴ്ച ചോദ്യം ചെയ്തു. ഇദ്ദേഹം പഞ്ചായത്ത് സെക്രട്ടറി ആയിരുന്ന കാലഘട്ടത്തിലാണ് മരടിലെ ഫ്‌ലാറ്റുകള്‍ക്ക് അനുമതി നല്‍കുന്നത്. മരട് ഫ്‌ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ സാങ്കേതിക ഉപദേഷ്ടാവ് ശരത് ബി സര്‍വത്തെ കൊച്ചിയിലെത്തി. ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട കമ്പനികളുമായി സര്‍വാത്തെ വെള്ളിയാഴ്ച ചര്‍ച്ച നടത്തും.

Related News