മരട് സ്കൂൾ വാൻ അപകടം: ഡ്രൈവർ അറസ്റ്റിൽ

Web Desk
Posted on July 11, 2018, 7:50 pm
കൊച്ചി: മരട് സ്കൂൾ വാൻ അപകടത്തിൽ വാഹനം ഓടിച്ചിരുന്ന ഡ്രൈവർ അറസ്റ്റിൽ. മരട് ജയന്തിറോഡ് മനിക്കിരി വീട്ടിൽ അനിൽകുമാർ (ബാബു 48) ആണു ട്രാഫിക് പൊലീസിന്‍റെ പിടിയിലായത്. ഇന്ന് സ്റ്റേഷനിൽ വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത്. എറണാകുളം  മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു‌. കുറ്റം തെളിഞ്ഞാൽ ജീവപ‌ര്യന്തത്തിനും 10 കൊല്ലം വരെയും തടവിനും പിഴയ്ക്കും ശിക്ഷിക്കാവുന്ന മന:പൂർവമല്ലാത്ത നരഹത്യാ കുറ്റത്തിനാണ് കേസ്.
ജൂൺ 11നു വൈകിട്ടു മരട് കാട്ടിത്തറ റോഡിലെ ഇല്ലത്തുപറമ്പിൽ ഇടുങ്ങി‍യ റോഡിലൂടെ നീങ്ങുന്നതിനിടെയാണു സ്കൂൾ വാൻ കുളത്തിലേക്ക് മറിഞ്ഞത്. കിഡ്സ് വേൾഡ് ഡേ കെയർ വിദ്യാർഥികളായ വിദ്യാലക്ഷ്മി (നാല്), ആദിത്യൻ(നാല്), സ്കൂൾ വാനിന്‍റെ ആയ ലതാ ‌ഉണ്ണി (45) എന്നിവർ സം‌ഭവ സ്ഥലത്തും സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന കരോളിൻ ജോബി (‌നാല്) ഒരാഴ്ച കഴിഞ്ഞും മരിച്ചു. കുളത്തിൽ വീണ അഞ്ചു കുട്ടികളെ അനിൽകുമാർ രക്ഷപ്പെടുത്തിയിരുന്നു.