June 7, 2023 Wednesday

Related news

January 18, 2020
January 12, 2020
January 12, 2020
January 12, 2020
January 12, 2020
January 12, 2020
January 11, 2020
January 10, 2020
January 3, 2020
January 2, 2020

മരട്: നാലു ഫ്ലാറ്റുകളിൽ ആദ്യത്തേത്‌ ജനുവരി 11ന്‌ പൊളിക്കും

Janayugom Webdesk
കൊച്ചി
December 24, 2019 6:50 pm

മരടിൽ തീരപരിപാലന നിയമം ലംഘിച്ച നാലു ഫ്ലാറ്റുകളിൽ ആദ്യത്തേത്‌ ജനുവരി 11ന്‌ പൊളിക്കും. രാവിലെ 11ന്‌ ഹോളി ഫെയ്‌ത്ത്‌ ഫ്ലാറ്റ്‌ സമുച്ചയമാണ്‌ ആദ്യം പൊളിക്കുക. 30 മിനിറ്റ്‌ കഴിഞ്ഞ്‌ ആൽഫ സെറീനും പൊളിക്കും. 12ന്‌ പകൽ 11ന്‌ ഗോൾഡൻ കായലോരവും രണ്ടിന്‌ ജെയ്‌ൻ കോറൽകോവും പൊളിക്കും. നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്ലാറ്റുകൾ നിലംപതിപ്പിക്കാനുള്ള നടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.

ഫ്ലാറ്റുകൾ പൊളിക്കാനായി കലക്‌ടറുടെ നിരാക്ഷേപപത്രം (എൻഒസി) നൽകിയിട്ടുണ്ട്‌. പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ്‌ സേഫ്‌റ്റി ഓർഗനൈസേഷൻ (പെസോ) അനുമതിയും ഉടൻ ലഭിക്കും. ഫ്ലാറ്റുകളുടെ 200 മീറ്റർ ചുറ്റളവിലുള്ളവരെ മാറ്റാനും സുരക്ഷയൊരുക്കാനുമുള്ള നടപടിയായി. മുൻകരുതലായി ആവശ്യമെങ്കിൽ നിരോധനാജ്ഞയും ഏർപ്പെടുത്തും. ഫ്ലാറ്റുകളുടെ തൂണുകളിൽ സ്‌ഫോടകവസ്‌തുക്കൾ നിറയ്‌ക്കുന്നതിനുള്ള ദ്വാരങ്ങൾ ഇടുന്നത്‌ തുടരുകയാണ്‌. പ്രത്യേക വാഹനത്തിലാണ്‌ സ്‌ഫോടകവസ്‌തുക്കളെത്തിക്കുക.

ഫ്‌ളാറ്റുകൾ പൊളിക്കുമ്പോൾ പരിസരവാസികൾക്കുണ്ടാകുന്ന നാശ നഷ്‌ടങ്ങൾക്ക്‌ പരിഹാരമായി 95 കോടി രൂപയുടെ ഇൻഷുറൻസിന്‌ കാര്യത്തിൽ തീരുമാനമായി. സബ്‌ കളക്‌ടർ സ്‌നേഹിൽ കുമാർ സിങിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ്‌ തീരുമാനം. ആൽഫ ടവർ ഒന്ന്‌, രണ്ട്‌ എന്നിവയ്‌ക്കും എച്ച്‌ടുഒ ഹോളി ഫെയ്‌ത്തിന്നും 25 കോടി വീതവും ജെയ്‌ൻ കോറൽ കോവിനും ഗേൾഡൻ കായലോരത്തിനും പത്ത്‌ കോടി രൂപവീതവുമാണ്‌ ഇൻഷുറൻസ്‌ ഏർപ്പെടുത്തിയത്‌. ഇൻഷുറൻസ്‌ പരിരക്ഷയ്‌ക്ക്‌ സ്ഥലപരിധി നിശ്‌ചയിച്ചിട്ടില്ല.

സാങ്കേതിക സമിതിയുടെയും വിദഗ്‌ധരുടെയും അഭിപ്രായങ്ങൾക്ക്‌ ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമുണ്ടാവുക. പൊളിക്കുന്ന ഫ്‌ളാറ്റുകളുടെ സമീപത്തെ വീടുകളുടെയും സ്‌ട്രക്‌ച്ചറൽ ഓഡിറ്റ്‌ നടത്തും. വീടുകൾക്കുണ്ടാകുന്ന തകരാറുകൾ ഫ്‌ളാറ്റുകൾ പൊളിച്ച്‌ കഴിഞ്ഞ ശേഷം കരാർ ഏറ്റെടുത്ത കമ്പനി പരിഹരിക്കും. ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ നഷ്‌ട പരിഹാരം കാലതാമസം കൂടാതെ കൈമാറും. പൊളിക്കുന്ന സമയത്ത്‌ മൂന്നോ നാലോ മണിക്കൂർ നേരത്തെക്കാണ്‌ സമീപവാസികൾ മാറി നിൽക്കേണ്ടതുള്ളു. പൊളിക്കൽ നടപടികളുടെ അന്തിമ വിലയിരുത്തൽ ജനുവരി മൂന്നിന്‌ നടക്കും. പൊലീസ്‌, ട്രാഫിക്‌, റവന്യൂ വകുപ്പ്‌ ഉദ്യോഗസ്ഥർ പങ്കെടുക്കും. പൊളിക്കുന്നതിനു മുന്നോടിയായി ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകുന്നതു സംബന്ധിച്ച്‌ മരട് നഗരസഭാ അധികൃതരും പരിസരവാസികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.