ആ വാഹനം കണ്ട് കിട്ടിയാൽ മാത്രമേ ഇൻഷുറൻസ് ലഭിക്കൂ, ദമ്പതികളെ ഇടിച്ചു തെറിപ്പിച്ച വാഹന ഉടമ കനിവ് കാട്ടണം: Video

Web Desk
Posted on November 18, 2019, 5:30 pm

മരട്: സ്കൂട്ടറിൽ വരികയായിരുന്ന ദമ്പതികളെ എതിരെ വന്ന വാഹനം ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയി. മരടിൽ വാടകയ്ക്കു താമസിക്കുന്ന കങ്ങരപ്പടി വടവുകോട് കണ്ണങ്കണക്കുടി വീട്ടിൽ ബോബിനും ഭാര്യ സോണി ജോസഫുമാണ് അപകടത്തിൽ പെട്ടത്. ഇക്കഴിഞ്ഞ മൂന്നിന് രാത്രി പതിനൊന്നോടെ ന്യൂക്ലിയസ് മാളിന് മുൻവശത്തായിരുന്നു അപകടം.

മൂത്തേടം പള്ളിയിൽ വാകയിലച്ചന്റെ ചരമ വാർഷികാചരണത്തിനുള്ള അലങ്കാര പൂക്കളുമായി വരികയായിരുന്നു ഇവർ. എതിരെ തെറ്റായദിശയിൽ അമിത വേഗതയിൽ വന്ന വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വാഹനം നിർത്താതെ പാഞ്ഞു പോകുന്നത് മാളിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ദൃക്‌സാക്ഷികൾ രക്ഷാപ്രവർത്തനം നടത്തുന്നതും ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. സോണിയുടെ നില ഗുരുതരമാണ്.

മരട് സെന്റ് മേരീസ് യുപി സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന 2 പെൺകുഞ്ഞുങ്ങളുണ്ട് ഇവർക്ക്. വാടക വീട്ടിൽ താമസിക്കുന്ന ഇവർ അലങ്കാര പുഷ്പങ്ങൾ വിറ്റാണ് ജീവിക്കുന്നത്. വാഹനം കണ്ടു കിട്ടിയാൽ മാത്രമേ ഇൻഷുറൻസ് കാര്യങ്ങൾ ചെയ്യാനാവൂ. ജാമ്യം കിട്ടാവുന്ന വകുപ്പുകൾ മാത്രമേ ഉണ്ടാകൂ എന്നീ കാര്യങ്ങൾ അപകടമുണ്ടാക്കിയ ആൾക്ക് ആരെങ്കിലും ബോധ്യപ്പെടുത്തിയാൽ ഒരുപക്ഷേ അയാൾ ഹാജരായേക്കുമെന്നാണ് പ്രതീക്ഷ.