തീരദേശപരിപാലന നിയമം ലംഘിച്ച് നിർമ്മിച്ചതിനെ തുടർന്ന് സുപ്രീംകോടതി പൊളിച്ചു നീക്കാൻ ഉത്തരവിട്ട മരടിലെ നാല് ഫ്ളാറ്റുകളും മണ്ണോടടിയുകയാണ്. ഇന്ന് രാവിലെ 11 മണിക്ക് ജെയിൻ കോറൽകോവ് ഫ്ലാറ്റും ഉച്ചയ്ക്ക് രണ്ടു മണിക്ക് ഗോൾഡൻ കായലോരം ഫ്ലാറ്റും സ്ഫോടനത്തിൽ തകർക്കും. ഇന്നലെ എച്ച്ടുഒയ്ക്ക് പിന്നാലെ ആൽഫ സെറിന്റെ ഇരട്ട കെട്ടിടങ്ങളും തകർത്തിരുന്നു.
എന്നാൽ മരടിലെ നാലു ഫ്ലാറ്റുകളും മണ്ണോടടിയുമ്പോൾ വിജയിക്കുന്നത് ഇഞ്ചി കൃഷിക്കാരൻ ആന്റണിയുടെ പോരാട്ടമാണ്. ഏവരും ഉറ്റുനോക്കുന്ന മരട് സംഭവത്തിന്റെ അണിയറയിലെ അമരക്കാരനാണ് ഈ 42കാരൻ. പതിറ്റാണ്ടു നീണ്ട ആന്റണിയുടെ നിയമപോരാട്ടങ്ങളുടെ ഒന്നാം ഘട്ടത്തിലാണ് നാല് ഫ്ളാറ്റുകൾ മണ്ണിലേക്ക് പതിക്കുന്നത്. പരിസ്ഥിതി പ്രവർത്തകനോ സാമൂഹ്യപ്രവർത്തകനോ അല്ല ആന്റണി. ആദ്യം നാട്ടിലും പിന്നീട് കർണാടകയിലും ഇഞ്ചി കൃഷി ചെയ്തു വന്നയാളിന്റെ പോരാട്ടം തീരപരിപാലന നിയമങ്ങളെ വെല്ലുവിളിക്കുന്നവർക്കുള്ള താക്കീതാണ്.
വീടിന് പിന്നാമ്പുറത്തെ കായലോരത്ത് ബഹുനില കെട്ടിടം പണിയുകയും വീടിന്റെ ചുറ്റുമതിൽ ടിപ്പർ ലോറികൾ കൊണ്ട് നിരന്തരം ഇടിച്ചു മറിക്കുകയും ചെയ്തവരുടെ ഗുണ്ടായിസമാണ് ആന്റണിയെ ഒരു പോരാളിയാക്കിയത്. സാധാരണക്കാരന്റെ എല്ലാ വാശിയോടെയും ആന്റണി പോരാട്ടത്തിനിറങ്ങി. വിവരാവകാശമായിരുന്നു ആന്റണിയുടെ ആദ്യ ആയുധം. ആന്റണിയുടെ നിരന്തര അപേക്ഷകളെയും പരാതികളെയും തുടർന്ന് മരട് മുനിസിപ്പാലിറ്റിയും കൊച്ചി കോർപ്പറേഷനും തീരദേശ പരിപാലന അതോറിറ്റിയും രംഗത്തെത്തി. നിരവധി പേർക്ക് നോട്ടീസുകൾ നൽകുകയും 14 പേർക്ക് സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തു. തുടർന്നുള്ള കേസുകളിലാണ് നാല് ഫ്ളാറ്റുകൾ ഇപ്പോൾ നിലംപൊത്തുന്നത്.
അതേസമയം ആന്റണിയുടെ പോരാട്ടത്തിന് ഭീഷണികളും വെല്ലുവിളികളും വന്നുകൊണ്ടേയിരുന്നു. കഴിഞ്ഞ ദിവസം ആന്റണിയുടെ ബെൻസ് കാറിന് നേരെ ആക്രമണമുണ്ടായി. രണ്ട് ദിവസം മുൻപ് സുസുക്കി പിക്കപ്പിന്റെ ലൈറ്റുകളും തകർത്തു. പക്ഷെ പതറാതെ, ജീവഭയമൊന്നുമില്ലാതെ മുന്നോട്ട് തന്നെ ആന്റണി കുതിച്ചു.
YOU MAY ALSO LIKE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.