മരട് ഫ്ളാറ്റ് കേസ് പുതിയ വഴിത്തിരിവില്‍; നിലപാടില്‍ ഉറച്ച് സുപ്രീംകോടതി

Web Desk
Posted on September 23, 2019, 12:16 pm

ന്യൂഡല്‍ഹി: മരട് ഫ്ളാറ്റ് കേസ് പുതിയ വഴിത്തിരിവിലേക്ക്. സംസ്ഥാനത്ത് തീരദേശനിയമം ലംഘിച്ച് നിര്‍മ്മിച്ച മുഴുവന്‍ കെട്ടിടങ്ങളുടെയും പട്ടിക നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി ഉത്തരവിട്ടു.

നിലവില്‍ നിയമം ലംഘിച്ചവര്‍ക്കെതിരെ എന്ത് നടപടിയെടുത്തുവെന്നും വ്യക്തമാക്കണം. നിയമലംഘനങ്ങള്‍ തടയാതെ അത് സാധൂകരിക്കാനായി പൊതുജനാഭിപ്രായം ഇളക്കിവിടാനാണ് അധികൃതര്‍ ശ്രമിച്ചത്. അതിനാല്‍ ലംഘനങ്ങള്‍ക്ക് കൂട്ടുനിന്നവര്‍ക്കെതിരെയും നടപടിയെടുക്കേണ്ട സമയമായെന്ന് വ്യക്തമാക്കിയ ജസ്റ്റിസ്മാരായ അരുണ്‍മിശ്ര, രവീന്ദ്രബട്ട് എന്നിവരുടെ ബെഞ്ച് ഭാവിയില്‍ ഇത്തരം ലംഘനങ്ങള്‍ തടയാനുള്ള വ്യക്തമായ പദ്ധതി സമര്‍പ്പിക്കാനും സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

മരടില്‍ തീരദേശ നിയമം ലംഘിച്ച അഞ്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിക്കാത്തതില്‍ ചീഫ്‌സെക്രട്ടറി ടോംജോസിനെ വിളിച്ചുവരുത്തി അതിരൂക്ഷമായി വിമര്‍ശിച്ച കോടതി ഫ്ളാറ്റുകള്‍ പൊളിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് വ്യക്തമായ പദ്ധതിയില്ലെന്നും നിരീക്ഷിച്ചു. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം ഒട്ടും തൃപ്തികരമല്ല. കോടതി ഉത്തരവിന്റെ അന്തസത്തയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാകുന്നതാണ് ഉള്ളടക്കം. തീരദേശ സംരക്ഷണം ലക്ഷ്യമിട്ടാണ് കോടതിയുടെ ഉത്തരവ്. തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതിയില്ലാതെയാണ് കെട്ടിടം നിര്‍മ്മിച്ചത്. സംസ്ഥാനത്തുടനീളമുള്ള ഇത്തരം നിയമലംഘനങ്ങളുടെ കൂടി ഭാഗമായി 2018ല്‍ കടുത്ത നാശനഷ്ടം കേരളം അനുഭവിച്ചു. മനുഷ്യ ജീവനും സ്വത്തിനും അതി ഭീകരമായ നാശനഷ്ടമുണ്ടായി. ഈ രാജ്യം മുഴുവന്‍ കൂടെ നിന്നു. നിയമലംഘനങ്ങള്‍ കാരണം മുഴുവന്‍ പരിസ്ഥിതിയും ദുര്‍ബലമായി. അധികൃതര്‍ നിയമലംഘനങ്ങള്‍ക്ക് നേരെ കണ്ണടച്ചുവെന്നും കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

ഫ്ളാറ്റ് പൊളിക്കുന്നതില്‍ വിശദമായ പദ്ധതി വെള്ളിയാഴ്ച സമര്‍പ്പിക്കാമെന്ന് സംസ്ഥാനസര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി വെള്ളിയാഴ്ചത്തേക്ക് മാറ്റി.

ഒരുമാസത്തിനകം അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിക്കണമെന്ന് മേയ് എട്ടിലെ ഉത്തരവ് നടപ്പാക്കാത്തതില്‍ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി, ഈ മാസം 20നകം ഫ്ളാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും 23ന് ചീഫ്‌സെക്രട്ടറി നേരിട്ട് ഹാജരാകാനും കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉത്തരവ് നടപ്പാക്കാനുള്ള നടപടികള്‍ തുടങ്ങിയെന്നും ഒറ്റയടിക്ക് പൊളിക്കല്‍ പ്രായോഗികമല്ലെന്നുമാണ് വെള്ളിയാഴ്ച ചീഫ്‌സെക്രട്ടറി സത്യവാങ്മൂലം നല്‍കിയത്. നേരിട്ട് ഹാജരാകുന്നതില്‍ ഇളവ് നല്‍കണമെന്നും ടോംജോസ് അപേക്ഷിച്ചിരുന്നെങ്കിലും നിയമോപദേശത്തെ തുടര്‍ന്ന്  കോടതിയിലെത്തുകയായിരുന്നു.

ഹര്‍ജി പരിഗണിച്ചയുടന്‍ സംസ്ഥാന സര്‍ക്കാരിനായി ഹരീഷ് സാല്‍വെ വാദം തുടങ്ങാന്‍ ഒരുങ്ങി. എന്നാല്‍ ചീഫ്‌സെക്രട്ടറി എവിടെയെന്ന് ജസ്റ്റിസ് അരുണ്‍മിശ്ര ആരാഞ്ഞു.
പിന്നില്‍ നിന്ന ചീഫ്‌സെക്രട്ടറിയെ മുന്നിലേക്ക് വിളിച്ചുവരുത്തിയ അരുണ്‍മിശ്ര ഫഌറ്റുകള്‍ പൊളിക്കാന്‍ എത്ര സമയം വേണമെന്ന് ചോദിച്ചു. നിങ്ങളെന്താണ് ചെയ്യുന്നത് എന്ന് അറിയാം. കോടതി വിധിയെ വിമര്‍ശിച്ച് മിക്കദിവസങ്ങളിലും ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുകയാണ്. നിയമവിരുദ്ധ നിര്‍മ്മാണങ്ങള്‍ തടയാത്തതിന് നിങ്ങളാണ് ഉത്തരവാദികള്‍. എന്തെങ്കിലും പ്രകൃതി ദുരന്തമുണ്ടായാല്‍ ആദ്യം ബാധിക്കുക ആ നാലുഫളാറ്റുകളില്‍ താമസിക്കുന്ന 350 ഓളം കുടുംബങ്ങളെയാകും. നിയമലംഘനത്തിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തേണ്ടതുണ്ടെന്നും ബെഞ്ച് വാക്കാല്‍ പറഞ്ഞു.

നിങ്ങള്‍ പ്രകൃതിയുമായാണ് കളിക്കുന്നതെന്നാണ് ഒരുഘട്ടത്തില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞത്. കഴിഞ്ഞവര്‍ഷത്തെ പ്രളയത്തില്‍ കേരളത്തില്‍ വലിയ നാശനഷ്ടമുണ്ടായി. എത്രപേരുടെ ജീവനും സ്വത്തുമാണ് നഷ്ടമായത്. ഇരകള്‍ക്ക് എത്ര വീടുകള്‍ വച്ചുനല്‍കി? ബെഞ്ച് വാക്കാല്‍ ചോദിച്ചു. നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ വ്യക്തിപരമായി തന്നെ ചീഫ്‌സെക്രട്ടറി ഉത്തരവാദിത്വമേല്‍ക്കേണ്ടിവരും.കുറ്റകരമായ അനാസ്ഥയ്ക്ക് ചീഫ്‌സെക്രട്ടറിയെ പ്രോസിക്യൂട്ട് ചെയ്യാനാകുമെന്നും വാക്കാല്‍ മുന്നറിയിപ്പ് നല്‍കി.