മറവി തുണയായി

സന്തോഷ് പ്രിയന്
വലിയ മറവിക്കാരനാണ് ജിന്നപ്പന്. നാട്ടുകാരെല്ലാം ജിന്നപ്പനെ മറവിജിന്നപ്പന് എന്നാണ് വിളിച്ചിരുന്നത്. ഒരിയ്ക്കല്‍ ജിന്നപ്പന് ജോലി അന്വേഷിച്ച് അയല്നാട്ടിലെത്തി.
അവിടത്തെ നാട്ടുപ്രമാണിയുടെ വീട്ടില്‍ ജിന്നപ്പന് ജോലി കിട്ടി. ജിന്നപ്പന് മറവിക്കാരനാണെന്ന കാര്യമൊന്നും നാട്ടുപ്രമാണിക്ക് അറിയില്ലല്ലോ. – ഈശ്വരാ തന്റെ മറവി മൂലം അബദ്ധമൊന്നും പറ്റാതിരുന്നാല്‍ മതിയായിരുന്നു. ഇല്ലെങ്കില്‍ തന്റെ ജോലി പോവുമല്ലോ- ജിന്നപ്പന് ഇടയ്ക്ക് ഓര്‍ത്തു. പ്രമാണിയുടെ വീടിന് കാവല്‍ നില്‍ക്കുന്നതായിരുന്നു ജിന്നപ്പന്റെ ജോലി.
ഒരുദിവസം നാട്ടുപ്രമാണി കുടുംബസമേതം ഒരു യാത്രയ്ക്ക് പോകാനൊരുങ്ങി. അദ്ദേഹം ജിന്നപ്പനെ അടുത്തു വിളിച്ചു പറഞ്ഞു.
‘ജിന്നപ്പാ, ഞങ്ങള്‍ ദൂരെ ഒരു യാത്ര പോവുകയാണ്. നാളെയേ തിരിച്ചു വരൂ. രാത്രി വീടു പൂട്ടാന്‍ മറക്കരുത്.’
ജിന്നപ്പന് സമ്മതിച്ചു. നാട്ടുപ്രമാണി പോവുകയും ചെയ്തു. അന്ന് രാത്രി ജോലിയൊക്കെ കഴിഞ്ഞ് ജിന്നപ്പന് വീടു പൂട്ടി താക്കോല്‍ പോക്കറ്റിലിട്ട് വീട്ടിലേക്ക് നടന്നു. കുറച്ചു ദൂരം ചെന്നപ്പോള്‍ ജിന്നപ്പന് ഒരു സംശയം- താന്‍ വീടുപൂട്ടിയോ, ശെടാ തന്റെ മറവി വലിയ പൊല്ലാപ്പായല്ലോ- ജിന്നപ്പന് തിരിച്ചു നടന്നു. സത്യത്തില്‍ അയാള്‍ വീട് പൂട്ടിയിരുന്നു. പ്രമാണിയുടെ വീട്ടിലെത്തിയപ്പോള്‍ അതാ വീടിന്റെ വാതില്‍ തുറന്നു കിടക്കുന്നു. -ഹൊ, തന്റെ ഊഹം തെറ്റിയില്ല. ജിന്നപ്പന് വാതില്‍ വലിച്ചടച്ച് വീണ്ടും താഴിട്ട് പൂട്ടി. യഥാര്‍ത്ഥത്തില്‍ മുറിയ്ക്കുള്ളില്‍ രണ്ടു കള്ളന്മാര് കടന്നിട്ടുണ്ടായിരുന്നു. അവര്‍ മോഷ്ടിക്കാന്‍ വാതില്‍ കള്ളത്താക്കോല്‍ ഇട്ട് തുറന്നാണ് അകത്തു കടന്നത്. ഇതൊന്നുമറിയാതെ ജിന്നപ്പന് പുറത്തുനിന്നും വാതില്‍ പൂട്ടി പോവുകയും ചെയ്തു.
പിറ്റേന്ന് നാട്ടുപ്രമാണിയും കുടുംബവും തിരിച്ചെത്തി. അപ്പോഴുണ്ട് അകത്ത് രണ്ട് കള്ളന്മാര്. കള്ളനെ കുടുക്കിയത് ജിന്നപ്പനാണെന്ന് അറിഞ്ഞപ്പോള്‍ നാട്ടുപ്രമാണിക്ക് സന്തോഷമായി. അദ്ദേഹം ജിന്നപ്പനെ അടുത്തുവിളിച്ച് അഭിനന്ദിച്ചു. മാത്രമോ, ശമ്പളം ഇരട്ടിയാക്കുകയും ചെയ്തു. അപ്പോഴും സത്യത്തില്‍ എന്താണ് സംഭവിച്ചതെന്നറിയാതെ ജിന്നപ്പന് അന്ധാളിച്ച് നില്‍ക്കുകയായിരുന്നു.