മറയൂര്‍ ചന്ദന ഫാക്ടറിയില്‍ ഉത്പാദനം പുനരാരംഭിച്ചു

Web Desk
Posted on December 08, 2017, 10:02 pm

ജോമോന്‍ വി സേവ്യര്‍

മറയൂര്‍ ചന്ദന ഫാക്ടറിയില്‍ വീണ്ടും ഉല്‍പ്പാദനം ആരംഭിച്ചപ്പോള്‍

തൊടുപുഴ: സംസ്ഥാന ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ കീഴിലുള്ള മറയൂരിലെ ചന്ദന ഫാക്ടറിയില്‍ ചന്ദനത്തൈല നിര്‍മ്മാണം പുനരാരംഭിച്ചു. മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഫാക്ടറിയില്‍ തൈല ഉല്‍പ്പാദനം വീണ്ടും ആരംഭിച്ചത്. 2014 ജൂണിലാണ് ഉല്‍പ്പാദിപ്പിച്ച തൈലം വിറ്റഴിക്കാത്തതിനെ തുടര്‍ന്ന് ഉല്‍പ്പാദനം നിര്‍ത്തി വച്ചത്. 150 കിലോ ചന്ദന തൈലമാണ് ഇതുവരെ ഇവിടെ ഉല്‍പ്പാദിപ്പിച്ചത്. തുടക്കത്തില്‍ വളരെയേറെ ആവശ്യക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് വില്‍പ്പനയില്‍ ഗണ്യമായ കുറവ് വന്നത് മൂലം ഉല്‍പ്പാദിപ്പിച്ച തൈലം കെട്ടിക്കിടന്നതോടെയാണ് ഫാക്ടറി പൂട്ടേണ്ടി വന്നത്.
കോഴിക്കോട് കേരള സോപ്പ് ഫാക്ടറിയും കര്‍ണ്ണാടക സോപ്പ് ഫാക്ടറിയുമാണ് മറയൂരില്‍ നിന്നും പ്രധാനമായും തൈലം വാങ്ങിക്കുന്നത്. കേരള സോപ്പ് കമ്പനി മൂന്ന് മാസം കൂടുമ്പോള്‍ ഒരു കിലോ ചന്ദനത്തൈലം വാങ്ങുന്നുണ്ട്. കൂടാതെ 25, 10 ഗ്രാം പായ്ക്കറ്റുകളില്‍ വനം വകുപ്പിന്റെ എക്കോഷോപ്പുകള്‍ വഴിയും വില്‍പ്പന നടത്തുന്നുണ്ട്.
വില്‍പ്പനയില്‍ ഗണ്യമായ കുറവ് വന്നതോടെ ചന്ദനത്തടി ഇ ലേലത്തിലൂടെ വില്‍പ്പന നടത്തുന്നതുപോലെ തൈലവും ഇ ലേലത്തിലൂടെ വില്‍പ്പന ആരംഭിച്ചതോടെ ആവശ്യക്കാര്‍ കൂടി. ഇപ്പോള്‍ ഒമ്പതര കിലോഗ്രാം തൈലം മാത്രമാണ് കോപ്പറേഷന്റെ കൈയില്‍ സ്റ്റോക്കായിട്ടുള്ളു. ഇതാണ് വീണ്ടും ഉല്‍പ്പാദനം ആരംഭിക്കാന്‍ തീരുമാനിച്ചത്.
2010ല്‍ അന്നത്തെ വനംവകുപ്പ് മന്ത്രിയായിരുന്ന ബിനോയ് വിശ്വമാണ് ചന്ദന കൊള്ള തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് സ്വകാര്യ ചന്ദന ഫാക്ടറികളുടെ ലൈസന്‍സ് റദ്ദാക്കിക്കൊണ്ട് പൊതുമേഖലയില്‍ ചന്ദന ഫാക്ടറി ആരംഭിക്കാന്‍ തീരുമാനിച്ചത്. 2010 ജൂലൈ 18ന് മറയൂരില്‍ ഫാക്ടറി നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. ഒരു വര്‍ഷംകൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കി 2011 സെപ്റ്റംബര്‍ 18ന് ഫാക്ടറി പ്രവര്‍ത്തിച്ചു തുടങ്ങി. 4400 കിലോ ചന്ദനം മറയൂര്‍ ഡിപ്പോയില്‍ നിന്ന് കോര്‍പ്പറേഷന്‍ വാങ്ങിയാണ് തൈലം വാറ്റാന്‍ ആരംഭിച്ചത്. ഇതില്‍ 750 കിലോ ചന്ദനം മാത്രമാണ് ഇപ്പോള്‍ മിച്ചമുള്ളത്. ഇത് ഉപയോഗിച്ചാണ് വീണ്ടും തൈല ഉല്‍പ്പാദനം ആരംഭിച്ചിരിക്കുന്നത്.
250 കിലോ തടി പൊടിച്ച് വാറ്റാനുള്ള സൗകര്യമാണ് ഫാക്ടറിയിലുള്ളത്. പൊടിച്ച തൈലം വാറ്റിയെടുക്കാന്‍ 96 മണിക്കൂര്‍ വേണം. ഇങ്ങനെ വാറ്റിയെടുക്കുന്ന തൈലത്തില്‍ അടങ്ങിയിരിക്കുന്ന വെള്ളം വാട്ടര്‍ പ്യൂരിഫയര്‍ ഉപയോഗിച്ച് ഇല്ലാതാക്കിയ ശേഷമാണ് വില്‍പ്പനക്കുള്ള തൈലം തയ്യാറാക്കുന്നത്. 100 കിലോ തടിയില്‍ നിന്ന് നാല് മുതല്‍ 5 കിലോ തൈലം വരെയാണ് ലഭിക്കുക. കിലോയ്ക്ക് മൂന്ന് ലക്ഷം രൂപക്കാണ് കോര്‍പ്പറേഷന്‍ തൈലം വില്‍പ്പന നടത്തുന്നത്. കെഎഫ്ഡിസി മൂന്നാര്‍ ഡിവിഷന്‍ മാനേജര്‍ ജയരാജനാണ് ഇപ്പോള്‍ ഫാക്ടറിയുടെ ചുമതല.