Saturday
14 Dec 2019

മറയൂര്‍ മലനിരകളിലേക്കും വിനോദ സഞ്ചാരികളുടെ ഒഴുക്ക്

By: Web Desk | Wednesday 26 December 2018 9:58 PM IST


മറയൂരിലെ പുള്ളിമാന്‍

സന്ദീപ് രാജാക്കാട്

രാജാക്കാട്: കുളിരുള്ള ഡിസംബറിലെ മഞ്ഞ് മൂടുന്ന മറയൂര്‍ മലനിരകളില്‍ സഞ്ചാരികളുടെ തിരക്ക്. പച്ചവിരിച്ച് മലനിരകളിലൂടെ കോടമഞ്ഞിനെ വകഞ്ഞുമാറ്റിയുള്ള യാത്ര വിനോദ സഞ്ചാരികളുടെ മനം കവരുന്നതാണ്.  മറയൂര്‍ – മൂന്നാര്‍ റോഡിലും കാന്തല്ലൂര്‍ റോഡിലും മൂടല്‍ മഞ്ഞ് പുതഞ്ഞ മലയോരപാതയിലൂടെയുള്ള യാത്ര വിനോദസഞ്ചാരികള്‍ക്ക് വ്യത്യസ്ത അനുഭൂതിയാണ് പകരുന്നത്. ഇടതൂര്‍ന്ന പഴം പച്ചക്കറിതോട്ടങ്ങളും ചന്ദനക്കാടുകളും വന്യമൃഗങ്ങളും വനവിഭവങ്ങളും മധുരമൂറുന്ന കരിമ്പിന്‍ പാടങ്ങളും ചരിത്രം വിളിച്ചോതുന്ന മുനിയറകളും വെള്ളച്ചാട്ടങ്ങളുമൊക്കെയാണ് അഞ്ചുനാട്ടിലെ പ്രധാന ആകര്‍ഷണങ്ങള്‍. ക്രിസ്മസ് പുതുവല്‍സരത്തോടുള്ള അവധി ആഘോഷിക്കാനായി ദിനംപ്രതി നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ഇവിടേക്കെത്തുന്നത്.

ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പ്രദേശത്ത് അതിശൈത്യമാണ് അനുഭവപ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 5,500 അടി ഉയരത്തിലുള്ള കാന്തല്ലൂരില്‍ ഈ മാസം 5 മുതല്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസും മറയൂരില്‍ 10 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസുമായി താപനില താഴ്ന്നു. ഇപ്പോള്‍ പകല്‍വേളയിലും ശൈത്യത്തിനൊപ്പമെത്തുന്ന മഞ്ഞുവീഴ്ചയുടെ ഹരം ആസ്വദിക്കാനായി വിനോദസഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചിരിക്കുന്നത് പ്രദേശത്തെ വിനോദസഞ്ചാര മേഖലക്ക് കൂടുതല്‍ ഉണര്‍വേകിയിട്ടുണ്ട്.

Related News