പ്രകൃതി ഒരുക്കിയ വ്യത്യസ്ഥ സൗന്ദര്യത്തിന്റെയും തനത് സംസ്കാരത്തിന്റെയും അപൂർവാനുഭവമാണ് മറയൂരിലൂടെയുള്ളയാത്രയും ചന്ദന സുഗന്ധം നിറയുന്ന കാഴ്ചകളും. പശ്ചിമഘട്ട മലനിരകളുടെ കിഴക്കേ ചെരുവിൽ ആനമലയുടെ താഴ്വാരത്തിൽ തമിഴ്നാടിനോട് ചേർന്നു കിടക്കുന്ന മനോഹര ഗ്രാമമാണ് മറയൂർ. മറയൂർ എന്നാൽ മറവേദങ്ങളുടെ ഊര്, (നാട്) മറഞ്ഞിരിക്കുന്ന ഊര് എന്നാണ് പഴമക്കാരുടെ ഭാഷ്യം.
എന്നാൽ മറയൂരിലെ മറയില്ലാത്ത അപൂർവ കാഴ്ചകളാണ് ഇവിടെയെത്തിയാൽ കണ്ണിലുടക്കുക. പാണ്ഡവരുടെ ഒരു വനവാസഭൂമിയായിരുന്നു മറയൂർ എന്നാണ് ഐതീഹ്യം.
നൂറ്റാണ്ടുകൾക്കപ്പുറത്ത് ടിപ്പുസുൽത്താൻ മധുര അക്രമിച്ചപ്പോൾ ഭയന്ന് പാലായനം ചെയ്ത നാനാ ജാതി മതസ്ഥർ മറയൂർ താഴ്‌വരയിൽ ഒത്തുകൂടി പാലിയിൽ തൊട്ട് എല്ലാവരും സത്യം ചെയ്ത് ഒരു ജാതിക്കാരായി തീർന്നു. പിന്നീട് ഇവർ അഞ്ചായി പിരിഞ്ഞ് കാരയൂർ, കീഴന്തൂർ, കാന്തല്ലൂർ, കൊട്ടകുടി, മറയൂർ എന്നീ അഞ്ച് ഗ്രാമങ്ങളിൽ വാസമുറപ്പിച്ചു. ഓരോ ഗ്രാമക്കാരും തങ്ങളുടെ ഭരണാധികാരികളായി മന്ത്രി, മന്നാടി, പെരിയധനം എന്നിവരെ തിരഞ്ഞെടുത്തു. പിന്നീട് ഈ അഞ്ചു ഗ്രാമങ്ങൾ അഞ്ചുനാട് എന്ന് അറിയപ്പെട്ടു.
കോവിൽ കടവ് തെങ്കാശിനാഥ ക്ഷേത്രമാണ് മറയൂരിലെ അതിപുരാതനക്ഷേത്രം, പാലി ലിപിയിലുള്ള ശിലാ ലിഖിതങ്ങൾ ഇന്നും ഇവിടെ തെളിഞ്ഞു കാണാനാകും. മനീർ കുമ്മൻ അമ്മൻ, വെളുക്കനാച്ചി അമ്മൻ, മാരിയമ്മൻ എന്നിവരാണ് മറയൂർ നിവാസികളുടെ പ്രധാന ആരാധന മൂർത്തികൾ, ആചാര വിശേഷങ്ങളിലും തനത് പാരമ്പര്യ മുറകൾ അനുഷ്ഠിച്ചു പോ രുന്നവരാണ് ഇവർ. അതിലൊന്നാണ് ഋതുമതിയാകുന്ന പെൺകുട്ടികൾ പ്രത്യേകം തയ്യാറാക്കിയ മുട്ടു വീട്ടിൽ മൂന്നു ദിവസം നിർബന്ധമായി താമസിക്കണമെന്നത് അതുപോലെ സ്ത്രീധനം എന്നത് ഗ്രാമങ്ങളിൽ ഒരിടത്തും ഇല്ലന്നതും. കാർത്തിക നോമ്പ്, മാരിയമ്മ നോമ്പ്, കാളിയാത്ത നോമ്പ്, തൈനോമ്പ്, ശിവരാത്രി നോമ്പ്, കറുപ്പണ്ണൻ നോമ്പ് എന്നിവയാണ് മറയൂർ ഗ്രാമവാ സികൾ അനുഷ്ഠിക്കുന്ന പ്രധാന നോമ്പുകൾ. പാരമ്പര്യത്തിന്റെ തനത് സംസ്കാരം ഇന്നും മുറുകെപ്പിടിക്കുന്നവരാണ് മറയൂർ അടക്കമുള്ള അഞ്ചു നാട്ടിലെ ഗ്രാമവാസികൾ.
മൂന്നാറിൽ നിന്നും നിരവധി ഹെയർപിൻ വളവുകൾ കയറിയിറങ്ങി വേണം 42 കിലോമീറ്റർ അകലെയുള്ള മറയൂരിലെത്താൻ ഈ യാത്രയിൽ പകുതിയോളം ദൂരം ഹരിത കമ്പളം പുതച്ച തേയിലതോട്ടങ്ങളാണ്. ശേഷം തണുത്ത മന്ദമാരുതനിൽ നിറയുന്നത് മാസ്മരിക ഗന്ധമുള്ള ചന്ദനത്തിന്റേതാണ്. വഴിയോരങ്ങളിൽ ചെറു ചന്ദനമരങ്ങൾ കാറ്റിലുലഞ്ഞ് നിൽക്കുന്നത് കാണാം, ശേഷം നിബിഢ വനത്തിന് സമാനമായ ചന്ദനക്കാടുകളുടെ കാഴ്ചയാണ് കണ്ണിലുടക്കുന്നത്. ദേവവൃക്ഷമെന്നറിയപ്പെടുന്ന ചന്ദനം സ്വാഭാവികമായി വളരുന്ന കേരളത്തിലെ ഏകാസ്ഥലം കൂടിയാണ് മറയൂർ. ഇവിടുത്തെ ഗുണമേന്മയേറിയ ചന്ദനവും ചന്ദനതൈലവുമൊക്കെ പതിറ്റാണ്ടുകൾക്ക് മുമ്പേ പ്രസിദ്ധി നേടിയതാണ്.
ഏതാണ്ട് 50,000ത്തോളം വളർച്ചയെത്തിയ ചന്ദനമരങ്ങൾ ഇവിടെയുണ്ടെന്നാണ് ഏകദേശകണക്ക്. എല്ലാ വർഷവും ഇവിടെ വനം വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ചന്ദനം ഇ- ലേലത്തിൽ ടൺകണക്കിന് ചന്ദനമാണ് വിറ്റഴിയുന്നത്. കൂടാതെ ചന്ദനതൈലത്തിനും ആവശ്യക്കാരേറെയാണ്.
ചുറ്റുമുള്ള മലനിരകളിൽ തട്ടുതട്ടായി തിരിച്ചിട്ടിരിക്കുന്ന കൃഷിയിടങ്ങളാണ് മറ്റൊരു കാഴ്ച. ശീതകാല പച്ചകറികളായ കാരറ്റ്, ബീറ്റ്റൂട്ട്, ബീൻസ്, ഉരുള കിഴങ്ങ്, കാബേജ് തുടങ്ങിയവ സമൃദ്ധമായി വിളയുന്നതാണ് ഈ കൃഷിയിടങ്ങൾ. കരിമ്പിൽ പാടങ്ങളും ചോള പാടങ്ങളും, നിറഞ്ഞ മറയൂരിൽ ഉല്പാദിപ്പിക്കുന്ന മറയൂർ ശർക്കരയുടെ പേരും പെരുമയും കടലിനക്കരെ വരെ എത്തിയിട്ടുള്ളതാണ്. സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിൽ നിന്നും കരിമ്പുകൃഷി അപ്രത്യക്ഷമായപ്പോഴും മറയൂരിൽ കരിമ്പ് തഴച്ച് വളരുകയായിരുന്നു. വേറിട്ടതാണ് ഇവിടുത്തെ ശർക്കര നിർമ്മാണ രീതി.
ശിലായുഗ ചരിത്രം അനാവരണം ചെയ്യുന്നതാണ് മറയൂരിൽ കാണുന്ന നൂറുകണക്കിന് മുനിയറകൾ പരേതരെ പൂജ്യനായി സംസ്കരിച്ചിരുന്ന ഒരു ഗോത്ര ജനസംസ്തൃതിയുടെ ശേഷിപ്പുകളാണ് ഈ മുനിയറകൾ. പുരാവസ്തുഗവേഷകർക്കും പഠനക്കാർക്കും സാഹസികാന്വേഷണ സംഘങ്ങൾക്കും ജിജ്ഞാസാഭരിതരായ യാത്രാ സംഘങ്ങൾക്കും വിസ്മയം പകരുന്നതാണ് ഈ മുനിയറകൾ, കീറിയെടുത്ത പാറയുടെ ഭീമാകാരമായ പാളികൾ കൊണ്ടാണ് ഓരോ മുനിയറകളും നിർമ്മിച്ചിരിക്കുന്നത്.
ചന്ദനമരങ്ങൾ നിറഞ്ഞ കുരിശുപാറയുടെ അടിവാരത്തെത്തിയാൽ വിശാലമായ നിരവധി ഗുഹകൾ കാണാം ഇതോടൊപ്പം പാറപ്പുറങ്ങളിൽ ജലം നിറഞ്ഞുകിടക്കുന്ന വലിയ കുഴികളും കാണാനാകും. ഗുഹകളിൽ ശിലാലിഖിതങ്ങളും ചിത്രങ്ങളുമൊക്കെ തെളിഞ്ഞു കാണാം.
കുറ്റികാടുകളും കുത്തിറക്കങ്ങളും കയറ്റങ്ങളുമുള്ള പ്രദേശത്തു കൂടി കടന്നു പോകുമ്പോൾ ഒന്നിലേറെ ആനത്താരകൾ, ചോലവനത്തിലേക്ക് കടന്നാൽ വിവിധ ഇനത്തിൽപ്പെട്ട പക്ഷികൾ, കുരങ്ങുകൾ, പേരിറയാവൻ വൃഷങ്ങൾ, കാട്ടുപന്നി കൂട്ടങ്ങൾ, ചിലയവസരങ്ങളിൽ കാണാനാകുന്ന കാട്ടാനകൂട്ടങ്ങൾ, ഇവയെല്ലാമാണ് കാഴ്ചകൾ.
മറയൂർ വനത്തിലെ നയനമനോഹര കാഴ്ചയാണ് തൂവാനം വെള്ള ചാട്ടം. പലവർണജാലങ്ങളുള്ള മിനുസമാർന്ന പാറപരപ്പിലൂടെ പതഞ്ഞൊഴുകുന്ന ജല പ്രവാഹം. ജലത്തിന് മഞ്ഞുതുള്ളിയുടെ നേർമ്മയും തണുപ്പും കാടിന്റെ ഹൃദയത്തിൽ ശാന്തമനോഹരമായ വെള്ളചാട്ടം കാണുമ്പോൾ യാത്രയിലെ ക്ലേശങ്ങളെല്ലാം പമ്പ കടക്കും. മറയൂരിൽ ഒരു മാൻ പാർക്കും, രാജീവ് ഗാന്ധിചിൽഡ്രൻസ് പാർക്കുമുണ്ട്. മാനുകളും മ്ലാവുകളും ഇവിടെ ഭയരഹിതരായി തുള്ളിച്ചാടി നടക്കുന്നതു കാണാം. പാർക്കിനടുത്ത് വലിയൊരു ആൽമരമുണ്ട് ഇതിന്റെ ശിഖരങ്ങളെല്ലാം മണ്ണിലേക്ക് വേരുന്നിയാണ് നിൽക്കുന്നത് ഓരോ ഗിഖരവും ഓരോ ആൽമരമെന്ന് തോന്നും.
ആനമുടി താഴ്‌വരയിലെ അതിമനോഹരമായ കാഴ്ചകളുടെ കേദാരമായ ശിലായുഗ ‑ഗോത്രസംസ്കാര മുറങ്ങുന്ന മറയൂരിലെ ആകർഷണ കേന്ദ്രങ്ങളെക്കുറിച്ച് പുറംലോകം അറിഞ്ഞു വരുന്നതേയുള്ളൂ എന്നതാണ് യാഥാത്ഥ്യം. മറയൂരിലെത്തിയാൽ ചെന്തമിഴിന്റെ ശൈലി കേൾക്കാം, തമിഴ് സംസ്കാരത്തിന്റെ നീക്കിയിരിപ്പുകൾ കാണാം. സംസാരത്തിലും ജീവിത ശൈലിയിലും തമിഴിന്റെ സ്വാധീനം കാണാം. 108 ചതുരശ്രകിലോമീറ്റർ വിസ്തൃതിയും, 12,000ത്തോളം ജനസംഖ്യയുമുള്ള ഇവിടെ അധിവസിക്കുന്നവരിൽ ഭൂരിഭാഗവും തമിഴ് വംശജരാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.