മാന്‍ ബുക്കര്‍ പുരസ്‌കാരം പങ്കിട്ട് മാര്‍ഗരറ്റ് അറ്റ്‌വുഡും ബര്‍ണാഡിന്‍ ഇവാരിസ്റ്റോയും

Web Desk
Posted on October 15, 2019, 10:50 pm

ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി മാര്‍ഗരറ്റ് അറ്റ്വുഡും ബ്രീട്ടീഷ് എഴുത്തുകാരി ബര്‍ണാഡിന്‍ ഇവാരിസ്റ്റോയും പങ്കിട്ടു.
ദി ടെസ്റ്റാമെന്റ്‌സ്, ദ ഹാന്‍ഡ്‌മെയ്ഡ് ടെയ്ല്‍ എന്നീ കൃതികള്‍ക്കാണ് മാര്‍ഗരറ്റ് ആറ്റ്വുഡിന് അംഗീകാരം. ഗേള്‍ വുമണ്‍ അതര്‍ എന്ന പുസ്തകത്തിനാണ് ഇവാരിസ്റ്റോയുടെ ബുക്കര്‍ നേട്ടം. പുരസ്‌കാരം പങ്കിടരുതെന്ന നിയമാവലി മറികടന്നാണ് ഇത്തവണത്തെ പ്രഖ്യാപനം.

നൊബേല്‍ സമ്മാനത്തിന് ശേഷം സാഹിത്യ കൃതിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് മാന്‍ ബുക്കര്‍ പ്രൈസ്. 79 വയസുകാരിയായ അറ്റ്‌വുഡ് ഏറ്റവും പ്രായം കൂടിയ ബുക്കര്‍ പുരസ്‌കാരജേതാവ് എന്ന ഖ്യാതി സ്വന്തമാക്കിയപ്പോള്‍ ബുക്കര്‍ നേടുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയായി ഇവാരിസ്റ്റോ മാറി. മാര്‍ഗരറ്റ് അറ്റ്വുഡ് രണ്ടാം തവണയാണ് മാന്‍ ബുക്കര്‍ പുരസ്‌കാരം സ്വന്തമാക്കുന്നത്. ‘ബ്ലൈന്‍ഡ് അസാസ്സിന്‍സ്’ എന്ന പുസ്തകത്തിനാണ് അറ്റ്വുഡ് 2010 ല്‍ മാന്‍ ബുക്കര്‍ പുരസ്‌കാരം നേടിയത്. വളരെ ജനകീയമായ നോവലാണ് ദി ടെസ്റ്റാമെന്റ്‌സ്. 1986 ലെ ബുക്കറിന് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്ന ദി ഹാന്‍ഡ്‌മെയ്ഡ് ടെയ്ല്‍ എന്ന നോവലിന്റെ തുടര്‍ച്ചയാണ് ദ ടെസ്റ്റാമെന്റ്‌സ്. പന്ത്രണ്ട് കഥാപാത്രങ്ങളിലൂടെ പന്ത്രണ്ട് അധ്യായങ്ങള്‍ വികസിക്കുന്ന നോവലാണ് എവരിസ്റ്റോയുടെ ഗേള്‍ വുമണ്‍ അതര്‍. ഇതിനെ ഫ്യൂഷന്‍ ഫിക്ഷന്‍ നോവല്‍ എന്നും വിശേഷിപ്പിക്കുന്നു.

അഞ്ച് മണിക്കൂര്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുരസ്‌കാരം ഇരുവര്‍ക്കും പങ്കിടാന്‍ ജൂറി അംഗങ്ങള്‍ തീരുമാനമെടുത്തത്. രണ്ടുപേരും വിജയിക്കണമെന്ന് തങ്ങള്‍ ആഗ്രഹിച്ചതായി ജൂറി ചെയര്‍മാന്‍ പീറ്റര്‍ ഫ്‌ളോറന്‍സ് പറഞ്ഞു. ബ്രിട്ടീഷ്ഇന്ത്യന് നോവലിസ്റ്റായ സല്മാന് റുഷ്ദിയും അവസാന പട്ടികയില് ഇടം പിടിച്ചിരുന്നു. ലൂസി എല്‍മാന്‍, ചിഗോസി ഒബിയോമ, എലിഫ് ഷഫാക്ക് എന്നിവരായിരുന്നു അന്തിമപട്ടികയില്‍ ഇടംനേടിയ മറ്റ് എഴുത്തുകാര്‍. നേരത്തെയും നിയമാവലി മറികടന്ന് ബുക്കര് സമ്മാനം പങ്കിട്ടിട്ടുണ്ട്. 1974 ല്‍ നദൈന്‍ ഗോര്ഡിമര്, സ്റ്റാന്‍ലി മിഡില്‍ടണ്‍ എന്നിവര് ബുക്കര് സമ്മാനത്തിന് അര്ഹരായിരുന്നു. 1992 ലും ഇത് ആവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ 1993 ന് ശേഷം നിയമാവലി ശക്തമാക്കിയതോടെ ഒരു ജേതാവിന് മാത്രമായി ബുക്കര് സമ്മാനം നല്‍കിവരുകയായിരുന്നു.