Web Desk

ന്യൂയോര്‍ക്ക്

February 26, 2020, 10:28 pm

ടെന്നീസിനോട് വിട… മരിയ ഷറപ്പോവ വിരമിച്ചു

Janayugom Online

ടെന്നീസ് കോർട്ടിലെ റാണി മരിയ ഷറപ്പോവ വിരമിക്കൽ പ്രഖ്യാപിച്ചു. 32കാരിയായ ഷറപ്പോവ മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയാണ്. വോഗ്, വാനിറ്റി ഫെയര്‍ മാസികകള്‍ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ടെന്നീസില്‍ നിന്നും വിരമിക്കുന്ന കാര്യം ഷറപ്പോവ വെളിപ്പെടുത്തിയത്.

നിലവില്‍ ലോക റാങ്കിങ്ങില്‍ 373-ാം സ്ഥാനത്താണ് ഷറപ്പോവയുള്ളത്. തുടരെയുള്ള പരിക്കുകളാണ് ടെന്നീസില്‍ നിന്നും വിരമിക്കാനുള്ള തീരുമാനത്തിന് പിന്നില്‍. 2004ല്‍ പതിനേഴാം വയസില്‍ വിംബിള്‍ഡണ്‍ കിരീടം നേടിയതോടെയാണ് ഷറപ്പോവ ടെന്നീസ് ലോകത്തിന്റെ മുഴുവന്‍ ശ്ര­ദ്ധാകേന്ദ്രമായത്. 2015 ഓഗസ്റ്റില്‍ ഷറപ്പോവ വനിതാ സിംഗിള്‍സ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി. ഫ്രഞ്ച് ഓപ്പണില്‍ രണ്ട് തവണയും(2012, 2014) യുഎസ് ഓ­പ്പ­ണ്‍(2006), ഓസ്ട്രേലിയന്‍ ഓപ്പണ്‍(2008) എ­ന്നിവയില്‍ ഓരോ തവണയും കിരീടം നേടി ഷറപ്പോവ കരിയര്‍ ഗ്രാന്‍സ്ലാം പൂര്‍ത്തിയാക്കി.

2016ല്‍ ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് 15 മാസത്തെ വിലക്ക് നേരിട്ട ഷറപ്പോവ തിരിച്ചുവരവില്‍ ഒരു പ്രധാന ടൂര്‍ണമെന്റില്‍ മാത്രമാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയത്. ടെ­ന്നീസിന് പുറമെ ഫാഷന്‍ ലോകത്തും ഗ്ലാമര്‍ താരമായി ഷറപ്പോവ ആരാധകരുടെ മനം കവര്‍ന്നിരുന്നു. 2007 ‑ലാണ് ഷറപ്പോവ പരിക്കിന്റെ പിടിയില്‍ അകപ്പെടുന്നത്. 2008 ‑ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജയിച്ചതിന് പിന്നാലെ തോളിനേറ്റ പരിക്ക് സങ്കീര്‍ണമായി. ഇതേത്തുടര്‍ന്ന് ആ വര്‍ഷത്തെ യുഎസ് ഓപ്പണും ബെയ്ജിങ് ഒളിമ്പിക്‌സും റഷ്യന്‍ താരത്തിന് നഷ്ടമായി. 2012 ‑ല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം ജയിച്ചതിന് പിന്നാലെയാണ് ടെന്നീസില്‍ കരിയര്‍ ഗ്രാന്‍ഡ് സ്ലാം തികയ്ക്കുന്ന പത്താമത്തെ വനിതയായി ഷറപ്പോവ മാറിയത്.

Eng­lish Sum­ma­ry; Maria Shara­po­va announces retirement

YOU MAY ALSO LIKE THIS VIDEO