Saturday
16 Feb 2019

മേരിയോട് (ഒരു ജിബ്രാന്‍ സ്മരണ)

By: Web Desk | Sunday 23 December 2018 12:53 PM IST

ഇടക്കാട് സിദ്ധാര്‍ത്ഥന്‍

‘മേരീ,
പ്രണയത്തെപ്പറ്റി പറയാന്‍
ഇനി നമുക്കിടയില്‍
ഒരു വാക്കുപോലുമില്ല.
നമ്മള്‍ രുചിച്ചു നുണഞ്ഞ
മൗനങ്ങള്‍കൂടി
മരണാസന്നമായ ഭീതിയില്‍
മിഴിയടക്കുന്നുണ്ട്.
കഠിനമായ ഒരാഘാതം
പ്രണയത്തിന്റെ പിന്‍തുടര്‍ച്ചയായുണ്ടെന്ന്
നീ ഉപേക്ഷിച്ചു പോയ കാല്പാടുകള്‍
അന്നേ പറഞ്ഞതാണ്.
കാത്തിരിപ്പിന്
അര്‍ത്ഥഗര്‍ഭമായ ഒരിടവേളകൂടി
ബാക്കിയാകുമ്പോള്‍
അതോര്‍ത്തു പോകുന്നു.
സന്ധ്യ മിഴിതുടച്ചു മടങ്ങിയ വഴിയില്‍
നമ്മള്‍ ആദ്യമായി കണ്ടതിനാലാകും
കണ്ണീരിനുമാത്രം ക്ഷോഭമില്ലാത്തത്.
രാവുകള്‍ തല ചായ്ച്ചുറങ്ങാറുള്ള
പ്രണയ നോവുകളില്‍
നാം തിരഞ്ഞുകൊണ്ടിരുന്ന
സമ്മോഹനമായ സമാധാനം
നമ്മള്‍ പൊതിഞ്ഞു പിടിച്ച
അശാന്തികള്‍ക്കുള്ളില്‍
വീണുടഞ്ഞു പോയത്
നാമെങ്ങനെ അറിയാനാണ്.
നീ, കുടിച്ചുവറ്റിച്ച
എന്നിലെ ഭയാന്തകാരത്തെ
തിരഞ്ഞിറങ്ങിയ ഞാനിപ്പോള്‍
ഏകാന്തതയുടെ ഇലയനക്കങ്ങളില്‍
കാണാന്‍ കൊതിക്കുന്നത്
നീയെനിക്കേകിയ ഓര്‍മ്മകളുടെ
പുനര്‍ജനികള്‍ മാത്രമാണ്.