ശാസ്താംകോട്ടയിലെ ചന്തകുരങ്ങുകൾ പട്ടിണിയിൽ, പ്രദേശവാസികൾക്ക്‌ ശല്യമാകുന്നവയെ പിടികൂടി വനത്തിൽ വിടണമെന്ന് ആവശ്യം ശക്തം

Web Desk

കൊല്ലം

Posted on July 24, 2020, 2:54 pm

ശാസ്താം കോട്ടയിലെ ചന്ത കുരങ്ങുകൾ പട്ടിണിയിൽ. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ശാസ്താം കോട്ടയിലും നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെയാണ് കുരങ്ങുകൾ കൂട്ടത്തോടെ പട്ടിണിയിലായത്. ചരിത്രമുറങ്ങുന്ന ശാസ്താം കോട്ടയിലെ ധർമ്മശാസ്താ ക്ഷേത്രത്തിന്റെ പ്രാന്ത പ്രദേശങ്ങളിൽ സ്വൈര്യ വിഹാരം നടത്തുന്ന നൂറു കണക്കിന് കുരങ്ങുകൾ കൗതുകമുണർത്തുന്ന കാഴ്ചകളിൽ ഒന്നാണ്. മറ്റൊരു കൗതുകമുണർത്തുന്ന കാര്യം ഇവിടെ കാണപ്പെടുന്ന വാനര പടയുടെ കൂട്ടം രണ്ടു ഗ്യാങ്ങുകളായാണ് അറിയപ്പെടുന്നത് എന്നതാണ്. അതിനു പിന്നിലും വർഷങ്ങൾ പഴക്കമുള്ള രസകരമായ ഒരു കഥയുണ്ട്.

ശാസ്താംകോട്ടയിലെ ധർമ്മശാസ്താ ക്ഷേത്രത്തിന്റെ ചുറ്റുവട്ടങ്ങളിലായിരുന്നു പതിറ്റാണ്ടുകൾക്ക് മുമ്പ് കുരങ്ങുകളെല്ലാം കഴിഞ്ഞിരുന്നത്. ക്ഷേത്രത്തിലെയും ചുറ്റുപാടിലെയും ഭക്ഷണത്തോട് പൊരുത്തപ്പെടാൻ കഴിയാത്ത വാനരൻമാർ സമീപത്തെ ചന്തയിലെത്തി ഭക്ഷണം കഴിച്ചു. ചന്തയിൽ നിന്ന് ഭക്ഷണം കഴിച്ച് തിരികെ ക്ഷേത്രത്തിൽ എത്തിയവരെ അകത്തേക്ക് കയറാൻ പോയിട്ട് പരിസരത്തേക്ക് പോലും മറ്റുള്ളവർ അടുപ്പിച്ചില്ല.

ഇങ്ങനെ പണ്ട് ചന്തയിൽ ഭക്ഷണം തേടിപ്പോയവരുടെ സംഘത്തെ ചന്തകുരങ്ങുകളെന്നും ക്ഷേത്ര പരിസരത്ത് നിന്ന് മാറാതെ നിന്നവരെ അമ്പല കുരുങ്ങുകളെന്നും വിളിച്ചത് നാട്ടുകാരാണ്. ഇവരുടെ വംശ പരമ്പരകളും പഴയ അതേ വൈരാഗ്യത്തോടെയാണ് ഇന്നും കഴിഞ്ഞ് പോകുന്നത്. ചന്തകുരങ്ങുകളുടെ പിൻഗാമികളെ ഇപ്പോഴും ക്ഷേത്രത്തിനകത്ത് കയറാൻ അമ്പലക്കുരങ്ങുകൾ അനുവദിക്കാറില്ല. കോവിഡ് പിടിമുറുക്കിയതോടെ പ്രദേശത്തെ ചന്തകുരങ്ങുകളുടെ കാര്യം കഷ്ട്ടത്തിലായിരിക്കുകയാണ്. മാർച്ച് അവസാനം ലോക്ക് ഡൗൺ തുടങ്ങിയ ഘട്ടത്തിൽ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം വിവിധ സംഘടനകൾ ദിവസവും ചന്തകുരങ്ങുകൾക്ക് ഭക്ഷണം എത്തിച്ച് നൽകിയിരുന്നു. പഴങ്ങൾ, ചോറ്, പയർ എന്നിവയടങ്ങിയ ഭക്ഷണ വിതരണം അൺ ലോക്ക് പ്രക്രിയ തുടങ്ങിയതോടെയാണ് നിറുത്തി വെച്ചത്. വ്യാപാര കേന്ദ്രങ്ങളും ചന്തകളും തുറന്നതോടെ അവർക്ക് മതിയായ ഭക്ഷണം ലഭിച്ചിരുന്നു. എന്നാൽ രണ്ടാഴ്ചയിലേറെയായി നാട് പൂർണ്ണ നിശ്ചലമായതാണ് നിലവിലെ പട്ടിണിക്കാലത്തിന് ഇടയാക്കിയത്.

പൊതുവെ അക്രമ സ്വഭാവം കാണിക്കുന്നതിൽ മടിയില്ലാത്ത ചന്ത കുരങ്ങുകൾ ഭക്ഷണം കിട്ടാതായതോടെ പരിസരത്തെ കാർഷിക വിളകൾ കൂട്ടത്തോടെ നശിപ്പിക്കുകയാണ്. വീടുകളിലെ വാട്ടർ ടാങ്കുകൾ, പൈപ്പുകൾ തുടങ്ങി കയ്യിൽ കിട്ടുന്നതെന്തും നശിപ്പിക്കുന്നതും നാട്ടുകാര്ക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. ഈ ഒരു സാഹചര്യത്തിലാണ് ചന്തകുരങ്ങുകൾക്ക് ഭക്ഷണം നൽകാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ഥിരം സംവിധാനം ഒരുക്കണമെന്ന  ആവശ്യം നാട്ടുകാര്‍ മുന്നോട്ടുവെക്കുന്നത്.

അതേ സമയം ശാസ്താംകോട്ടയിലെ ചന്തക്കുരങ്ങുകളുടെ ദുരവസ്ഥയെക്കുറിച്ച്‌ ശാസ്താംകോട്ട ഠൗൺ വാർഡ്‌ മെമ്പർ ശ്രീ ദിലീപ്കുമാർ പറയുന്നത്‌ ഇങ്ങനെ: ലോക്ക്ഡൗൺ പ്രഖ്യാപിച്ച വേളയിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം അമ്പലക്കുരങ്ങുകൾക്കൊപ്പം ചന്തക്കുരങ്ങുകൾക്കും ഭക്ഷണം നൽകിയിരുന്നു. വിവിധ യുവജന സംഘടകൾ അത്‌ ഏറ്റെടുക്കുകയും ലോക്ക്ഡൗൺ പിൻവലിക്കുന്നതുവരെ അത്തരത്തിൽ ചന്തക്കുരങ്ങുകൾക്ക്‌ ഭക്ഷണം എത്തിക്കുകയും ചെയ്തിരുന്നു. ലോക്ക്ഡൗൺ പിൻവലിച്ചതിനുശേഷം എല്ലാവരും അതിൽ നിന്ന് പതിയെ പിന്മാറുകയാണുണ്ടായത്‌. ഇതോടെയാണ്‌ ഇവർ വീണ്ടും കൃഷിയിടങ്ങളിലേക്കും കിലോമീറ്ററുകൾക്കപ്പുറം പതാരം വരെയൊക്കെ എത്തുകയും ചെയ്തത്‌.

ശാസ്താംകോട്ടക്കാർക്ക്‌ പൊതുവേ വൈകാരികമായ ഒരു അടുപ്പമാണ്‌ കുരങ്ങുകളോട്‌ ഉള്ളതെങ്കിലും കൗതുകത്തിനപ്പുറം പ്രദേശവാസികൾക്ക്‌ ശല്യമാകുന്ന തരത്തിലുള്ള നീക്കങ്ങളും കുരങ്ങുകളിൽ നിന്ന് ഉണ്ടാകാറുണ്ട്‌. വിളകൾ നശിപ്പിക്കുക, കൂട്ടമായി ജനവാസ കേന്ദ്രങ്ങളിൽ എത്തുക, കുട്ടികൾക്ക്‌ ഭയമുണ്ടാക്കുക അങ്ങനെ നാട്ടുകാർക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്ന നീക്കങ്ങൾ ചന്തക്കുരങ്ങുകളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതായി പരാതിയും വരുന്നുണ്ട്‌. ഇതുമായി ബന്ധപ്പെട്ട്‌ പലതവണ സർക്കാർ വകുപ്പുകൾക്ക്‌ നിവേദനം നൽകിയിട്ടുണ്ടെന്നും ശ്രീ ദിലീപ്കുമാർ പറഞ്ഞു. വനം വകുപ്പിന്റെ നേതൃത്വത്തിൽ ഒരിക്കൽ ശാസ്താംകോട്ടയിലെ ഒരു വിഭാഗം ചന്തക്കുരങ്ങുകളെ തെന്മലയിലെ ഉൾക്കാട്ടിൽ കൊണ്ടു വിട്ടിരുന്നു. വംശവർദ്ധനവ്‌ ഉണ്ടാകുന്ന സാഹചര്യത്തിലാണ്‌ ചന്തക്കുരങ്ങുകൾ നാടിറങ്ങി പ്രശ്നം സൃഷ്ടിക്കുന്നത്‌. അത്‌ ഒഴിവാക്കാൻ വീണ്ടും ഇവയെ പിടികൂടി ഉൾവനത്തിൽ കൊണ്ടുവിടണമെന്നാണ്‌ ദിലീപ്കുമാർ പറയുന്നത്‌. വിഷയം വനം വകുപ്പ്‌ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും ശ്രീ ദിലീപ്‌ കുമാർ ‘ജനയുഗം ഓൺലൈനോട്‌’ പറഞ്ഞു.

YOU MAY ALSO LIKE THIS VIDEO