ഐക്യത്തിന് ആഹ്വാനം ചെയ്ത് മാര്‍പ്പാപ്പ

Web Desk
Posted on November 28, 2017, 11:11 pm

യാങ്കൂണ്‍: മതപരമായ ചേരിതിരിവ് വിഭാഗീയതയ്ക്കു കാരണമാകരുതെന്ന് മാര്‍പാപ്പ. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് മ്യാന്മറിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ ഓങ്‌സാന്‍ സൂചിയുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് നടത്തിയ പ്രഭാഷണത്തില്‍ രാജ്യത്ത് വംശഹത്യക്കിരയാകുന്ന റൊഹിങ്ക്യകളെ പ്രത്യേകം പരാമര്‍ശിച്ചില്ല. എല്ലാ വിഭാഗങ്ങള്‍ക്കും അഭിമാനത്തോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകണമെന്ന് റൊഹിങ്ക്യന്‍ മുസ്ലിങ്ങളെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.
മ്യാന്‍മറില്‍ സമാധാനത്തിനും സഹവര്‍ത്തിത്വത്തിനുമാണ് മാര്‍പാപ്പ ആഹ്വാനം ചെയ്തത്. സഹവര്‍ത്തിത്വത്തിന്റെയും നീതിയുടെയും അനുരഞ്ജനത്തിന്റെയും പാതയില്‍ പൊതുസമൂഹം കെട്ടിപ്പടുക്കുകയെന്നായിരുന്നു മാര്‍പാപ്പയുടെ വാക്കുകള്‍. ആഭ്യന്തര കലഹത്തിന്റെയും സംഘര്‍ഷത്തിന്റെയം കാലങ്ങളിലാണു രാജ്യം അകപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. അതേസമയം, സമാധാനം പുനഃസ്ഥാപിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. സംഘര്‍ഷങ്ങള്‍ക്കു പരിഹാരം കാണാനും സമുദായങ്ങള്‍ തമ്മില്‍ പാലം തീര്‍ക്കാനും മതങ്ങള്‍ക്കു കരുത്തുണ്ടെന്നും മാര്‍പാപ്പ ഓര്‍മിപ്പിച്ചു. വിവാദ വിഷയമായ റൊഹിങ്ക്യന്‍ പ്രശ്‌നത്തെക്കുറിച്ചു പരാമര്‍ശിക്കാതെ എന്നാല്‍ മനുഷ്യാവകാശങ്ങളെയും സഹവര്‍ത്തിത്വത്തെയും സമാധാനത്തെയും കുറിച്ച് ഓര്‍മിപ്പിച്ചുമാണ് മാര്‍പാപ്പ നീപെഡോയിലെ സുപ്രധാന സന്ദര്‍ശനം അവസാനിപ്പിച്ചത്
ഓങ് സാന്‍ സൂ ചി റൊഹിന്‍ങ്ക്യന്‍ പ്രശ്‌നത്തെക്കുറിച്ച് പരാമര്‍ശിച്ചത് ശ്രദ്ധേയമായി. മുസ്‌ലിം ന്യൂനപക്ഷ മേഖലയിലെ സംഘര്‍ഷം ആഗോള ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നുവെന്ന് സൂ ചി പറഞ്ഞു. സമാധാനപ്രക്രിയ തടസമില്ലാതെ മുന്നോട്ടു കൊണ്ടു പോകാനാണു രാജ്യത്തിന്റെ തീവ്രശ്രമം. സഹവര്‍ത്തിത്വത്തിനു തടസമുണ്ടാക്കുന്ന സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു ലോകസമൂഹത്തിന്റെ പിന്തുണ തേടുന്നതായും അവര്‍ വ്യക്തമാക്കി.
നേരത്തേ വത്തിക്കാനില്‍വെച്ച് റൊഹിങ്ക്യകള്‍ക്കുവേണ്ടി പ്രാര്‍ഥിച്ച് മാര്‍പാപ്പ അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. മ്യാന്മര്‍ സന്ദര്‍ശനത്തില്‍ റൊഹിങ്ക്യ എന്ന വാക്ക് ഉപയോഗിക്കരുതെന്ന് രാജ്യത്തെ കത്തോലിക സഭ നേതൃത്വം ആവശ്യപ്പെട്ടതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. റൊഹിങ്ക്യകളെ ‘ബംഗ്ലാദേശികള്‍’ എന്നാണ് മ്യാന്മര്‍ സര്‍ക്കാര്‍ പലപ്പോഴും വിശേഷിപ്പിക്കാറുള്ളത്.