11 February 2025, Tuesday
KSFE Galaxy Chits Banner 2

രക്തസാക്ഷികള്‍ അനശ്വരര്‍

പി എസ് സുരേഷ്
January 18, 2025 4:35 am

മധ്യതിരുവിതാംകൂറിൽ മാറ്റത്തിന് വഴിതെളിച്ച ശൂരനാട് സംഭവത്തിന് 75 വയസ്. പ്രാഥമികമായ മനുഷ്യവകാശം പോലും നിഷിദ്ധമായ വ്യവസ്ഥയ്ക്കെതിരെ ഒരു ജനസമൂഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ ധീരോദാത്തമായ പോരാട്ടവും അവിശ്വസനീയമായ ചെറുത്തുനില്പുമാണ് ശൂരനാട് സംഭവം. ഒരു നാട് മുഴുവൻ പൊലീസിന്റെ തേർവാഴ്ചയിൽ ചവിട്ടിയരയ്ക്കപ്പെട്ടു. നിരവധിപേർ രക്തസാക്ഷികളായി. പൗരസ്വാതന്ത്ര്യം പൂർണമായി ഇല്ലാതായി. മർദനമേറ്റവരുടെ എണ്ണം എത്രയെന്ന് കണക്കില്ല. ലോക്കപ്പുകളും ജയിലുകളും കൊലയറകളായി. പൊലീസിനെ ഭയന്ന് അഭയാർത്ഥികളായി നാടുവിട്ട് മറ്റിടങ്ങളിൽ അഭയം തേടിയവരും ഏറെ. സമരത്തിന് നേതൃത്വം നൽകിയെന്ന് പറഞ്ഞ് കമ്മ്യൂണിസ്റ്റ് പാർട്ടിയെയും, പാർട്ടിയോടാഭിമുഖ്യമുള്ള മുഴുവൻ സംഘടനകളേയും സർക്കാർ നിരോധിച്ചു.
ജന്മിത്തവും, അവരുടെ പിണിയാളുകളായ ഭരണകൂടവും അഴിച്ചുവിട്ട കിരാതമായ മർദനങ്ങളെയും പൗരാവകാശ ധ്വംസനങ്ങളെയും ശൂരനാട്ടെ ജനങ്ങൾ ധീരമായി നേരിട്ടു. കമ്മ്യൂണിസ്റ്റ് പാർട്ടി അതിനവർക്ക് താങ്ങും തണലുമായി. പോരാട്ടം വിജയിക്കുകതന്നെ ചെയ്തു. ജന്മിത്തത്തിന്റെ വേരറുത്ത് ജനകീയ പ്രസ്ഥാനം ചെങ്കൊടി സ്ഥാപിച്ചു. 75 വർഷം മുമ്പത്തെ ശൂരനാടും ഇന്നത്തെ ശൂരനാടും തമ്മിലുള്ള അന്തരം കാണുമ്പോഴേ സഖാക്കളുടെ ത്യാഗം എത്ര മഹത്വപൂർണമായിരുന്നുവെന്ന് മനസിലാക്കാനാകൂ. പാവപ്പെട്ട കൃഷിക്കാരും കർഷകത്തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന നാടാണ് ശൂരനാട്. 

അന്നും ഇന്നും കനകം വിളയുന്ന മണ്ണ്. കൃഷിഭൂമിയിൽ കർഷകർക്കും കർഷകത്തൊഴിലാളികൾക്കും യാതൊരു അവകാശവും അന്നില്ലായിരുന്നു. കൃഷിയോഗ്യമായ ഭൂമിയുടെ ഗണ്യമായ ഭാഗവും നാട്ടുപ്രമാണിമാരുടെ കൈവശമായിരുന്നു. അവരിൽ പ്രമുഖരായിരുന്നു തെന്നല പിള്ളമാർ. അടിമകളെപ്പോലെ പണിയെടുത്ത് നട്ടെല്ലൊടിയുന്ന ഈ കൃഷിക്കാർക്കും തൊഴിലാളികൾക്കും, രാപ്പകൽ അധ്വാനിച്ചാൽ കിട്ടുന്നത് തുച്ഛമായ കൂലി മാത്രം. തിരുവായ്ക്ക് എതിർവായില്ലാത്ത കാലം. തീണ്ടലും തൊടീലും സാർവത്രികമായിരുന്നു. മുണ്ടുടുക്കാനും മുടി മുറിയ്ക്കാനും മീശ വയ്ക്കാനും വഴി നടക്കാനും, എന്തിന് പാത്രത്തിൽ കഞ്ഞി കുടിക്കാൻ പോലും അവകാശമില്ലായിരുന്നു. സ്ത്രീകൾ ഉൾപ്പെടെ എല്ലാം ജന്മിമാരുടെ സ്വകാര്യസ്വത്തായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഒളിവിൽ പ്രവർത്തിക്കുന്ന കാലം. ജനാധിപത്യ യുവജന സംഘടനയുടെ പേരിലാണ് പ്രവർത്തനം നടന്നിരുന്നത്. ശൂരനാട്ടും സംഘടനയുടെ ശക്തമായ ഒരു ഘടകം പ്രവർത്തിച്ചുതുടങ്ങി. പ്രാദേശിക പ്രശ്നങ്ങളിൽ യുവാക്കൾ സജീവമായി ഇടപെടാൻ തുടങ്ങിയപ്പോൾ ജന്മിമാർക്ക് സഹിച്ചില്ല. അന്ന് ആരെയെങ്കിലും പ്രതിയാക്കാനും, കുറ്റം സ്ഥാപിക്കാനും അവർ കമ്മ്യൂണിസ്റ്റുകാരാണെന്ന് മുദ്രകുത്തിയാൽ മതി. ഈ ചെറുപ്പക്കാരും അങ്ങനെ മുദ്രകുത്തപ്പെട്ടു. പാർട്ടി നേതാക്കളായ പുതുപ്പള്ളി രാഘവൻ, ശങ്കരനാരായണൻ തമ്പി, തോപ്പിൽ ഭാസി, സി കെ കുഞ്ഞുരാമൻ തുടങ്ങിയവർ ഇവരുമായി ബന്ധം സ്ഥാപിച്ചു. പലതവണ അവർ അവിടെ ക്യാമ്പു ചെയ്ത് കാര്യങ്ങൾ ചർച്ച ചെയ്തു. നടേവടക്കതിൽ പരമുനായർ, കളയ്ക്കാട്ടുതറ പരമേശ്വരൻ നായർ, പായ്ക്കാലിൽ ഗോപാലപിള്ള, പായ്ക്കാലിൽ പരമേശ്വരൻ നായർ, കോതേലിൽ വേലായുധൻ നായർ, അയണിവിള കുഞ്ഞുപിള്ള, പോണാൽ തങ്കപ്പക്കുറുപ്പ്, അമ്പിയിൽ ജനാർദനൻ നായർ, മഠത്തിൽ ഭാസ്കരൻ നായർ, ചാത്താൻകുട്ടി ചെറപ്പാട്ട് തുടങ്ങിയവരായിരുന്നു ആ യുവസംഘത്തിലുണ്ടായിരുന്നത്. ജന്മിമാരുടെ മുഷ്കിനെ വെല്ലുവിളിക്കാൻ ഇവർ തയ്യാറായതോടെ അന്തരീക്ഷം സംഘർഷഭരിതമായി. പുന്നപ്ര — വയലാർ ദിനാചരണം ശൂരനാട് നടത്തണമെന്ന് അവര്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി ഒരു പ്രകടനമാണ് നിശ്ചയിച്ചത്. ശൂരനാട് കണ്ട ആദ്യത്തെ ചെങ്കൊടി പ്രകടനം. വിരലിലെണ്ണാവുന്നവർ മാത്രമാണ് പങ്കെടുത്തത്. പക്ഷേ ഹാലിളകിയ ജന്മിമാരും അവരുടെ ഗുണ്ടകളും ചേർന്ന് പ്രകടനത്തിൽ പങ്കെടുത്തവരെ കല്ലെറിഞ്ഞോടിച്ചു. ചെങ്കൊടി പിടിച്ചുവാങ്ങി കത്തിച്ചു. കമ്മ്യൂണിസം നശിച്ചുവെന്ന് അക്രമികൾ ആർത്തുവിളിച്ചു. യുവാക്കൾ അടങ്ങിയില്ല. ഏതാനും ദിവസം കഴിഞ്ഞപ്പോൾ അതേസ്ഥലത്തുകൂടി വീണ്ടും പ്രകടനം നടത്തി. ആ പ്രകടനത്തിന്റെ പിന്നിൽ വള്ളികുന്നത്തു നിന്ന് പേരൂർ മാധവൻപിള്ളയുടെ നേതൃത്വത്തിൽ ഏതാനുംപേർ ഉണ്ടെന്ന് കണ്ട ഗുണ്ടകൾ ഭയന്നുപിന്മാറി. വിജയകരമായ ആ പ്രകടനത്തോടെ ജന്മിമാർ യുവാക്കളുടെ പേരിൽ കള്ളക്കേസ് കൊടുത്തു. പൊലീസ് പ്രതികളെ തിരഞ്ഞ് അവിടെയൊക്കെ കയറിയിറങ്ങി. കണ്ണിൽ കണ്ടവരെയൊക്കെ തല്ലി. യുവാക്കൾ ഒളിവിലായി. പകൽസമയം അവർ സമീപസ്ഥലങ്ങളിലേക്ക് മാറിനിൽക്കും. രാത്രിയിലേ വീടുകളിലെത്താറുള്ളു. 

ഉള്ളന്നൂർകുളം, ശൂരനാട് കിഴകിട ഏലയുടെ തെക്കേഅരിക് ചേർന്ന് കിടക്കുന്ന ഒരു പൊതുകുളമാണ്. പൊതുജനങ്ങൾ ഉപയോഗിക്കുന്ന ഈ കുളം പൊടുന്നനേ ഒരാൾ ലേലത്തിൽ പിടിച്ചു. തെന്നല ഗോപാലപിള്ളയുടെ പ്രേരണയാലാണിത് ചെയ്തത്. അന്നോളം പൊതുജനങ്ങൾ ഒന്നിച്ചിറങ്ങി മീൻ പിടിച്ച് പങ്കിട്ടെടുക്കുന്ന പതിവ് അങ്ങനെ തെറ്റി. ഇത് പരിസരവാസികളെ രോഷാകുലരാക്കി. അവർ കുളത്തിലിറങ്ങി മീൻ പിടിച്ചു. ലേലം പിടിച്ചയാൾ പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി. ജന്മിഗൃഹത്തിൽ ക്യാമ്പ് ചെയ്തു. തീറ്റയും കുടിയും സൽക്കാരവും കഴിഞ്ഞ് അർധരാത്രിയോടെ പ്രതികളെ തെരയാൻ അവരുടെ കൂരകളിലേക്ക് നീങ്ങി. ജന്മിമാരും അനുചരന്മാരും ചൂട്ടുവീശി വഴികാട്ടിക്കൊടുത്തു. പായ്ക്കാലിൽ വീട്ടിലേക്കാണ് അവർ ആദ്യം ചെല്ലുന്നത്. അവിടെ സ്ത്രീകളും കുഞ്ഞുങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളു. ഗോപാലപിള്ളയും പരമേശ്വരൻ നായരും മറ്റ് സഖാക്കളോടൊപ്പം മാറിനിൽക്കുകയായിരുന്നു. പൊലീസുകാർ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ശല്യപ്പെടുത്താൻ തുടങ്ങി. കൂട്ടനിലവിളിയായപ്പോൾ അയൽക്കാരും ദൂരെ മാറിനിന്നിരുന്ന സഖാക്കളും രംഗത്തെത്തി. പൊലീസുമായി ഏറ്റുമുട്ടി. സംഘട്ടനത്തിൽ ഇൻസ്പെക്ടർ ഉൾപ്പെടെ നാല് പൊലീസുകാർ മരിച്ചു. എതിർഭാഗത്ത് നിരവധി സഖാക്കൾക്ക് പരിക്കുപറ്റി. പലരുടെയും നില മാരകമായിരുന്നു.
1950 ജനുവരി ഒന്ന്. പുതുവർഷം പിറന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയും ബഹുജന സംഘടനകളും നിരോധിച്ചെന്ന വാർത്ത കേട്ടുകൊണ്ടാണ്. മുഖ്യമന്ത്രി ടി കെ നാരായണപിള്ള സ്ഥലത്തു വന്ന് ശൂരനാട് എന്നൊരു നാട് ഇനി വേണ്ട എന്ന് പ്രഖ്യാപിച്ചു. പിന്നീട് അവിടെ നടന്നത് നരനായാട്ടാണ്. പൊലീസ് സ്ഥിരം ക്യാമ്പ് തുടങ്ങി. സംശയമുള്ളവരെയൊക്കെ ക്യാമ്പിൽ കൊണ്ടുപോയി ഭേദ്യം ചെയ്തു. വൃദ്ധരെന്നോ സ്ത്രീകളെന്നോ, കുട്ടികളെന്നോ ഭേദമില്ലാതെ പീഡനത്തിന് വിധേയരാക്കി. 

കമ്മ്യൂണിസ്റ്റുകാരനല്ലെങ്കിലും സ്ഥലത്തെ ഏത് നല്ലകാര്യങ്ങൾക്കും മുന്‍പന്തിയിൽ നിന്നിരുന്ന ആളായിരുന്നു തണ്ടാശേരി രാഘവൻ. ജന്മിമാരുടെ കൊള്ളരുതായ്മയെ പരസ്യമായി ചോദ്യം ചെയ്തതോടെ അദ്ദേഹം അവരുടെ കണ്ണിലെ കരടായി. തണ്ടാശേരിയെ കമ്മ്യൂണിസ്റ്റെന്ന് മുദ്ര കുത്തി ലോക്കപ്പിലടച്ചു. അതിഭീകരമായ മർദനമാണ് അടൂർ ലോക്കപ്പിൽ അദ്ദേഹം ഏറ്റുവാങ്ങിയത്. മർദനത്തിനൊടുവിൽ അദ്ദേഹം മരിച്ചു; ശൂരനാട്ടെ ആദ്യ രക്തസാക്ഷിയായി. 1950 ജനുവരി 18നായിരുന്നു മരണം. അതിനാൽ ജനുവരി 18 രക്തസാക്ഷിദിനമായി ആചരിച്ചുവരുന്നു.
പായ്ക്കാലിൽ ഗോപാലപിള്ള, കളയ്ക്കാട്ടുതറ പരമേശ്വരൻ നായർ, മഠത്തിൽ ഭാസ്കരൻ നായർ, കാഞ്ഞിരപ്പള്ളി വടക്ക് പുരുഷോത്തമ കുറുപ്പ് എന്നിവരെ ലോക്കപ്പിലും ജയിലിലും വച്ച് മർദിച്ചുകൊന്നു. പുന്തിലേത്ത് വാസുപിള്ള, മലമേൽ കൃഷ്ണപിള്ള സാർ, കാട്ടൂർ ജനാർദനൻ നായർ എന്നിവർ ക്രൂരമായ മർദനമേറ്റ് ജയിൽ വിമോചിതരായി ഏതാനും ദിവസം കഴിഞ്ഞപ്പോൾ മരിച്ചു. ചാലിത്തറ കുഞ്ഞച്ചൻ, പായ്ക്കാലിൽ രാമൻ നായർ എന്നിവരെപ്പറ്റി ഇന്നോളം ആർക്കും അറിവില്ല. അവരെയും പൊലീസ് കൊന്ന് കുഴിച്ചുമൂടിയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.
ആർ ശങ്കരനാരായണൻ തമ്പി, തോപ്പിൽ ഭാസി, ചേലക്കോട്ടേത്ത് കുഞ്ഞിരാമൻ, പേരൂർ മാധവൻ പിള്ള. പനത്താഴ രാഘവൻ, നടേവടക്കതിൽ പരമുനായർ, പായ്ക്കാലിൽ പരമേശ്വരൻ നായർ, കോതേലിൽ വേലായുധൻ നായർ, ചാത്തൻകുട്ടി ചെറപ്പാട്ട്, അമ്പിയിൽ ജനാർദനൻ നായർ, അയണിവിള കുഞ്ഞുപിള്ള, പോണാൽ തങ്കപ്പ കുറുപ്പ്, വിളയിൽ ഗോപാലൻ നായർ എന്നിവരുള്‍പ്പെടെ 26 പ്രതികൾ. അവരാരും ഇന്ന് നമ്മോടൊപ്പമില്ല. എങ്കിലും കെടാത്ത ആവേശമായി അവർ ജ്വലിച്ചുനിൽക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.