25 April 2024, Thursday

കടലിന്റെ മാറ്റത്തിൽ പവിഴ വിസ്മയങ്ങൾക്കും മരണമണി

ടി കെ അനിൽകുമാർ
October 7, 2021 6:24 am

അനുദിനം ഉയർന്ന് പൊങ്ങുന്ന കടലിന്റെ ചൂടിൽ പവിഴ വിസ്മയങ്ങൾക്കും മരണ മണി. ഇതോടെ നിരവധി മത്സ്യങ്ങൾക്ക് നഷ്ടമാകുന്നത് പാർപ്പിടവും ഭക്ഷണവും കൂടിയാണ്. കാലാവസ്ഥാ വ്യതിയാനം മൂലം കടലിന്റെ ചൂട് കൂടുമ്പോൾ പവിഴ പുറ്റുകൾ അവയുടെ ശരീരത്തിലെ സുസാന്തില്ലകളെന്ന ഭക്ഷണ നിർമാതാക്കളായ സൂക്ഷ്മ ജീവികളെ തള്ളി പുറത്താക്കും. ഇവയാണ് പവിഴ പുറ്റുകൾക്ക് നിറം നൽകുന്നത്. ഇതോടെ നിറം മങ്ങി അവയ്ക്ക് വെള്ള നിറം കൈവരും. ഈ പ്രക്രിയയെ കോറൽ ബ്ലീച്ചിങ് ( വെളുക്കൽ ) എന്നാണ് ശാസ്ത്ര ലോകം വിശേഷിപ്പിക്കുന്നത്. ഓരോ പവിഴപുറ്റും അനേകയിനം മത്സ്യങ്ങളുടെയും കക്ക ഇനത്തിൽപെട്ട ജീവികളുടെയും ആവാസ കേന്ദ്രവുമാണ്. ചെറിയ മത്സ്യങ്ങളെയാണ് ഇവ ഏറെ ബാധിക്കുക. അതിനാൽ മത്സ്യങ്ങളുടെ വംശ നാശത്തിനും ഇത് കാരണമാകുന്നു. സമുദ്ര ആവാസ വ്യവസ്ഥയുടെ പ്രധാന ഘടകമായ പവിഴ പുറ്റുകളിലാണ് 25 ശതമാനം കടൽ ജീവികളും പാർക്കുന്നത്.

കേരളത്തിലെ വിഴിഞ്ഞം അടക്കമുള്ള തീര പ്രദേശങ്ങളിലും കോറൽ ബ്ലീച്ചിങ് വ്യാപകമാണെന്ന് ഗവേഷകർ കണ്ടെത്തിയിരുന്നു. പവിഴപ്പുറ്റിന്റെ വ്യാപനം വർധിപ്പിക്കുന്ന ഗോണിയ സ്ട്രീ ഇനത്തിൽ പെട്ടവയിലാണ് ബ്ലീച്ചിങ് കണ്ടെത്തിയത്. ഹരിത വാതകങ്ങളുടെ പുറം തള്ളലും കനത്ത തണുപ്പും ബ്ലീച്ചിങ് ഉണ്ടാക്കുന്ന മറ്റ് കാരണങ്ങളാണ്. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ആയിരുന്ന ഡോ. ജാസ്മിന്റെ പ്രബന്ധത്തിൽ വിഴിഞ്ഞം പ്രദേശത്ത് ഒൻപതിനം പവിഴപ്പുറ്റുകൾ ഉണ്ടെന്ന് വ്യക്തമാക്കുന്നു. കോറൽ ബ്ലീച്ചിങ്ങിന്റെ ഭാഗമായി അളവിൽ കുറവ് വന്നിട്ടുണ്ടെന്നും പ്രബന്ധത്തിൽ പറയുന്നു. സസ്യങ്ങളോടും പൂക്കളോടും സാമ്യമുണ്ടെങ്കിലും ജന്തു വിഭാഗങ്ങളിൽ പെട്ടവയാണ് പവിഴ പുറ്റുകൾ. കാൽസ്യം കാർബണേറ്റ് കൊണ്ട് ഉണ്ടാക്കിയ ശക്തമായ ചട്ടക്കൂട് ഇവയുടെ പ്രത്യേകതയാണ്. കടൽ പരപ്പിന്റെ ഒരു ശതമാനം വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന ഇവ സംരക്ഷിക്കുന്നത് കടലിലെ നാലിലൊന്നോളം ജീവ ജാലങ്ങളെ. സമുദ്ര ജലത്തിന്റെ ഉയർച്ചയിലും ചൂടിലും പവിഴ പുറ്റുകളും ഭീഷണിയിലാണ്.

ലോകത്തെ ഏറ്റവും വലിയ പവിഴ പുറ്റുകളുടെ ശൃംഖലയായ ഗ്രേറ്റ് ബാരിയർ റീഫുകൾ വംശനാശ ഭീഷണിയിലാണെന്ന് കഴിഞ്ഞ വർഷം യുനെസ്കോ പുറത്തുവിട്ട കണക്കുകൾ വെളിപ്പെടുത്തുന്നു. ഓസ്ട്രേലിയയിലെ ക്യുൻസ് ലൻഡ് തീരത്തിനോട് അടുത്ത് ആണ് ഇവ സ്ഥിതി ചെയ്യുന്നത്. ചെറിയ താപനില മാറ്റങ്ങളെ മാത്രമേ പ്രകൃത്യായുള്ള ഏഴ് ലോകാ മഹാത്ഭുതങ്ങളിൽ ഒന്നായ ഇവയ്ക്ക് അതിജീവിക്കാനാകൂ. സമുദ്ര ജലത്തിന്റെ താപനില വർധിക്കുന്നത് ഉഷ്ണ മേഖലാ പവിഴ പുറ്റുകളുടെ നാശങ്ങൾക്ക് വഴിയൊരുക്കും. സമുദ്രത്തിലെ ചൂടിന്റെ അളവ് കൂടുന്നത് കൂടാതെ കാർബൺ ഡയോക്സൈഡ് അധികമായി ലയിച്ച് ചേരുന്നതിലൂടെ സമുദ്ര ജലത്തിന് അമ്ലത്വമേറുന്നതും പവിഴപുറ്റുകളുടെ നിലനിൽപ്പിനെ തന്നെ ഗുരുതരമായി ബാധിക്കുന്നു. സമുദ്രത്തിലെ ഭക്ഷ്യ ശൃംഖലയെയും പവിഴ പുറ്റുകളുടെ തിരോധാനം അവതാളത്തിലാക്കും.
(അവസാനിച്ചു)
‘മാറുന്ന കടലും മാറാത്ത മനുഷ്യരും’
പരമ്പരയോടുള്ള പ്രതികരണങ്ങൾ നാളെ
eng­lish summary;marunna kadalum maratha manush­yarum seg­ment 4
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.