പ്രതിസന്ധി രൂക്ഷം: മാരുതി സുസുകി രണ്ട് പ്ലാന്റുകളിലെ പ്രവര്‍ത്തനം നിര്‍ത്തുന്നു

Web Desk
Posted on September 04, 2019, 2:59 pm

ന്യൂഡല്‍ഹി: സാമ്പത്തികമാന്ദ്യത്തില്‍ രാജ്യത്തെ  വാഹന നിര്‍മാണ മേഖല കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെ പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി  സുസുകി രണ്ട് പ്ലാന്റുകളുടെ പ്രവര്‍ത്തനം രണ്ട് ദിവസത്തേക്ക് നിര്‍ത്തിവയ്ക്കുന്നു.
ഗുരുഗ്രാം, മനേസര്‍ പ്ലാന്റുകളാണ് രണ്ടു ദിവസത്തേക്ക് നിര്‍ത്തിവയ്ക്കുന്നത്. കാര്‍ നിര്‍മാതാക്കള്‍ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് (ബിഎസ്ഇ) നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. ഈ മാസം ഏഴിനും ഒമ്പതിനും പ്ലാന്റുകള്‍ പ്രവര്‍ത്തിക്കില്ലെന്നാണ് മാരുതി സുസുകി അറിയിച്ചിരിക്കുന്നത്.
മാരുതി സുസുകിയുടെ വില്‍പന കഴിഞ്ഞ ഏഴു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ജൂലൈ മാസത്തിലെ വില്‍പന 36 ശതമാനമാണ് കുറഞ്ഞത്. ചെറിയ മോഡലുകളായ ആള്‍ട്ടോ, വാഗണ്‍ ആര്‍ എന്നിവയുടെ വില്‍പനയില്‍ 69 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കാളാണ് സുസുകി. രാജ്യത്ത് വില്‍ക്കുന്ന മൂന്നില്‍ രണ്ട് വാഹനങ്ങളും സുസുകിയുടേതാണ്.
രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ ഹ്യൂണ്ടായിയുടെ വില്‍പന 10 ശതമാനം കുറഞ്ഞു. പുതിയതായി ഇറക്കിയ വെന്യ അടക്കമുളള വാഹനങ്ങളാണ് കനത്ത തകര്‍ച്ചയില്‍ നിന്നും ഹ്യൂണ്ടായിയെ രക്ഷിച്ചത്. ഹോണ്ടയുടെ വില്‍പനയില്‍ 49 ശതമാനം കുറവുണ്ടായി. ടയോട്ടയുടെ ജൂലൈ മാസത്തിലെ വില്‍പനയില്‍ 24 ശതമാനമാണ് ഇടിവ്. മഹീന്ദ്രയുടെ വില്‍പ്പന 15 ശതമാനവും കുറഞ്ഞു. ഇരുചക്ര വാഹന വിപണിയും കടുത്ത പ്രതിസന്ധിയിലാണ്.
രാജ്യത്തിന്റെ സാമ്പത്തികരംഗം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ജിഡിപി വളര്‍ച്ച അഞ്ച് ശതമാനത്തിലേക്ക് വീണതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഓഹരി വിപണിയും തകര്‍ന്നിരുന്നു. രൂപയുടെ മൂല്യത്തിലും വന്‍ ഇടിവാണ് നേരിടുന്നത്.