7 December 2024, Saturday
KSFE Galaxy Chits Banner 2

വിജയരഥമേറുന്ന കര്‍ഷക പ്രക്ഷോഭവും മാപ്പിരക്കുന്ന മോഡിയും

വി പി ഉണ്ണികൃഷ്ണന്‍
മറുവാക്ക്
November 26, 2021 7:20 am

ഇന്ന് നവംബര്‍ 26. കര്‍ഷകര്‍ രാജ്യതലസ്ഥാനമായ ഇന്ദ്രപ്രസ്ഥത്തിലേക്ക് ഇരമ്പിയാര്‍ക്കുവാന്‍ തുടങ്ങിയിട്ടും അവരെ അതിര്‍ത്തികളില്‍ തളച്ചിടാന്‍ തുടങ്ങിയിട്ടും ഭരണകൂട മര്‍ദ്ദനോപകരണങ്ങള്‍ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ തുടങ്ങിയിട്ടും ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. ലക്ഷോപലക്ഷം വായനക്കാരുടെ കൈകളിലെത്തിയ, റഷ്യന്‍ വിപ്ലവത്തെ കുറിച്ച് ജോണ്‍റീഡ് അനുഭവ സാക്ഷ്യങ്ങളിലൂടെ രചിച്ച ‘ലോകത്തെ പിടിച്ചുകുലുക്കിയ പത്ത് ദിവസങ്ങള്‍’ എന്ന ഗ്രന്ഥത്തിന്റെ ആദ്യ അധ്യായത്തിന്റെ ശീര്‍ഷകം ‘ആസന്നമായ കൊടുങ്കാറ്റ്’ എന്നാണ്. ഒരു വര്‍ഷം പിന്നിടാന്‍ പോകുന്ന ഇന്ത്യന്‍ കര്‍ഷകരുടെ ജീവന്മരണ പോരാട്ടം വര്‍ഗീയ ഫാസിസ്റ്റ് സ്വേച്ഛാധിപത്യ, ജനാധിപത്യ ധ്വംസകരുടെ സാമ്രാജ്യത്വ കോര്‍പറേറ്റ് മുതലാളിത്ത നയങ്ങള്‍ക്കെതിരായി വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ ആമുഖമെഴുത്താണ്. കോവിഡ് മഹാമാരിയുടെ കാലത്ത് രാജ്യമാകെ അടഞ്ഞുകിടക്കുമ്പോള്‍ നരേന്ദ്രമോഡി പാര്‍ലമെന്റ് വിളിച്ചുകൂട്ടി മൂന്ന് കാര്‍ഷിക മാരണ നിയമങ്ങള്‍ പാസാക്കുകയായിരുന്നു. കര്‍ഷകവിരുദ്ധവും കാര്‍ഷിക മേഖലയെ കുത്തകവല്ക്കരണത്തിലൂടെ സമ്പൂര്‍ണമായി പണയപ്പെടുത്തുകയും ചെയ്യുന്ന മാരണ നിയമങ്ങള്‍ക്കെതിരായി പാര്‍ലമെന്റില്‍ ശബ്ദിച്ചതും പ്രതിഷേധിച്ചതും ഇടതുപക്ഷം മാത്രമാണ്. കോണ്‍ഗ്രസ് ലോക്സഭയിലും രാജ്യസഭയിലും നിശബ്ദമായിരുന്നു. കര്‍ഷകരുടെ ഐതിഹാസിക പ്രക്ഷോഭം തുടങ്ങിയപ്പോഴും കോണ്‍ഗ്രസ് അതിനൊപ്പമില്ലായിരുന്നു. വയനാട്ടിലും ഡല്‍ഹിയിലും രാഹുല്‍ഗാന്ധി നടത്തിയ അര കിലോമീറ്റര്‍ ട്രാക്ടര്‍ യാത്രയുടെ അപഹാസ്യ നാടകങ്ങളും പ്രസ്താവനകളും മാത്രമാണ് കോണ്‍ഗ്രസില്‍ നിന്നുണ്ടായത്. മന്‍മോഹന്‍സിങിന്റെ രണ്ടാം യുപിഎ സര്‍ക്കാര്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടിരുന്ന നിയമങ്ങളാണ് തങ്ങള്‍ അവതരിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി ബിജെപിയും നരേന്ദ്രമോഡിയും കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുകയും ചെയ്തു. ഇന്ത്യയെ വില്പനയ്ക്കു വച്ചിരിക്കുന്ന നരേന്ദ്രമോഡി മൂന്ന് കാര്‍ഷിക മാരണ നിയമങ്ങളിലൂടെ രാജ്യത്തെ കാര്‍ഷികമേഖലയെയും കുത്തക മുതലാളിമാര്‍ക്ക് തീറെഴുതുവാന്‍ ശ്രമിക്കുകയായിരുന്നു. അംബാനിമാരും അഡാനിമാരും നമ്മുടെ പാടവരമ്പുകളില്‍ വന്നു നില്ക്കുകയും ഏത് വിത്തെറിയണമെന്ന് നിശ്ചയിക്കുകയും ചെയ്യുന്ന വിപത്കര കാലത്തെയാണ് സംഘപരിവാര്‍ ഭരണകൂടം ലക്ഷ്യമിട്ടത്. കുത്തക മുതലാളിമാര്‍ വിളകളുടെ വില നിശ്ചയിക്കുകയും സംഭരിക്കുകയും അവരുടെ ഗോഡൗണുകളില്‍ ശേഖരിക്കുകയും അവരുടെതന്നെ വമ്പന്‍ മാളുകളിലൂടെ വിറ്റഴിക്കുകയും ഗ്രാമീണ ചന്തകള്‍ അപ്രത്യക്ഷമാവുകയും ചെയ്യുന്ന കരിനിയമങ്ങളാണ് കൊണ്ടുവന്നത്. 1991 ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പിലാക്കിയ നവ ഉദാരവല്കരണ — സ്വകാര്യവല്കരണ — ആഗോളവല്കരണ നയങ്ങളുടെ പ്രതിഫലനമായി കര്‍ഷക രാഷ്ട്രമായ ഇന്ത്യ തകരാന്‍ തുടങ്ങി. പ്രതിദിനം രണ്ടായിരത്തിലേറെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന ദുരന്തഭൂമിയായി ഇന്ത്യ മാറി. അന്ന് അതിനെതിരെ ശബ്ദിച്ച പാര്‍ട്ടിയാണ് ബിജെപി. ആര്‍എസ്എസ്, സ്വദേശി ജാഗരണ്‍ മഞ്ച് എന്ന പ്രസ്ഥാനം തന്നെ ആരംഭിച്ചു. 2014 ല്‍ നരേന്ദ്രമോഡി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അരങ്ങേറുമ്പോള്‍ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനം സ്വദേശിവല്ക്കരണമാണ്. പെട്രോളിന്റെ വില നിര്‍ണയാവകാശം എണ്ണ മുതലാളിമാരില്‍ നിന്ന് തിരിച്ചെടുത്ത് കാബിനറ്റില്‍ നിക്ഷിപ്തമാക്കി ഒരു ലിറ്റര്‍ പെട്രോളിന് 50 രൂപയ്ക്ക് താഴെയെത്തിക്കുമെന്നും കള്ളപ്പണം പിടികൂടി ഓരോരുത്തര്‍ക്കും 15 ലക്ഷം രൂപ ലഭ്യമാക്കുമെന്നുമായിരുന്നു വാഗ്ദാനപ്പെരുമഴകള്‍. പക്ഷേ, ഡീസലിന്റെ വിലനിര്‍ണയാവകാശം കൂടി മോഡി സര്‍ക്കാര്‍ മുതലാളിമാര്‍ക്ക് കൈമാറി. ഇന്നിപ്പോള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില സെഞ്ച്വറി കടന്നു. ഗാര്‍ഹിക ഉപഭോഗത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1000 കടന്നു. വാണിജ്യ സിലിണ്ടറുകളുടെ വില 2500 കടന്നു. അധികാരത്തിലെത്തിയപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാരിനേക്കാള്‍ തീവ്രതയോടെ നവലിബറല്‍ നയങ്ങളും കുത്തകവല്ക്കരണവും നടപ്പാക്കുവാന്‍ തുടങ്ങി. അതിന്റെ ഭാഗമായി വിമാനത്താവളങ്ങളും റയില്‍വേ സ്റ്റേഷനുകളും തുറമുഖങ്ങളും കപ്പല്‍ശാലകളും നവരത്‌നങ്ങളായ വ്യവസായങ്ങളും പൊതുമേഖലാ ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും കുത്തകകള്‍ക്ക് തീറെഴുതുന്നു. അതിന്റെ തുടര്‍ച്ചയായി കാര്‍ഷിക മേഖലയെയും കുത്തകകള്‍ക്ക് തീറെഴുതുകയായിരുന്നു ലക്ഷ്യം.


ഇതുകൂടി വായിക്കാം; കർഷക സമരം കൂടുതൽ ശക്തിപ്പെടുത്താനൊരുങ്ങി സംയുക്ത കിസാൻ മോർച്ച


കര്‍ഷകരെ ആത്മഹത്യാ മുനമ്പിലേക്ക് തള്ളിയിടുന്നതിനെതിരായ ഐതിഹാസിക പ്രക്ഷോഭമാണ് സ്വാതന്ത്ര്യ ലബ്ധിക്കുശേഷം ഇന്ത്യകണ്ട ഏറ്റവും വലിയ കര്‍ഷക പ്രക്ഷോഭം. 631 കര്‍ഷകര്‍ സമരഭൂമിയില്‍ കൊടും ശൈത്യത്തിലും കൊടും വേനലിലും പിടഞ്ഞുവീണു മരിച്ചു. കൈക്കുഞ്ഞുങ്ങള്‍ മുതല്‍ വന്ദ്യവയോധികര്‍ വരെ പ്രക്ഷോഭത്തില്‍ അണിചേര്‍ന്നു. കര്‍ഷക പ്രക്ഷോഭകാരികളെ ഖാലിസ്ഥാന്‍ വാദികളെന്നും പാകിസ്ഥാന്‍ ചാരന്മാരെന്നും രാജ്യദ്രോഹികളെന്നും മുദ്രകുത്തി അധിക്ഷേപിക്കുകയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു. ബിജെപി ഭരിക്കുന്ന അസമിലും ഹരിയാനയിലും കര്‍ഷക പ്രക്ഷോഭകാരികളെ വെടിവച്ചുകൊന്നു. ലാത്തിച്ചാര്‍ജിനിടയില്‍ സുശീല്‍കുമാര്‍ എന്ന വന്ദ്യവയോധിക കര്‍ഷകനെ ഹരിയാനാ പൊലീസ് കൊന്നുതള്ളി. ആദിത്യനാഥ് അടക്കിവാഴുന്ന ഉത്തര്‍പ്രദേശിലെ ലഖിംപുരില്‍ സമാധാനപരമായി സമരം നടത്തിയിരുന്ന കര്‍ഷകര്‍ക്കു നേരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ പുത്രന്‍ ആശിഷ് മിശ്ര വാഹനമിടിച്ചുകയറ്റിയും വെടിയുതിര്‍ത്തും നാലു കര്‍ഷകരെയും ഒരു മാധ്യമ പ്രവര്‍ത്തകനെയും കൊന്നുതള്ളി. ഡല്‍ഹി ട്രാക്ടര്‍ മാര്‍ച്ചിനിടയില്‍ സംഘ്പരിവാര പ്രതിനിധികള്‍ നുഴഞ്ഞുകയറുകയും കര്‍ഷക പ്രക്ഷോഭം രാജ്യദ്രോഹികളുടെ പ്രക്ഷോഭമാണെന്ന് ചെങ്കോട്ടയില്‍ ഒരു മതപതാക ഉയര്‍ത്തി സ്ഥാപിക്കുവാനും ദുരൂഹ പ്രവര്‍ത്തനം നടത്തി. എന്നിട്ടും കര്‍ഷകര്‍ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തി വിജയരഥത്തിലേറുകയാണ്. ഗുരുനാനാക്ക് ജയന്തി ദിനത്തില്‍ മൂന്ന് കാര്‍ഷിക മാരണ നിയമങ്ങള്‍ പിന്‍വലിക്കുമെന്നും ഇന്ത്യന്‍ ജനതയോട് മാപ്പിരക്കുന്നുവെന്നും നരേന്ദ്രമോഡി പ്രഖ്യാപിച്ചു. ഫാസിസ്റ്റ് ധാര്‍ഷ്ട്യത്തിന് അന്നദാതാക്കളുടെ പ്രക്ഷോഭത്തിനു മുന്നില്‍ മുട്ടുമടക്കേണ്ടിവന്നു. മറ്റു വര്‍ഗവിഭാഗങ്ങളുടെ പ്രക്ഷോഭങ്ങള്‍ക്കും ഈ കര്‍ഷക പ്രക്ഷോഭ വിജയം പ്രചോദനമാകും. ഇന്ത്യ കര്‍ഷക പ്രക്ഷോഭങ്ങളുടെ ധീരോജ്ജ്വല ചരിത്രമെഴുതിയ മണ്ണാണ്. ബ്രിട്ടീഷ് മേധാവിത്വത്തിനും ജന്മിത്വത്തിനും ഫ്യൂഡലിസത്തിനും എതിരായ എണ്ണമറ്റ പോരാട്ടഗാഥകള്‍ രചിച്ച ഭൂമികയാണിത്. മഹാത്മാഗാന്ധിയുടെ ആഹ്വാനപ്രകാരം ചമ്പാരനില്‍ നടന്ന നീലം കര്‍ഷകരുടെ പ്രക്ഷോഭം സ്വാതന്ത്ര്യ സമരചരിത്രത്തിലെ അനുപമ അധ്യായമാണ്. കയ്യൂരില്‍ അബൂബക്കറും ചിരുകണ്ടനും കുഞ്ഞമ്പുനായരും അപ്പുവും യൗവ്വന വസന്ത നാളുകളില്‍ തൂക്കുമരത്തിലേറിയത് സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരായ പോരാട്ടത്തിന്റെ ഭാഗമായിട്ടായിരുന്നു. ബംഗാളിലെ തേഭാഗയിലും തെലങ്കാനയിലും കരിവെള്ളൂരിലും ഒഞ്ചിയത്തും കാവുമ്പായിയിലും മൊറാഴയിലും മുനയന്‍കുന്നിലും ശൂരനാടും നടന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ ധീരരക്തസാക്ഷിത്വങ്ങളും പുന്നപ്ര — വയലാറില്‍ ഐക്യകേരളത്തിനുവേണ്ടി അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യമുയര്‍ത്തി നടന്ന പോരാട്ടത്തില്‍ ധീര രക്തസാക്ഷികളായതും കയര്‍ തൊഴിലാളികളും കര്‍ഷകരും കര്‍ഷക തൊഴിലാളികളുമാണ്. ഈ ചരിത്രഗാഥകളെ വിസ്മരിച്ചുകൊണ്ടാണ് കാര്‍ഷിക മേഖലയുടെ കുത്തകവല്കരണത്തിനായി നരേന്ദ്രമോഡിയും കൂട്ടരും പടപ്പുറപ്പാടു നടത്തുന്നത്. മോഡി മാപ്പിരന്നാലും ബില്ലുകള്‍ പിന്‍വലിക്കുമെന്ന് പറഞ്ഞാലും ആ പൊള്ളവാക്കുകള്‍ വിശ്വസിക്കാനാവുകയില്ലെന്നും പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക മാരണ നിയമങ്ങള്‍ പാര്‍ലമെന്റ് കൂടി പിന്‍വലിച്ചാലേ പ്രക്ഷോഭം അവസാനിപ്പിക്കൂ എന്നും അറിയിച്ച് കര്‍ഷക പ്രക്ഷോഭം തുടരുകയാണ്. ഇലക്ട്രിസിറ്റി ഭേദഗതി നിയമം പിന്‍വലിക്കണമെന്നതും താങ്ങുവില നിശ്ചയിക്കണമെന്നതും കര്‍ഷക പ്രക്ഷോഭത്തിന്റെ മുഖ്യ ആവശ്യങ്ങളാണ്. അതുകൂടി അംഗീകരിക്കപ്പെട്ടാലെ കര്‍ഷക പ്രക്ഷോഭം സമാപിക്കൂ. ‘ജയ് ജവാന്‍ ജയ് കിസാന്‍’ എന്ന മുദ്രാവാക്യം ഉച്ചത്തില്‍ ഉയര്‍ന്നു കേള്‍ക്കുകയാണ് കര്‍ഷക പ്രക്ഷോഭത്തിനൊടുവില്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.