Friday
22 Feb 2019

മാര്‍ക്‌സിന്റെ ഇരുന്നൂറാം ജന്മവാര്‍ഷികവും സൈദ്ധാന്തിക പ്രസക്തിയും

By: Web Desk | Friday 4 May 2018 10:44 PM IST

പ്രതിഭാശാലിയായൊരു ചിന്തകന്റെ – കാള്‍ മാര്‍ക്‌സിന്റെ – ഇരുന്നൂറാം ജന്മവാര്‍ഷികമാണിന്ന്. 1818 മെയ് അഞ്ചിനാണ് കാള്‍ മാര്‍ക്‌സ് ജനിച്ചത്. 1883 മാര്‍ച്ച് 14 ന് അന്തരിച്ചു. മായ്ക്കാനാകാത്ത അടയാളങ്ങളാണ് 65 വര്‍ഷം മാത്രം ജീവിച്ച ആ മഹാപ്രതിഭ ലോക ചരിത്രത്തില്‍ അവശേഷിപ്പിച്ചത്. ജീവിത സാഹചര്യങ്ങള്‍ അനിവാര്യമാക്കിയ യാത്രകളും ചെറുപ്പത്തില്‍ തന്നെ സ്വായത്തമാക്കിയ ആഴത്തിലുള്ള വായനാശീലവും സമൂഹത്തെ കുറിച്ചും പരിസരങ്ങളെ കുറിച്ചുമുള്ള പഠനങ്ങളുമാണ് കാള്‍ മാര്‍ക്‌സ് എന്ന പ്രതിഭയെ ലോകത്തിന് സമ്മാനിച്ചത്. ധനിക കുടുംബത്തിലാണ് ജനിച്ചതെങ്കിലും മാര്‍ക്‌സിന്റെ ചിന്തകളത്രയും ഉടക്കി നിന്നത് പാവപ്പെട്ടവരുടെയും തൊഴിലാളികളുടെയും ജീവിത പരിസരങ്ങളിലായിരുന്നു. സാമൂഹ്യ പരിണാമത്തെയും മാറ്റത്തെയും വ്യാഖ്യാനിക്കാനും സമൂഹത്തിന്റെ ജീവിതാവസ്ഥയക്കുറിച്ച് വിശദീകരിച്ച് സൈദ്ധാന്തിക രൂപം നല്‍കുന്നതിനും അദ്ദേഹത്തിന് സാധിച്ചത് ആ പഠനങ്ങളും പരിസര – സാമൂഹ്യ വീഷണങ്ങളുമായിരുന്നു. മതത്തെ ആശ്രയിക്കുന്നൊരു സമൂഹത്തെ ഭൗതിക ചിന്തയിലധിഷ്ഠിതമായ മറ്റൊരു ചിന്താധാരയിലേയ്ക്ക് നയിക്കാനാണ് മാര്‍ക്‌സ് ശ്രമിച്ചത്. മാറ്റത്തെയും സാമൂഹ്യപരിവര്‍ത്തനത്തില്‍ അതിന്റെ അനിവാര്യതയെയും കുറിച്ചുള്ള മാര്‍ക്‌സിന്റെ പ്രവചനങ്ങള്‍ എല്ലാ കാലത്തേയ്ക്കുമുള്ളതായി.
സമുദായത്തെ സംബന്ധിച്ച പഠനവും പ്രയോഗവും ശാസ്ത്രീയമായി വിലയിരുത്തിയ പ്രതിഭയായിരുന്നു അദ്ദേഹം.

പ്രകൃതി, സമുദായം, ചിന്തകള്‍ എന്നിവയുടെ വികാസത്തിന്റെ വസ്തുനിഷ്ഠമായ നിയമങ്ങള്‍ കണ്ടെത്തുകയും പ്രയോഗ ശാസ്ത്രം അവതരിപ്പിക്കുകയും ചെയ്തു അദ്ദേഹം. ചൂഷണം എല്ലാക്കാലത്തും നിലനില്‍ക്കുന്നതല്ലെന്നും ചരിത്രഘട്ടത്തില്‍ മുതലാളിത്തം സോഷ്യലിസത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യപ്പെടുമെന്നും അതുവഴി അദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിച്ചു. കാലാതിര്‍ത്തിയെ വിലയിരുത്താനും കണ്ടെത്താനും ശ്രമിച്ചതുകൊണ്ട് എല്ലാ കാലത്തേയ്ക്കുമുള്ള ചിന്തകനായാണ് മാര്‍ക്‌സ് അറിയപ്പെടുന്നത്. ലോകജനത നോക്കിക്കണ്ട എല്ലാ വഴികളെയും അദ്ദേഹം തിരുത്തിയെഴുതി. ലോകത്താകെയുള്ള കാഴ്ചപ്പാടുകളെ വിപ്ലവവല്‍ക്കരിക്കുകയും ചെയ്തു. ശാസ്ത്രീയമായി ലോകത്തെ വ്യാഖ്യാനിച്ച വിപ്ലവകാരിയായിരുന്ന കാള്‍ മാക്‌സാണ് ശാസ്ത്രീയ സോഷ്യലിസത്തിന്റെ ഉപജ്ഞാതാവ്.
ലോകത്താകെയുള്ള തൊഴിലെടുക്കുന്നവരെയും തൊഴിലാളി വര്‍ഗത്തെയും പ്രചോദിപ്പിച്ച മാര്‍ക്‌സിസമെന്ന് പിന്നീട് പേരുചൊല്ലി വിളിക്കപ്പെട്ട വിപ്ലവാശയത്തിന് അദ്ദേഹം അടിത്തറ പാകി. അത് ജനങ്ങളെ ആശയപരമായും പ്രായോഗികമായും സ്വാധീനിച്ച സിദ്ധാന്തമായിരുന്നു. ഒരു സിദ്ധാന്തമെന്ന നിലയില്‍ മാര്‍ക്‌സിസം സാമൂഹ്യമാറ്റത്തിനുള്ള ചാലകശക്തിയായി. സിദ്ധാന്തവും പ്രയോഗവും വേര്‍തിരിക്കാനാവാത്ത വിധം ബന്ധപ്പെട്ടുകിടക്കുന്നതാണെന്നതായിരുന്നു മാര്‍ക്‌സിസത്തിന്റെ പ്രത്യേകത. സോഷ്യലിസത്തിനും ജനാധിപത്യത്തിനും വേണ്ടി ലോകമാകെ നടന്നുകൊണ്ടിരിക്കുന്ന പോരാട്ടങ്ങളെ മാര്‍ക്‌സ് അവതരിപ്പിച്ച കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഇപ്പോഴും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു.

സൈദ്ധാന്തിക – സാമ്പത്തിക ബുദ്ധിജീവിയെന്ന നിലയില്‍ അദ്ദേഹം അവതരിപ്പിച്ച ദാസ് ക്യാപിറ്റല്‍ (മൂലധനം) മാര്‍ക്‌സിസത്തിന്റെ കൊടുമുടിയായി നിലകൊള്ളുകയും കമ്മ്യൂണിസ്റ്റുകാര്‍ മാത്രമല്ല സാമ്രാജ്യത്ത പ്രതിസന്ധിയുടെയും പ്രശ്‌നങ്ങളുടെയും പരിഹാരം തേടുന്ന മുതലാളിത്ത ചിന്തകര്‍ പോലും ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
മാര്‍ക്‌സിന്റെ രചനകളും കണ്ടെത്തലുകളും ആശയപരവും സൈദ്ധാന്തികവുമായി ബലവത്താണെന്നതുപോലെ തന്നെ കമ്മ്യൂണിസ്റ്റുകാരുടെയും തൊഴിലാളിവര്‍ഗത്തിന്റെയും കൈകളില്‍ ലഭിച്ച പ്രായോഗികമായ ആയുധം കൂടിയായി ഇപ്പോഴും തുടരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രസ്തുത ആയുധത്തിന് മൂര്‍ച്ച കൂട്ടേണ്ടതുണ്ട്. ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ക്ക് ലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നൊരു കാലത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സമകാലിക സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ മാര്‍ക്‌സിസത്തിന്റെ പുതിയ സാധ്യതകളും സമ്പന്നതയും കണ്ടെത്താനുള്ള ഉത്തരവാദിത്തം നാം ഏറ്റെടുക്കേണ്ടിയിരിക്കുന്നു.
വികസനം പുതിയ കാലത്തിന്റെ നിര്‍വചനമാകുമ്പോള്‍ പരിസ്ഥിതിയ്ക്കുണ്ടായിരിക്കേണ്ട പ്രാധാന്യം ഒന്നര നൂറ്റാണ്ട് മുമ്പ് തന്നെ മാര്‍ക്‌സ് നിര്‍വചിച്ചുവച്ചിട്ടുണ്ട്. അതിനെ ഉള്‍ക്കൊള്ളാതെ വികസനത്തെ കുറിച്ച് നടത്തുന്ന പ്രസ്താവനകളും അതിനായുള്ള പരിശ്രമങ്ങളും പാഴാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ലോകത്ത് സാമ്പത്തിക അധീശത്വ ശ്രമങ്ങള്‍ മൂലധന ശക്തികള്‍ പുതിയ രൂപത്തിലും ഭാവത്തിലും ശക്തിപ്പെടുത്തുമ്പോഴും തങ്ങള്‍ നേരിടുന്ന പ്രതിസന്ധിക്കും പ്രശ്‌നങ്ങള്‍ക്കും പകരമായി മാര്‍ക്‌സിന്റെ സിദ്ധാന്തങ്ങളിലാണ് ആധുനിക മുതലാളിത്തം പോംവഴി തേടുന്നതെന്ന യാഥാര്‍ഥ്യം നിലനില്‍ക്കുമ്പോഴാണ് മാര്‍ക്‌സിന്റെ ഇരുന്നൂറാം ജന്മവാര്‍ഷികമെത്തുന്നത്. അതുകൊണ്ടുതന്നെ മാര്‍ക്‌സിസത്തിന് പ്രസക്തിയേറുക തന്നെയാണ്.

Related News