24 April 2024, Wednesday

Related news

December 26, 2022
December 25, 2022
December 24, 2022
October 20, 2022
June 28, 2022
June 11, 2022
June 3, 2022
May 23, 2022
May 4, 2022
April 20, 2022

മാസ്ക് ധരിക്കൽ ഏറ്റവും നല്ല കോവി‍ഡ് പ്രതിരോധം

Janayugom Webdesk
ന്യൂഡൽഹി
September 14, 2021 9:56 pm

മാസ്കുകൾ ധരിക്കുന്നത് കോവി‍ഡിനെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് പഠന റിപ്പോർട്ട്. ബംഗ്ലാദേശിലെ ഗ്രാമങ്ങളിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷണത്തിലാണ് മാസ്ക് ധരിക്കുന്നത് കോവിഡ് പിടിപെടുന്നതിൽ നിന്ന് ആളുകളെ സംരക്ഷിക്കുമെന്ന് കണ്ടെത്തിയത്. വാക്സിൻ ദൗർലഭ്യം നേരിടുന്ന രാജ്യങ്ങൾക്ക് കൊറോണ വെെറസിന്റെ വ്യാപനം തടയുന്നതിന് ഇത് സഹായകമാവുമെന്നും പഠനം സൂചിപ്പിക്കുന്നു. നേരത്തെ തന്നെ മാസ്ക് ധരിക്കുന്നതും ശാരീരിക അകലം പാലിക്കുന്നതും രോഗവ്യാപനം കുറയ്ക്കുമെന്ന് വിവിധ ഗവേഷകരും പഠന റിപ്പോർട്ടുകളും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്ത്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഇതിനെതിരെ വിമർശനം ഉന്നയിക്കുന്നവർ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനാണ് പുതിയ ക്ലിനിക്കൽ പരീക്ഷണത്തിന്റെ അന്തിമ റിപ്പോർട്ട് വിരാമമിട്ടത്. 

2020 നവംബറിനും 2021 ഏപ്രിലിനും ഇടയിൽ ബംഗ്ലാദേശിലെ 600 ഗ്രാമങ്ങളിലെ 3,50,000 ആളുകളെ നിരീക്ഷിച്ചതിന് ശേഷമാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ആളുകൾ മാസ്ക് ധരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ വഴികൾ തേടുക, ഇതിലൂടെയുണ്ടാകുന്ന മാറ്റങ്ങൾ കണ്ടെത്തുക എന്നതായിരുന്നു പഠനത്തിന് നേത‍ൃത്വം നൽകിയ ഗവേഷകരുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഗവേഷകർ ഫെയ്സ് മാസ്കുകൾ വിതരണം ചെയ്യുകയും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. മുഖാവരണം വിതരണം ചെയ്യുകയും ബോധവത്‍കരണ പരിപാടികളും നടത്തിയ പ്രദേശങ്ങളിൽ രോഗവ്യാപനം ഗണ്യമായി കുറഞ്ഞുവെന്ന് ഗവേഷകർ കണ്ടെത്തി. ഇക്കാലയളവില്‍ മാസ്കിന്റെ ഉപയോഗം വര്‍ധിക്കുകയും സാമൂഹിക അകലം പാലിക്കുന്നവരുടെ എണ്ണം 24 ശതമാനത്തില്‍ നിന്ന് 29 ശതമാനമായി ഉയരുകയും ചെയ്തു. കോവിഡിന്റെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന രോഗികളുടെ എണ്ണത്തിലും കുറവ് സംഭവിച്ചു. 

സുരക്ഷിതത്വം വർധിപ്പിക്കുന്നതിനും കോവിഡ് വ്യാപന തോത് കുറയ്ക്കുന്നതിലും തുണി മാസ്കുകളെക്കാളും സർജിക്കൽ മാസ്കുകൾ സഹായിക്കുമെന്നും പഠനം നടത്തിയ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. സർജിക്കൽ മാസ്കുകൾ 11 ശതമാനം വരെ കോവിഡ് പിടിപെടാനുള്ള സാധ്യത കുറയ്ക്കുമ്പോൾ തുണി മാസ്കുകൾ അഞ്ച് ശതമാനം മാത്രമേ ഇക്കാര്യത്തിൽ ആളുകളെ സഹായിക്കൂ. പത്ത് തവണ കഴുകി ഉപയോഗിച്ചതിന് ശേഷവും സർജിക്കൽ മാസ്കുകൾ വായുവിലൂടെ രോഗം പടരുന്നത് 76 ശതമാനം തടയുമെന്ന് കണ്ടെത്തിയെന്നും ഗവേഷണം നടത്തിയ യാലെ സർവകലാശാലയിലെ പ്രൊഫസർ മുഷ്ഫിക്ക് മുബാറാക്ക് നേച്ചർ ന്യൂസിനോട് പറഞ്ഞു. മൂന്ന് പാളികളുള്ള തുണി മാസ്കു് രോഗം വായുവിലൂടെ പടരുന്നത് 37 ശതമാനം വരെ മാത്രമേ പ്രതിരോധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. മാസ്ക് ധരിച്ചവര്‍ക്ക് ഡെൽറ്റ വകഭേദം പിടിപെടുന്നത് പ്രതിരോധിക്കാന്‍ വലിയ രീതിയിൽ കഴിഞ്ഞെന്നും സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരിൽ ഒരാളായ ആഷ്‌ലി സ്റ്റൈസിൻസ്കി പറ‍ഞ്ഞു.

വാക്‌സിനേഷന്‍ കുറഞ്ഞ രാജ്യങ്ങളില്‍ മാസ്കുകള്‍ ഉപയോഗിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ഗവേഷകർ നിർദ്ദേശിക്കുന്നു. ഇതിലൂടെ വെെറസിന്റെ വ്യാപനത്തെ ഒരു പരിധിവരെ ചെറുക്കാന്‍ കഴിയുമെന്നും ദീര്‍ഘകാല ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

മാസ്ക് 2022ലും വിട്ടൊഴിയില്ല: ഡോ. വി കെ പോള്‍ 

മാസ്ക് 2022ലും നമ്മളെ വിട്ടൊഴിയില്ലെന്ന് നിതിആയോഗ് അംഗം ഡോ. വി കെ പോള്‍. ഫലപ്രദമായ മരുന്നുകള്‍, വാക്സിനുകള്‍, സാമൂഹിക അകലം തുടങ്ങിയവയാണ് കോവിഡിനെതിരായ യുദ്ധത്തില്‍ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുമോ എന്ന ചോദ്യം തള്ളിക്കളയാനാകില്ലെന്ന് പോള്‍ പറഞ്ഞു. വരാനിരിക്കുന്ന ആഘോഷങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ കോവിഡിന്റെ വ്യാപനം വലിയ രീതിയില്‍ ഉണ്ടാകും.എന്‍ഡിടിവിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Eng­lish Sum­ma­ry : Mask and covid defence

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.