Web Desk

കൊച്ചി

March 22, 2020, 9:21 pm

മാസ്കുകളും കയ്യുറകളും കുമിഞ്ഞുകൂടുന്നു: മാലിന്യ സംസ്കരണം വെല്ലുവിളി

Janayugom Online

മാലിന്യ സംസ്കരണം വലിയ ബാധ്യതയായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പുതിയ വെല്ലുവിളിയാവുകയാണ് കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ഉണ്ടാകുന്ന മാലിന്യങ്ങളുടെ സംസ്കരണം. രോഗവ്യാപനം തടയാൻ ആളുകൾ മാസ്കുകളും കൈയുറകളും വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയതോടെ ഉപയോഗശേഷം ഇവ ശാസ്ത്രീയമായി നശിപ്പിക്കാൻ പ്രതിസന്ധി നേരിടുകയാണ് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. നിലവിൽ ആശുപത്രികളിൽ മാത്രമാണ് ബയോ മെഡിക്കൽ മാലിന്യങ്ങൾ സംസ്കരിക്കാൻ സൗകര്യമുള്ളത്.

കോവിഡ് ഭീതി പരന്നതോടെ സർജിക്കൽ മാസ്കുകൾക്കും കയ്യുറകൾക്കും ആവശ്യക്കാർ കൂടി. എന്നാൽ ഇവ എങ്ങനെ സംസ്കരിക്കും എന്നതു സംബന്ധിച്ച് ആർക്കും വ്യക്തമായ ധാരണയില്ല. ഇപ്പോൾതന്നെ ഉപേക്ഷിച്ച മാസ്കുകൾ റോഡരുകിൽ മറ്റു മാലിന്യങ്ങൾക്കൊപ്പം കാണുന്നുണ്ട്. ഇങ്ങനെ അലക്ഷ്യമായി വലിച്ചെറിയുന്നത് ഗുരുതര ആരോഗ്യ‑പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കും. ഇത്തരം ബയോ മെഡിക്കൽ മാലിന്യങ്ങൾ സംസ്കരിക്കാൻ സംവിധാനം ഇല്ലാത്തതും കൈകാര്യം ചെയ്ത് അനുഭവപരിചയമുള്ളവരുടെ അഭാവവുമാണ് മിക്ക പഞ്ചായത്തുകളും കൊച്ചി അടക്കമുള്ള കോർപ്പറേഷനും നേരിടുന്ന പ്രധാന വെല്ലുവിളികൾ.

നിലവിൽ ജൈവ, പ്ലാസ്റ്റിക് മാലിന്യങ്ങൾക്കൊപ്പമാണ് എറണാകുളത്തെ ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റിലേക്കു മാസ്കുകളും കൈയുറകളും അടക്കമുള്ള ബയോ മെഡിക്കൽ മാലിന്യങ്ങൾ ചെന്നെത്തുന്നത്. ശാസ്ത്രീയമായി സംസ്കരിക്കാൻ സൗകര്യമില്ലാത്തതിനാൽ ഫ്ളാറ്റുകളിൽ കഴിയുന്നവർ തരംതിരിച്ചു വയ്ക്കുന്ന മാലിന്യം നഗരസഭയുടെ ശുചീകരണ തൊഴിലാളികൾ കൊണ്ടുപോകുകയാണ് പതിവ്.

ജൈവ മാലിന്യങ്ങൾക്കൊപ്പമാണ് മലിനമാക്കപ്പെട്ട മാസ്കുകൾ, സാനിറ്ററി നാപ്കിനുകൾ, ഡയപ്പറുകൾ എന്നിവ പേപ്പറിൽ പൊതിഞ്ഞ് നിക്ഷേപിക്കുന്നത്. വീടുകളിൽ താമസിക്കുന്നവർ എല്ലാം ഒരുമിച്ച് കുഴിച്ചുമൂടുകയോ കത്തിച്ചുകളയുകയോ ആണ് ചെയ്യുന്നത്. ഇതെല്ലാം ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. പ്ലാസ്റ്റിക് കൂടുകളിൽ ബയോ മെഡിക്കൽ മാലിന്യങ്ങൾ വഴിയരികിൽ തള്ളുന്നതും അപകടമാണ്. തെരുവു നായ്ക്കളും മറ്റും ഇവ കടിച്ചുകീറി പുറത്തിടുന്നത് രോഗവ്യാപനത്തിനിടയാക്കും. മാലിന്യം കൈകാര്യം ചെയ്യുന്ന ശുചീകരണ തൊഴിലാളികൾക്കും വലിയ ഭീഷണിയാണ് ഈ ബയോ മെഡിക്കൽ മാലിന്യങ്ങൾ. ഇത്തരം മാലിന്യങ്ങൾ കൈകാര്യം ചെയ്യാൻ ശുചീകരണ തൊഴിലാളികൾക്ക് ബോധവൽകരണവും പരിശീലനവും നൽകണമെന്ന ആവശ്യം ശക്തമാണ്.

വീടുകളിൽ നീരീക്ഷണത്തിൽ കഴിയുന്നവർ ഉപേക്ഷിക്കുന്ന മാലിന്യം ഏറ്റെടുക്കുന്നതും വെല്ലുവിളിയായി തീർന്നിരിക്കുകയാണ്. ബയോ മെഡിക്കൽ മാലിന്യങ്ങൾ പ്രത്യേകമായി കത്തിച്ചുകളയുകയോ അല്ലെങ്കിൽ പ്ലാസ്റ്റിക് കവറിനുള്ളിൽ നിക്ഷേപിച്ച് മുറുക്കികെട്ടി ശുചീകരണ തൊഴിലാളികൾക്ക് കൈമാറുകയോ ചെയ്യണമെന്നാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന നിർദ്ദേശം.

YOU MAY ALSO LIKE THIS VIDEO