June 5, 2023 Monday

Related news

May 29, 2023
May 29, 2023
April 11, 2023
March 30, 2023
March 25, 2023
March 15, 2023
March 14, 2023
March 9, 2023
March 2, 2023
March 1, 2023

കോംട്രസ്റ്റ് സമരത്തിന് ഐക്യദാർഢ്യവുമായി ബഹുജന കൂട്ടായ്മ

Janayugom Webdesk
December 9, 2019 6:42 pm

കോഴിക്കോട്: കോംട്രസ്റ്റ് വീവിങ്ങ് ഫാക്ടറി വിഷയത്തിൽ തൊഴിലാളികൾ കെ എസ് ഐ ഡി സി തിരുവനന്തപുരം ഓഫീസിന് മുന്നിൽ നടത്തിവരുന്ന സമരം അമ്പതു ദിവസം പിന്നിടുന്ന സാഹചര്യത്തിൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ ഐ ടി യു സി നേതൃത്വത്തിൽ ബഹുജന കൂട്ടായ്മ നടത്തി. കോഴിക്കോട് കോംട്രസ്റ്റ് കമ്പനി പരിസരത്ത് നടന്ന ബഹുജന കൂട്ടായ്മ എ ഐ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
നിയമ നിർമാണത്തിലൂടെ സംസ്ഥാന സർക്കാർ ഏറ്റെടുത്ത കോംട്രസ്റ്റ് വീവിങ്ങ് ഫാക്ടറി ഉടൻ തുറന്നു പ്രവർത്തിപ്പിക്കുന്നതിന് വ്യവസായ വകുപ്പു മന്ത്രി നടപടി സ്വീകരിക്കണമെന്ന് കെ പി രാജേന്ദ്രൻ ആവശ്യപ്പെട്ടു.

കോംട്രസ്റ്റ് ഫാക്ടറി തുറന്നു പ്രവർത്തിപ്പിക്കണമെന്നാണ് ഇൻ‍ഡസ്ട്രിയൽ ട്രിബ്യൂണൽ വിധി. ഈ വ്യവസായ സ്ഥാപനം കോഴിക്കോടിന് വേണ്ട എന്ന് ഏതെങ്കിലും കേന്ദ്രം തീരുമാനിച്ചാൽ അത് അംഗീകരിച്ചുകൊടുക്കാൻ അവകാശങ്ങൾക്കായി പൊരുതുന്ന തൊഴിലാളി സംഘടന എന്ന നിലയിൽ എ ഐ ടി യു സിക്ക് കഴിയില്ല. ഇത് തൊഴിലാളികളുടെ സമ്പത്താണ്. അവരുടെ അധ്വാനത്തിന്റേയും വിയർപ്പിന്റേയും പ്രതീകമാണ്. അവിടെ ഹോട്ടലുകളോ ഷോപ്പിംഗ് മാളുകളോ അല്ല ഉയരേണ്ടത്. ഫാക്ടറി ഏറ്റെടുക്കുന്ന കാര്യത്തിൽ കോഴിക്കോട്ടെ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളും ജനപ്രതിനിധികളും ഉത്തരവാദിത്തതോടെയും ശക്തമായും ഇടപെടേണ്ടിയിരിക്കുന്നു.

വ്യവസായങ്ങൾ സംരക്ഷിക്കപ്പെടണം എന്നത് എൽ ഡി എഫ് സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. തൊഴിലാളികൾക്ക് ലഭിച്ചുവരുന്ന 5000 രൂപ നിയമപരമായി അവർക്ക് അവകാശപ്പെട്ടതാണ്. അത് തടയാനുള്ള ശ്രമം അനുവദിക്കാൻ കഴിയില്ല. കേന്ദ്ര സർക്കാർ ഏകപക്ഷീയമായി തൊഴിലാളികളെ കശാപ്പുചെയ്യുന്ന തരത്തിലുള്ള നിയമങ്ങളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. രാജ്യത്ത് നിലവിലുള്ള വ്യവസായങ്ങൾ സംരക്ഷിക്കണമെന്നാണ് തൊഴിലാളി സംഘടനകൾ ഒന്നടങ്കം ആവശ്യപ്പെടുന്നത്. ജനുവരി 8 ന് നടക്കുന്ന പൊതുപണിമുടക്കിന്റെ പ്രധാന വിഷയവും അതുതന്നെയാണ്.

തൊഴിലാളി സംഘടനകളെല്ലാം കോംട്രസ്റ്റ് ഫാക്ടറി സർക്കാർ ഏറ്റെടുക്കണമെന്ന കാര്യത്തിൽ ഒറ്റക്കെട്ടായി മുന്നേറണം. സി ഐ ടി യു നേതൃത്വത്തിൽ ആരംഭിച്ച മുത്തൂറ്റ് സമരത്തിന് എ ഐ ടി യു സി ഉൾപ്പെടെയുള്ള തൊഴിലാളി സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചപ്പോൾ മുതലാളിക്ക് മുട്ടുമടക്കേണ്ടി വന്നത് നാം കണ്ടതാണ്. നിലവിലുള്ള തൊഴിലാളികൾക്ക് തൊഴിൽ നൽകുന്നതോടൊപ്പം പുതുതായി ധാരാളം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുവാനും ഫാക്ടറി തുറന്നു പ്രവർത്തിപ്പിക്കുന്നതിലൂടെ കഴിയും. അതിന് സംസ്ഥാന വ്യവസായ വകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണം. ഫാക്ടറി അടച്ചു പൂട്ടിയിട്ട് 11 വർഷം പിന്നിടുകയാണ്. 2009 ജനുവരി 31നാണ് ഫാക്ടറി അടച്ചു പൂട്ടിയത്.

രാജ്യത്ത് നടന്ന തൊഴിലാളി സമര ചരിത്രത്തിൽ ത്യാഗത്തിന്റെയും സഹനത്തിന്റേയും അർപ്പണത്തിന്റെയും ഒരു പുതിയ ചരിത്രമാണ് കോംട്രസ്റ്റ് വീവിങ്ങ് ഫാക്ടറി തൊഴിലാളികൾ സൃഷ്ടിച്ചത്. ഇത് സമാനതകളില്ലാത്ത സമരമാണ്. ഫാക്ടറി അടച്ചു പൂട്ടിയതിനെത്തുടർന്ന് നീണ്ട 11 വർഷക്കാലം തുടർച്ചയായി തൊഴിലാളികൾ സമരരംഗത്താണ്. തൊഴിലാളികളുടെ ഈ ഐക്യവും സഹനവും പോരാട്ട വീറും രാജ്യത്താകമാനം വളർന്നു വരുന്ന തൊഴിലാളി സമരങ്ങൾക്ക് കരുത്തും ഊർജ്ജവും പകരുന്നതാണ്. ഇത് പരാജയപ്പെട്ടാൽ അത് കേരളത്തിലെ വ്യവസായ മേഖലയുടെ പരാജയമായിരിക്കും. വ്യവസായ വകുപ്പു മന്ത്രി തൊഴിലാളികളുടേയും തൊഴിലാളി സംഘടനകളുടേയും യോഗം വിളിച്ചുചേർക്കാനും അവരുടെ അഭിപ്രായങ്ങൾ കേൾക്കാനും തയ്യാറാകണം.

നിരാശരായി ഈ സമരം അവസാനിപ്പിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർക്ക് തെറ്റി. ദീർഘകാലത്തെ സമരാനുഭവങ്ങളുള്ള പ്രസ്ഥാനമാണ് എ ഐ ടി യു സി. ഭൂ മാഫിയകളുടെ നീരാളിപ്പിടുത്തതിൽ നിന്നും കോംട്രസ്റ്റ് ഫാക്ടറിയെ മോചിപ്പിക്കുന്നതിനായുള്ള തൊഴിലാളികളുടെ പോരാട്ടത്തിൽ എ ഐ ടി യു സി മുിൻപന്തിയിലുണ്ടാകുമെന്നും കെ പി രാജേന്ദ്രൻ കൂട്ടിച്ചേർത്തു. ബഹുജന കൂട്ടായ്മയിൽ എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജി പങ്കജാക്ഷൻ അധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എൻ ചന്ദ്രൻ, ജില്ലാ സെക്രട്ടറി ടി വി ബാലൻ, എ ഐ ടി യു സി സംസ്ഥാന സെക്രട്ടറി വിജയൻ കുനിശ്ശേരി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഇ കെ വിജയൻ എം എൽ എ, ആർ ശശി, എം നാരായണൻ, ജില്ലാ അസി. സെക്രട്ടറി ടി കെ രാജൻ മാസ്റ്റർ, റീന സുരേഷ്, സമരസമിതി കൺവീനർ ഇ സി സതീശൻ എന്നിവർ സംസാരിച്ചു. എ ഐ ടി യു സി കോഴിക്കോട് ജില്ലാ സെക്രട്ടറി പി കെ നാസർ സ്വാഗതം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.