Monday
25 Mar 2019

ഫ്രാന്‍സിലെ വമ്പിച്ച ജനകീയ പ്രക്ഷോഭം

By: Web Desk | Sunday 16 December 2018 10:14 PM IST


ഫ്രാന്‍സ് ഒരിക്കല്‍കൂടി തിളച്ചുമറിയുകയാണ്; അന്‍പതു നീണ്ടവര്‍ഷങ്ങള്‍ക്കുശേഷം. രണ്ടു സംഭവങ്ങളും തമ്മില്‍ വളരെ സാമ്യവും സാദൃശ്യവുമുണ്ട്. ഇപ്രാവശ്യം അത് നീറുന്ന ജനകീയ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇടത്തരം, മധ്യവര്‍ത്തി വിഭാഗക്കാരാണ് അതിന്റെ മുന്നിലും പിന്നിലുമുള്ളത്. എന്നുപറഞ്ഞാല്‍ ഒരു സംഘടനയും അതിന്റെ പിന്നിലില്ലെന്നാണര്‍ഥം. ഒരുതരത്തില്‍ പറഞ്ഞാല്‍ അത് സ്വയംഭൂവാണെന്നു സാരം.

പൊടുന്നനെ ഇങ്ങനെയൊരു ജനകീയ പ്രസ്ഥാനം ഉടലെടുത്തത് 18 മാസം മുമ്പ് അപ്രതീക്ഷിതമായി അധികാരത്തില്‍ വന്ന പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഡീസല്‍ വില അമിതമായി വര്‍ധിപ്പിച്ചതുകൊണ്ടാണ്. ഡീസലിന്റെ വില 23 ശതമാനമാണ് ഉയര്‍ന്നിരിക്കുന്നത്. സര്‍ക്കാര്‍ നികുതിയായാണ് ഈ വര്‍ധനവ്. ഒരു കൊല്ലത്തിനിടയില്‍ മാത്രം വര്‍ധനവ് 12 ശതമാനമാണ്. തന്മൂലം ഡീസല്‍ വില 7.6 ശതമാനം ഉയര്‍ന്നപ്പോള്‍ പെട്രോളിന്റേത് 3.9 ശതമാനം മാത്രമെ കൂടിയിട്ടുള്ളു.

ഡീസലിന്റേത് ഇത്ര ഉയര്‍ത്താന്‍ കാരണം പുകശല്യം മൂലമുള്ള അന്തരീക്ഷ മലിനീകരണം തടയാനാണെന്നാണ് ഔദ്യോഗിക വിശദീകരണം. ഡീസലിന്റെ ഉപയോഗം കുറച്ചാലേ അത് സാധ്യമാകുവത്രെ. തലസ്ഥാനമായ പാരിസ് പോലുള്ള വന്‍ നഗരങ്ങളിലെക്കാള്‍ നാട്ടിന്‍പുറങ്ങളിലുള്ളവര്‍ക്കാണ് ഈ വര്‍ധനവിന്റെ ഭാരം താങ്ങേണ്ടിവരുന്നത്. എന്തെന്നാല്‍, നഗരവാസികള്‍ക്ക് മെട്രോ പോലുള്ള ചിലവുകുറഞ്ഞ യാത്രാ സൗകര്യങ്ങള്‍ സുലഭമാണ്. പ്രാന്തപ്രദേശത്തുള്ളവര്‍ക്ക് സ്വന്തം കാര്‍ ഉപയോഗിച്ചു മാത്രമേ ജോലി സ്ഥലത്തും മറ്റും എത്താനാകൂ. അതുകൊണ്ടാവണം ഈ വര്‍ധനവിനെതിരായ പ്രക്ഷോഭം ശക്തിപ്രാപിക്കാന്‍ തുടങ്ങിയത് പ്രാന്തപ്രദേശങ്ങളില്‍ നിന്നായത്.

ഈ പ്രക്ഷോഭം സംഘടിതമായിരുന്നില്ലെന്ന് മാത്രമല്ല, അത് ശക്തിപ്രാപിച്ചത് ക്രമേണയുമാണ്. നവംബര്‍ 17ന് ആഴ്ച അവസാനിക്കുന്ന ശനി ദിവസത്തിലായിരുന്നു ഇതിന്റെ തുടക്കം. പിന്നീട് ശനിയാഴ്ച തോറും ഇത് ശക്തിപ്രാപിക്കുകയായിരുന്നു. ഡിസംബര്‍ ഒന്നു മുതല്‍ അത് അക്രമാസക്തമാകാനും തുടങ്ങി. കയ്യില്‍ കിട്ടിയ ഉപകരണങ്ങളുമായി കണ്ണില്‍ കണ്ടതെല്ലാം തല്ലിത്തകര്‍ക്കാനും പൊലീസിനെ ചെറുക്കാനും പ്രക്ഷോഭകാരികള്‍ മുതിര്‍ന്നു. തലസ്ഥാനമായ പാരിസിന്റെ ഹൃദയഭാഗത്തുള്ള അജ്ഞാത ഭടന്റെ സ്മാരകവും ‘വിജയകവാട’വും കേന്ദ്രീകരിച്ച് ആയിരുന്നു പ്രക്ഷോഭകാരികളുടെ ശക്തിപ്രകടനം. പാരിസില്‍ 5600 പ്രകടനക്കാരെ സജീവമായിരുന്നുള്ളുവെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും പ്രകടനത്തില്‍ പങ്കെടുത്ത ജനക്കൂട്ടത്തിന്റെ സംഖ്യ പതിനായിരങ്ങളില്‍ തിട്ടപ്പെടുത്താനാവുമായിരുന്നില്ല.
പ്രസിഡന്റ് മാക്രോണ്‍ രാജിവച്ചൊഴിയണമെന്ന മുദ്രാവാക്യവുമായി ദേശീയ ഗാനാലാപനത്തോടെയാണ് പ്രകടനക്കാര്‍ മുന്നോട്ടു കുതിച്ചത്. ഡീസല്‍ വിലവര്‍ധനവില്‍ ഒതുങ്ങുന്നതായിരുന്നില്ല പ്രതിഷേധമെന്ന് ഇതോടെ സ്പഷ്ടമായി. ഒരു കൊല്ലം മുമ്പ് മാത്രം രൂപീകരിച്ച ഒരു പാര്‍ട്ടിയുമായാണ് മാക്രോണ്‍ പ്രസിഡന്റ് മത്സരത്തിനിറങ്ങിയത്. എന്നിട്ടും നിലവിലുള്ള വന്‍ പാര്‍ട്ടികളെ പിന്നിലാക്കിക്കൊണ്ട് അദ്ദേഹത്തിന് ജയിക്കാന്‍ കഴിഞ്ഞത് രണ്ടാം ലോകയുദ്ധത്തിനിടയില്‍ ഹിറ്റ്‌ലറുടെ പിടിയില്‍ നിന്ന് കുതറിച്ചാടിയതിന് ശേഷമുള്ള ഫ്രാന്‍സിലെ രാഷ്ട്രീയത്തിന്റെ പ്രത്യേകതമൂലമാണ്.

ശക്തമായ യാതൊരു എതിര്‍പ്പും കൂടാതെ ഹിറ്റ്‌ലര്‍ക്ക് കീഴടങ്ങിയ ഫ്രാന്‍സിന്റെ പോരാട്ടം ശക്തമാക്കിയത് ജനറല്‍ ഡി ഗോളിന്റെ നേതൃത്വത്തില്‍ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന പ്രവാസി സര്‍ക്കാരും മോറിസ് തോറെ എന്ന കമ്മ്യൂണിസ്റ്റ് നേതാവ് മുന്‍കൈയെടുത്ത് സംഘടിപ്പിച്ച ഒളിപ്പോരുകാരുമാണ്. അതുകൊണ്ടുതന്നെ ഡി ഗോളിന്റെ പാര്‍ട്ടിയും ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമാണ് യുദ്ധാനന്തര ഫ്രാന്‍സിലെ പ്രധാന ശക്തികളായി മാറിയത്. ഒറ്റയ്ക്ക് മറ്റു കക്ഷികളെ വെല്ലുവിളിക്കാനുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കരുത്ത് ചോര്‍ന്നുപോയത് 1962 നുശേഷം ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലുണ്ടായ പിളര്‍പ്പു മൂലമാണ്. എന്നാല്‍, ഒരു പ്രവാസി സര്‍ക്കാരിലൂടെ ഫാസിസ്റ്റുകള്‍ക്കെതിരായ ചെറുത്തുനില്‍പ്പിന്റെ ആള്‍രൂപമായി മാറിയിരുന്ന ഡി ഗോളിന് 1969 വരെ ഫ്രാന്‍സിന്റെ ഭരണം കൈയാളാന്‍ കഴിഞ്ഞിരുന്നു.

1968 ല്‍ അദ്ദേഹം അധികാരത്തിലിരുന്ന കാലത്താണ് ഇക്കഴിഞ്ഞ ആഴ്ചകളില്‍ നടന്നതിന് സമാനമായ ഒരു ജനകീയ പ്രക്ഷോഭം ഫ്രാന്‍സിനെ പിടിച്ചുകുലുക്കിയത്. അന്ന് ആ പ്രക്ഷോഭത്തിന്റെ മുന്നിലുണ്ടായിരുന്നത് വിദ്യാര്‍ഥികളായിരുന്നു. അന്നത്തെ പ്രക്ഷോഭകാരികള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ നവംബര്‍ 17ന് ആരംഭിച്ച ‘മഞ്ഞക്കുപ്പായ’ക്കാരുടേതിന്റത്ര സ്പഷ്ടമായിരുന്നില്ലെങ്കിലും ഡി ഗോളിന്റെ അധികാരത്തിനും ജനസ്വാധീനത്തിനും അത് വല്ലാത്ത ഇടിവുതട്ടിച്ചതുകൊണ്ടാണ് 1969ല്‍ അദ്ദേഹം സ്വമനസാലെ രാജിവച്ച് ഒഴിഞ്ഞത്.

1789 ലെ വിപ്ലവത്തിലൂടെ ലോകത്തിന് ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്ന ജീവല്‍മന്ത്രം സമ്മാനിച്ച ഫ്രഞ്ചു ജനത അബദ്ധത്തില്‍ പ്രസിഡന്റായി തെരഞ്ഞെടുത്ത മാക്രോണിനും ഡി ഗോളിനു നല്‍കിയ അതേ ശിക്ഷ തന്നെയാണ് ചരിത്രം കരുതിവച്ചിട്ടുള്ളതെന്നാണ് വെറും മൂന്നാഴ്ച മുമ്പ് അവിടെ ആരംഭിച്ച ‘മഞ്ഞക്കുപ്പായ’ക്കാരുടെ രാജ്യവ്യാപകമായ കലാപവും സൂചിപ്പിക്കുന്നത്. ജനങ്ങളുടെ മേലുള്ള നികുതിഭാരം നീക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന വാശിയോടെ പ്രസിഡന്റ് മാക്രോണ്‍ അര്‍ജന്റീനയില്‍ 20 രാഷ്ട്ര (ജി 20) സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഓടിപ്പോവുകയായിരുന്നു. അവിടെ നിന്ന് തിരിച്ചുവരുമ്പോള്‍ ജനകീയ പ്രക്ഷോഭം അതിന്റെ ഉച്ചകോടിയിലായി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രിസഭയുടെ അടിയന്തര യോഗം വിളിക്കുമ്പോഴും ഇന്ധനനികുതി കുറയ്ക്കില്ലെന്ന വാശിയിലായിരുന്നു അദ്ദേഹം. മാത്രമല്ല, അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന ഭീഷണി മുഴക്കാനും അദ്ദേഹം മടിച്ചില്ല. സമരക്കാരുമായി കൂടിയാലോചനയ്ക്ക് പ്രധാനമന്ത്രി എഡ്വാര്‍ഡ് ഫിലിപ്പെയെ നിയോഗിക്കുമ്പോഴും ജനക്കൂട്ട ഭീഷണിക്ക് വഴങ്ങില്ലെന്നാണ് മാക്രോണ്‍ പ്രഖ്യാപിച്ചത്
പക്ഷെ, നൂറുകണക്കിന് പ്രകടനക്കാര്‍ പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയെ അഭയംപ്രാപിക്കുകയും, പൊലീസുകാര്‍ ഉള്‍പ്പെടെ ഒരുപിടി ആളുകള്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തതോടെ അദ്ദേഹത്തിന് തന്റെ മര്‍ക്കടമുഷ്ടി ഉപേക്ഷിക്കേണ്ടിവന്നു. അങ്ങനെയാണ് നികുതി വര്‍ധനവ് ആറു മാസത്തേയ്ക്ക് നടപ്പിലാക്കില്ലെന്ന് മാക്രോണിന് സമ്മതിക്കേണ്ടിവന്നത്. അതിന് മുമ്പായി താഴ്ന്ന വരുമാനക്കാര്‍ക്കായി 50 കോടി യൂറോ(57 കോടി ഡോളര്‍)യുടെ ഒരു ധനസഹായ പദ്ധതിയും പ്രഖ്യാപിച്ചിരുന്നു.
പ്രധാനമന്ത്രി എഡ്വാര്‍ഡ് ഫിലിപ്പെയാണ് ടെലിവിഷനിലൂടെ ഇന്ധനനികുതിയും വൈദ്യുതി ചാര്‍ജ് വര്‍ധനവും പിന്‍വലിച്ച വിവരം നാട്ടുകാരെ അറിയിച്ചത്. വാതകവില വര്‍ധനവും പിന്‍വലിച്ച പരിഷ്‌കാരങ്ങളുടെ പട്ടികയിലുണ്ട്. വാതക വിലവര്‍ധനവ് ശീതകാലം തീരുംവരെയാണ് നിര്‍ത്തിവയ്ക്കുന്നത്. മിനിമം കൂലി കൂട്ടണമെന്നും പ്രക്ഷോഭകാരികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ വരികള്‍ കുറിക്കുമ്പോഴും അതേപ്പറ്റിയുള്ള പ്രഖ്യാപനം ഒന്നും ഉണ്ടായിട്ടില്ല. ജനകീയ രോഷം കാണാതിരിക്കാന്‍ അന്ധര്‍ക്കും ബധിരര്‍ക്കും മാത്രമേ കഴിയൂ എന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം അര്‍ത്ഥവത്താണ്. പ്രസിഡന്റ് മാക്രോണ്‍ പരസ്യമായി ഇതുസംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ല. തല്‍കാലത്തേക്ക് ഇതുസംബന്ധിച്ച് പ്രസിഡന്റ് ഒന്നും പ്രസ്താവിക്കുന്നില്ലെന്നു മാത്രമായിരുന്നു പ്രസിഡന്റിന്റെ ഔദ്യോഗിക വക്താവിന്റെ അറിയിപ്പ്. രാജ്യത്തിന്റെ ഐക്യം അപകടത്തിലാക്കിക്കൊണ്ടുള്ള ഒരു നികുതിയും സ്വീകാര്യമല്ലെന്ന് പ്രധാനമന്ത്രിയുടെ അഭിപ്രായം ശ്രദ്ധിച്ചാല്‍ പ്രസിഡന്റ് മാക്രോണ്‍ ഒരു പടി താഴേക്കിറങ്ങിയിരിക്കുന്നുവെന്നും അനുമാനിക്കാം. എന്നാല്‍ നികുതി പിരിവ് ആറു മാസത്തേക്കുണ്ടാവില്ലെന്നു മാത്രമാണ് സര്‍ക്കാരിന്റെ വാഗ്ദാനമെന്ന് ഓര്‍ത്തിരിക്കേണ്ടതുണ്ട്. അതിനാല്‍ പ്രക്ഷോഭകാരികളുടെ രോഷം തണുത്തുകഴിയുമ്പോള്‍ സ്ഥിതി എന്താകുമെന്ന് പറയാനാകില്ല. അതിസമ്പന്നര്‍ക്ക് നല്‍കിയ ഇളവുകള്‍ പിന്‍വലിക്കുമെന്നും മാക്രോണ്‍ ഭരണത്തിന്റെ വക്താക്കള്‍ പ്രസ്താവിക്കുന്നില്ല.

ഈ സാഹചര്യത്തില്‍ ‘മഞ്ഞക്കുപ്പായ’ക്കാരുടെ പ്രക്ഷോഭം ഉടനടി അവസാനിക്കുമെന്നും കരുതാനാകില്ല. അതെന്തായാലും താല്‍ക്കാലികമായെങ്കിലും മാക്രോണിന്റെ ഉദാരവല്‍ക്കരണ എടുത്തുചാട്ടത്തിന് തടയിടാന്‍ കഴിഞ്ഞുവെന്നത് നവോത്ഥാനകാലത്തും പിന്നീടും ശാസ്ത്രത്തിന്റെയും തത്വചിന്തയുടെയും മേഖലകളില്‍ ലോകത്തിന് ഗണ്യമായ സംഭവനകള്‍ നല്‍കിയ ഫ്രാന്‍സ് ഇനിയും മുന്നോട്ടുതന്നെ നീങ്ങുകയാണെന്നതില്‍ സംശയമില്ല. കാള്‍മാര്‍ക്‌സിന്റെയും എംഗല്‍സിന്റെയും സോഷ്യലിസ്റ്റ് ചിന്ത രൂപംകൊണ്ടിരുന്ന കാലത്ത് ജന്മദേശമായ ജര്‍മ്മനിയില്‍ നിന്നും മറ്റും ബഹിഷ്‌കരിക്കപ്പെട്ടപ്പോള്‍ അവര്‍ക്ക് ഇടക്കാല അഭയം നല്‍കിയ രാജ്യമാണ് ഫ്രാന്‍സ് എന്നും വിസ്മരിക്കാനാവില്ല. ലണ്ടന്‍ സ്ഥിരമായി അവരെ ദത്തെടുക്കുന്നതിന് മുമ്പ് ഫ്രാന്‍സില്‍ ജീവിച്ചുകൊണ്ടാണ് ആ ചിന്താഗതി ഇരുവരും തേച്ചുമിനുക്കാന്‍ തുടങ്ങിയത്.

1917ല്‍ റഷ്യയിലെ ഒക്‌ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവം വിജയിക്കുന്നതിന് 47 സംവത്സരങ്ങള്‍ക്ക് മുമ്പ് 1871ല്‍ തൊഴിലാളി വര്‍ഗത്തിന്റെ ഒരു സോഷ്യലിസ്റ്റ് ഭരണകൂടത്തിന് അടിത്തറ പാകിയ ‘പാരിസ് കമ്മ്യൂണി’ന് ജന്മം നല്‍കിയതും ഫ്രാന്‍സ് തന്നെയാണ്. ആ ചരിത്രപുരോഗതിയില്‍ തുടര്‍ന്നും ഫ്രാന്‍സ് ഭാഗഭാക്കായിരിക്കുമെന്ന വാഗ്ദാനമാണ് ഫ്രാന്‍സിലെ പുതിയ സംഭവവികാസങ്ങളില്‍ നമുക്ക് ദര്‍ശിക്കാന്‍ കഴിയുന്നത്. മാനവ വികാസത്തിന്റെ ചരിത്രം ഒരു നേര്‍വരയിലൂടെയല്ലല്ലോ മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്നത്. ഭൂമുഖത്ത് മനുഷ്യരാശി ഉദയം ചെയ്തിട്ട് രണ്ടര ലക്ഷം വര്‍ഷങ്ങളായെങ്കിലും എല്ലായിടത്തുമുള്ള അവന്റെ വളര്‍ച്ച ഒരേരീതിയിലല്ലല്ലോ പുരോഗമിച്ചിട്ടുള്ളത്. ബുദ്ധനും യേശുക്രിസ്തുവും മുഹമ്മദ് നബിയും അവരുടെ തത്വസംഹിത മനുഷ്യന്റെ മുമ്പില്‍ അവതരിപ്പിച്ചിട്ട് ചില സഹസ്രാബ്ദങ്ങള്‍ മാത്രമേ ആയിട്ടുമുള്ളല്ലോ. അതിനിടയില്‍ രൂപംകൊണ്ട സാമൂഹ്യ വ്യവസ്ഥകള്‍ മാറി വന്നിട്ടുള്ളതും പലയിടങ്ങളില്‍ പല കാലയളവുകളിലുമാണല്ലോ. ആ മുന്നേറ്റത്തിനിടയ്ക്കുള്ള ഒരു നുറുങ്ങു വെട്ടമായി കണ്ടാല്‍ മതി ഈ മഞ്ഞപ്പടയുടെ രംഗപ്രവേശത്തെയും.