നെതന്യാഹുവിനെതിരെ വന്‍ പ്രതിഷേധം

Web Desk
Posted on December 03, 2017, 10:56 pm

ടെല്‍ അവിവ്: സര്‍ക്കാരിനെതിരെ ഇസ്രയേലില്‍ കൂറ്റന്‍ പ്രതിഷേധറാലി. പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനെതിരായ അഴിമതി ആരോപണം അന്വേഷിക്കുന്നത് മന്ദഗതിയിലാകുന്നുവെന്നാരോപിച്ചാണ് റാലി സംഘടിപ്പിച്ചത്. പതിനായിരക്കണക്കിന് ജനങ്ങളാണ് റാലിയില്‍ പങ്കെടുത്തത്.
സ്വദേശികളും വിദേശികളുമായ ബിസിനസുകാരില്‍നിന്ന് ആയിരക്കണക്കിന് ഡോളര്‍ വിലയുള്ള പാരിതോഷികങ്ങള്‍ സ്വീകരിച്ചെന്നതാണ് നെതന്യാഹുവിനെതിരായ ആരോപണം. ഇത്തരത്തിലുള്ള നിരവധി അഴിമതിയാരോപണങ്ങളാണ് മാസങ്ങള്‍ക്കകം നെതന്യാഹുവിന്റെ സര്‍ക്കാരിനെതിരെ ഉയര്‍ന്നത്. ജര്‍മനിയുമായുള്ള അന്തര്‍വാഹിനി വാങ്ങാനുള്ള ഇടപാട്, 2009ല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വന്‍ തുക നെതന്യാഹുവിന് നല്‍കിയെന്ന ഫ്രഞ്ച് കോടീശ്വരന്‍ അര്‍നോഡ് മിമ്രാന്റെ വെളിപ്പെടുത്തല്‍, സ്വകാര്യജോലി ചെയ്ത കരാറുകാരന് സര്‍ക്കാരില്‍നിന്ന് പണം നല്‍കിയത്, ബ്രിട്ടനിലേക്കുള്ള വിമാത്തില്‍ സ്വകാര്യകിടപ്പറയ്ക്കായി 1.27 ലക്ഷം ഡോളര്‍ ചെലവിട്ടത് തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് നെതന്യാഹു നേരിടുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നെതന്യാഹുവിനെ പൊലിസ് ചോദ്യം ചെയ്തിരുന്നു.
അയല്‍രാജ്യമായ ഇസ്രയേലിലെ മാര്‍ക്കറ്റില്‍ നിന്നുള്ള നടപ്പാതയിലൂടെയാണ് റാലി നടന്നത്. ബിബി തിരികെപ്പോകുക, നാണക്കേട് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.
ബിബിയും സര്‍ക്കാരും ചേര്‍ന്ന് രാജ്യത്തെ നശിപ്പിക്കുകയാണ്. അഴിമതി അത് പരിധികള്‍ പലതവണ ലംഘിച്ചുകഴിഞ്ഞു. ഇനിയും ഇതനുവദിക്കരുതെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് ഐസക് ഹെര്‍സോഗ് പ്രതിഷേധത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
പൊലിസ് അന്വേഷണത്തില്‍ നിന്ന് നെതന്യാഹുവിന് രക്ഷനേടാനുള്ള പഴുതുകണ്ടെത്താനുള്ള ബില്ലിന്റെ അവതരണം പാര്‍ലമെന്റില്‍ ഇന്ന് നടക്കാനിരിക്കെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.