11 December 2024, Wednesday
KSFE Galaxy Chits Banner 2

നാഗാലാന്‍ഡിലെ കൂട്ടക്കൊല

Janayugom Webdesk
December 7, 2021 5:00 am

നാഗാലാന്‍ഡില്‍ ഗ്രാമീണര്‍ക്ക് നേരെ സുരക്ഷാസേന നടത്തിയ വെടിവയ്പ്പിലും തുടര്‍ന്നുണ്ടായ പ്രതിഷേധത്തിലും 15 പേരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച നേരിട്ടുള്ള വെടിവയ്പില്‍ 13 നിരപരാധികളായ തൊഴിലാളികളും പിന്നീടുണ്ടായ പ്രതിഷേധത്തിനിടെ ഒരു സൈനികനും കൊല്ലപ്പെട്ടു. ഈ സംഭവത്തില്‍ പ്രതിഷേധിച്ച നാട്ടുകാര്‍ക്കെതിരായ നടപടിക്കിടെ ഉണ്ടായ വെടിവയ്പിലാണ് ഒരുനാട്ടുകാരന്‍ കൂടി കൊല്ലപ്പെടുന്നത്. നാഗാലാന്‍ഡ് സംസ്ഥാനത്ത് മോണ്‍ ജില്ലയില്‍ ഉള്‍പ്പെട്ട ഓട്ടിങ് മേഖലയിലെ ടിരി ഗ്രാമത്തിലാണ് കല്‍ക്കരി ഖനിയില്‍ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗ്രാമീണര്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. വിഘടനവാദികളുടെ നീക്കം സംബന്ധിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മ്യാന്മര്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് എത്തിയതെന്നാണ് സൈന്യത്തിന്റെ വിശദീകരണം. പ്രാദേശിക പൊലീസിനെയോ അസം റൈഫിള്‍സിനെയോ അറിയിക്കാതെ എത്തിയ പാരാ സ്പെഷല്‍ ഫോഴ്സിന്റെ കമാന്‍ഡോ സംഘമാണ് ട്രക്കില്‍ തൊഴിലാളികള്‍ക്കുനേരെ നിറയൊഴിച്ചത്. ഒരു മേജറുടെ നേതൃത്വത്തിലെത്തിയ സംഘമാണ് കൃത്യം നിര്‍വഹിച്ചത്. സംഭവമറിഞ്ഞെത്തിയ ബിജെപി നേതാവിന്റെ സംഘത്തിനു നേരെയും വെടിവയ്ക്കുകയും ഇതില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. 13 പേരുടെ മരണത്തിനിടയാക്കിയ സൈനിക വെടിവയ്പാണ് പിന്നീടുണ്ടായ സംഘര്‍ഷങ്ങള്‍ക്കും അശാന്തമായ സാഹചര്യങ്ങള്‍ക്കും കാരണമായത്. ഗ്രാമീണര്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ ഖേദം രേഖപ്പെടുത്തിയ അസം റൈഫിള്‍സ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി സഖ്യത്തിലുള്ള സര്‍ക്കാരും പ്രത്യേക അന്വേഷണത്തിന് തീരുമാനിച്ചിട്ടുണ്ട്. ആദ്യന്തം ദുരൂഹമായ സൈനിക നീക്കങ്ങളാണ് 15 ജീവനുകള്‍ നഷ്ടപ്പെടാനിടയാക്കിയതെന്നത് വ്യക്തമാണ്. അതുകൊണ്ടുതന്നെ നിരവധി ചോദ്യങ്ങളും സംശയങ്ങളുമാണ് ഈ സംഭവം നമുക്ക് മുന്നില്‍ ഉയര്‍ത്തുന്നത്. അതിനുള്ള കൃത്യമായ ഉത്തരം ലഭിക്കേണ്ടത് കേന്ദ്ര സര്‍ക്കാരില്‍ നിന്നാണ് താനും. ഇന്റലിജന്‍സ് സംവിധാനത്തിന് ദയനീയമായ പരാജയമാണ് സംഭവിച്ചതെന്ന് ഈ സംഭവം ബോധ്യപ്പെടുത്തുന്നു. ഇന്റലിജന്‍സ് പരാജയം ഇപ്പോള്‍ തുടര്‍ക്കഥ പോലെ ആയിരിക്കുകയാണ്. 2019 ഫെബ്രുവരിയില്‍ 40 സുരക്ഷാ ഭടന്മാരുടെ വീരമൃത്യുവിന് കാരണമായത് ഇന്റലിജന്‍സിന്റെയും ഉന്നതരുടെയും ഗുരുതരമായ വീഴ്ചയായിരുന്നുവെന്ന് പിന്നീട് വെളിപ്പെടുത്തലുകളുണ്ടായിരുന്നു. കശ്മീരില്‍ നിന്ന് അത് വടക്കുകിഴക്കന്‍ സംസ്ഥാനമായ നാഗാലാന്‍ഡിലെ കഴിഞ്ഞ ദിവസത്തെ സംഭവത്തിലെത്തുമ്പോഴും അതേ വീഴ്ചയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. വിഘടനവാദികളുടെ നീക്കം സംബന്ധിച്ച രഹസ്യവിവരമാണ് സൈനിക നടപടിക്കുകാരണമായതെന്നാണ് വിശദീകരണം. കൊല്ലപ്പെട്ടിരിക്കുന്നത് ഗ്രാമീണ തൊഴിലാളികളാണ്. അപ്പോള്‍ വിവരം ലഭിച്ചുവെന്ന് പറയപ്പെടുന്ന വിഘടനവാദികള്‍ക്കെതിരായ നടപടി എന്തായി, ലഭിച്ച വിവരം വ്യാജമായിരുന്നോ എന്നിങ്ങനെയുള്ള സംശയങ്ങള്‍ സ്വാഭാവികമാണ്.


ഇതുകൂടി വായിക്കാം; നാഗാലാന്‍ഡില്‍ പ്രതിഷേധം കത്തുന്നു


 

ഇന്റലിജന്‍സ് സംവിധാനത്തിന്റെയും അതിലൂടെ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെയും പൂര്‍ണ പരാജയമാണ് ഇതിലൂടെ തുറന്നുകാട്ടപ്പെടുന്നത്. ഈ സംഭവത്തോടെ ഉയര്‍ന്നുവരുന്ന മറ്റൊരു പ്രശ്നം കുപ്രസിദ്ധമായ, സായുധ സേനയ്ക്കുള്ള പ്രത്യേകാധികാര നിയമ (ആംഡ് ഫോഴ്സ് സ്പെഷല്‍ പവര്‍ ആക്ട് — അഫ്‌സ്‌പ) മാണ്. 1958ല്‍ കൊണ്ടുവന്ന ഈ നിയമം സായുധ സേനകള്‍ക്ക് അതിര്‍ത്തി സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കുനേരെ അതിക്രമങ്ങള്‍ നടത്തുന്നതിനുള്ള അധികാരമായാണ് പ്രയോഗിക്കപ്പെടുന്നത്. വ്യക്തി സ്വാതന്ത്ര്യം പോലും ഹനിക്കപ്പെടുന്ന എത്രയോ സംഭവങ്ങള്‍ ഇതിന്റെ ഫലമായുണ്ടായി. അതുകൊണ്ടുതന്നെ നിയമം റദ്ദാക്കണമെന്ന ആവശ്യം ബന്ധപ്പെട്ട സംസ്ഥാനങ്ങളില്‍ വളരെ ശക്തവുമാണ്. ഇറോം ശര്‍മിളയുടെ ദീര്‍ഘവര്‍ഷത്തെ നിരാഹാര സമരം ഈ ആവശ്യം ഉന്നയിച്ചുള്ളതായിരുന്നു. സൈന്യത്തിന് അമിതാധികാരം നല്കുന്ന പ്രവണത നേരത്തെതന്നെ വിമര്‍ശന വിധേയമാണ്. എന്നാല്‍ ബിജെപി അധികാരത്തിലെത്തിയതിന് ശേഷം അത് കൂടുകയാണ് ചെയ്തത്. അതിര്‍ത്തി രക്ഷാസേന (ബിഎസ്എഫ്) യ്ക്ക് അധികാര പരിധി നീട്ടുന്ന തീരുമാനമുണ്ടായത് ഒക്ടോബറിലായിരുന്നു. അറസ്റ്റ് ചെയ്യുന്നതിനും പിടിച്ചെടുക്കുന്നതിനും പരിശോധിക്കുന്നതിനും ബിഎസ്എഫിനുള്ള അധികാര പരിധി 15ല്‍ നിന്ന് 50 കിലോമീറ്ററാക്കുകയായിരുന്നു. അതേസമയം ഗുജറാത്തില്‍ പരിധി കുറയ്ക്കുകയും ചെയ്തു. ഈ വിഷയത്തില്‍പോലും പ്രാദേശിക വിവേചനമാണ് കേന്ദ്രസര്‍ക്കാര്‍ കാട്ടിയത്. ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിനുശേഷം അതിര്‍ത്തി സംസ്ഥാനങ്ങളിലെല്ലാം വിഘടന പ്രവര്‍ത്തനങ്ങളും പ്രാദേശിക സംഘര്‍ഷങ്ങളും വ്യാപിക്കുകയാണ് ചെയ്യുന്നത്. ആഭ്യന്തര വകുപ്പിന്റെ പരാജയം മാത്രമല്ല അതാതിടങ്ങളിലെ വിഘടന സംഘടനകളുമായി കൈകോര്‍ത്ത് സംസ്ഥാന അധികാരം പിടിക്കുവാനും നിലനിര്‍ത്തുവാനുമുള്ള ബിജെപിയുടെ അപകടകരമായ നിലപാടുകളും ഇതിന് കാരണമാണ്. അതുകൊണ്ടാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലായാലും കശ്മീര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലായാലും സംഘര്‍ഷങ്ങളും ഭീകര പ്രവര്‍ത്തനങ്ങളും പതിവാകുന്നത്. സൈന്യത്തെ അമിതാധികാര ശക്തിയായി മാറ്റിയതും മറ്റൊരു കാരണമാണ്. അതുകൊണ്ട് നാഗാലാന്‍ഡിലെ തൊഴിലാളികളുടെ കൂട്ടക്കൊലയ്ക്ക് യഥാര്‍ത്ഥ ഉത്തരവാദി കേന്ദ്ര സര്‍ക്കാരാണ്. അമിത്ഷാ ഇന്നലെ സഭയില്‍ ക്ഷമ ചോദിച്ചുവെങ്കിലും സംഭവത്തെ ന്യായീകരിക്കുന്ന വിധത്തിലാണ് സംസാരിച്ചത്. തെറ്റുപറ്റിയെന്ന ഏറ്റുപറച്ചിലോ ക്ഷമ ചോദിക്കലോ കൊണ്ടു തീരുന്നതല്ല ഈ വിഷയം. അവകൊണ്ട് മരിച്ചവരുടെ ജീവനുകള്‍ തിരികെ കിട്ടുകയുമില്ല. അതിര്‍ത്തികളില്‍ നിരാലംബമാകുന്ന കുടുംബങ്ങളും അനാഥരാകുന്ന മക്കളും ഇല്ലാതാക്കുന്ന വിധത്തിലുള്ള നയംമാറ്റമാണ് ഉണ്ടാകേണ്ടത്.

You may also like this video;

TOP NEWS

December 11, 2024
December 11, 2024
December 11, 2024
December 11, 2024
December 10, 2024
December 10, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.