25 April 2024, Thursday

കരിനിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ രണ്ടാഴ്ചയ്ക്കുള്ളിൽ വൻ പ്രക്ഷോഭം: കർഷക നേതാക്കൾ

Janayugom Webdesk
ന്യൂഡല്‍ഹി
November 1, 2021 1:22 pm

കേന്ദ്ര സർക്കാർ കാർഷിക നിയമം  പിൻവലിച്ചില്ലെങ്കിൽ നവംബർ 26നകം  ഡൽഹി അതിർത്തിയിൽ പ്രതിഷേധം ശക്തമാക്കുമെന്ന് കർഷക നേതാവ് രാകേഷ് ടികായത് കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി. കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം ഒരു വർഷത്തോടടുക്കുന്നതിനിടെയാണ് ഭാരതീയ കിസാൻ യൂണിയൻ (ബികെയു) മേധാവിയുടെ പുതിയ മുന്നറിയിപ്പ്.

കേന്ദ്ര സർക്കാരിന് നവംബർ 26 വരെ സമയമുണ്ട്, അതല്ലെങ്കില്‍ നവംബർ 27 മുതൽ കർഷകർ ഗ്രാമങ്ങളിൽ നിന്ന് ട്രാക്ടറുകളിൽ ഡൽഹിക്ക് ചുറ്റുമുള്ള അതിർത്തിയിലെത്തുകയും ശക്തമായ കോട്ടകൾ ഉപയോഗിച്ച് സമരസ്ഥലം ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു. രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് അദ്ദേഹം കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകുന്നത്. ഡൽഹി അതിർത്തിയിൽ നിന്ന് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഞായറാഴ്ച ടികായിത് സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു.

അതിർത്തിയിൽ നിന്ന് കർഷകരെ ബലം പ്രയോഗിച്ച് നീക്കം ചെയ്യാൻ ശ്രമിച്ചാൽ, അവർ രാജ്യത്തുടനീളമുള്ള സർക്കാർ ഓഫീസുകളെ ധാന്യ വിപണന കേന്ദ്രമാക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സമരസ്ഥലത്ത് തങ്ങളുടെ കൂടാരം പൊളിക്കാൻ ഭരണകൂടം ശ്രമിച്ചാൽ കർഷകർ അത് പൊലീസ് സ്റ്റേഷനുകളിലും ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിലും സ്ഥാപിക്കുമെന്നും ടികായത് പറഞ്ഞു.
കഴിഞ്ഞ വർഷം പാസാക്കിയ മൂന്ന് നിയമങ്ങളും തങ്ങളുടെ താൽപ്പര്യത്തിന് വിരുദ്ധമാണെന്ന് അവകാശപ്പെട്ട് കഴിഞ്ഞ വർഷം നവംബർ 26 മുതൽ ആയിരക്കണക്കിന് കർഷകർ മൂന്ന് അതിർത്തി പ്രദേശങ്ങളായ തിക്രി, സിംഗു, ഗാസിപൂർ എന്നിവിടങ്ങളില്‍ പ്രതിഷേധം നടത്തിവരികയാണ്. എന്നാൽ ഈ നിയമങ്ങൾ കർഷകർക്ക് അനുകൂലമാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം . കേന്ദ്രവും കർഷകരും തമ്മിൽ പലവട്ടം ചർച്ചകൾ നടന്നെങ്കിലും അനിശ്ചിതത്വം തുടരുകയാണ്.

Eng­lish sum­ma­ry: Mas­sive agi­ta­tion in two weeks if car­nage laws are not repealed: Peas­ant leaders

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.