ഭീമമായ ഫീസ്: ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്ന് പാവപ്പെട്ടവരുടെ കൊഴിഞ്ഞുപോക്ക്

Web Desk
Posted on December 02, 2019, 10:56 pm

ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗണ്യമായ ഫീസ് വർധന പാവപ്പെട്ട വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കിന് കാരണമാകുന്നു. വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് വർധിക്കുന്നതായി ഇതുമായി ബന്ധപ്പട്ട് വിവിധ സന്നദ്ധ സംഘടനകൾ തയ്യാറാക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഉയർന്ന ഫീസും ജാതി വിവേചനവുമാണ് കുട്ടികളുടെ കൊഴിഞ്ഞുപോക്കിന് മുഖ്യകാരണങ്ങളെന്ന് നേരത്തെ നടത്തിയ പഠനങ്ങൾ വ്യക്തമാക്കിയിരുന്നു. വിവിധ സർവകലാശാലകൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ, നാഷണൽ ലാ യൂണിവേഴ്സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവിടങ്ങളിൽ നിന്നാണ് ഫീസ് വർധനയെ തുടർന്ന് വിദ്യാർഥികൾ പഠനം പാതിവഴിയിൽ അവസാനിപ്പിക്കുന്നത്.

അഞ്ച് വർഷത്തിനിടെ രാജ്യത്തെ ഐഐടികളിൽ നിന്നും 7,248 വിദ്യാർഥികളാണ് പാതിവഴിയിൽ പഠനം ഉപേക്ഷിച്ചതെന്ന് മാനവവിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊക്രിയാൽ നവംബർ 28 ന് രാജ്യസഭയെ അറിയിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 24 ഐഐടികളിൽ നിന്നായി 2,400 വിദ്യാർഥികളാണ് പഠനം ഉപേക്ഷിച്ചത്. ഇതിൽ 1,290 ജനറൽ വിഭാഗത്തിൽപ്പെട്ടവരും 1171 കുട്ടികൾ പട്ടികജാതി- പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരുമാണ്. ഐഐടികളിൽ പഠിക്കാനെത്തുന്ന വിദ്യാർഥികളുടെ എണ്ണം ഗണ്യമായി കുറയുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. രാജ്യത്തെ 23 ഐഐടികളിലേയ്ക്കുള്ള പ്രവേശനം ജോയിന്റ് എൻട്രൻസ് പരീക്ഷയുടെ (ജെഇഇ) അടിസ്ഥാനത്തിലാണ്. ജെഇഇ പരീക്ഷയുടെ ആദ്യഘട്ടം പാസാകുന്ന വിദ്യാർഥികളിൽ നല്ലൊരു വിഭാഗം രണ്ടാം ഘട്ട പരീക്ഷ പൂർത്തിയാക്കുന്നില്ലെന്നാണ് കഴിഞ്ഞ അഞ്ചുവർഷത്തെ വിദ്യാർഥി പ്രവേശനം സംബന്ധിച്ച പട്ടിക സൂചിപ്പിക്കുന്നത്. 2015ൽ 1.52 ലക്ഷം അപേക്ഷകരിൽ 28,000 വിദ്യാർഥികൾ ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതിയില്ല. 2019ൽ 2.45 ലക്ഷം അപേക്ഷകരിൽ 72,000 കുട്ടികൾ ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതാത്തതായുണ്ട്. ഐഐടികളിലെ സീറ്റുകൾ വർധിപ്പിക്കുന്നതിന് ആനുപാതികമായി യോഗ്യരായ വിദ്യാർഥികളുടെ എണ്ണം വർധിക്കുന്നില്ലെന്ന് ഐഐടി കാൺപൂരിലെ അധ്യാപകനായ പ്രൊഫ. ധീരജ് സാങ്കി പറഞ്ഞു. നിയമ പഠനം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 19 നാഷണൽ ലാ യൂണിവേഴ്സിറ്റികളാണ് പ്രവർത്തിക്കുന്നത്.

പ്രതിവർഷം 1.30 ലക്ഷം മുതൽ 1.02 ലക്ഷം രൂപവരെയാണ് വാർഷിക ഫീസ്. ഇതിനു പുറമേ 90,000 രൂപ ഹോസ്റ്റൽ, മെസ് ഫീസ് ഇനത്തിൽ പ്രതിവർഷം നൽകണം. എന്നാൽ ഈ വർഷം അക്കാഡമിക് ഫീസ് മാത്രം 3.5 ലക്ഷം രൂപയായി ഉയർത്തി. അഞ്ച് വർഷം ഒരു വിദ്യാർഥിക്ക് ഫീസിനത്തിൽ 17.5 ലക്ഷം രൂപയാണ് രക്ഷിതാക്കൾ നൽകേണ്ടത്. രാജ്യത്തെ വിദ്യാർഥികൾക്ക് കാര്യക്ഷമമായ സാങ്കേതിക വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐഐടികൾ സ്ഥാപിച്ചത്. 2016ൽ ഐഐടികളിലെ ബി ടെക് കോഴ്സിന്റെ ഫീസ് 60,000 രൂപയിൽ നിന്നും രണ്ട് ലക്ഷമായി വർധിപ്പിച്ചിരുന്നു. എം ടെക് കോഴ്സിന്റെ ഫീസ് രണ്ട് ലക്ഷമായി ഉയർത്തി. മോഡി സർക്കാർ അധികാരത്തിൽ എത്തിയശേഷം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് ഗണ്യമായി വർധിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഐഐടികളിലെ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് വർധിച്ചിരുന്നു. ഇപ്പോഴത്തെ ഫീസ് വർധന കൊഴിഞ്ഞുപോക്ക് കൂടുതലാക്കുമെന്നും വിദ്യാർഥി സംഘടനകൾ ആരോപിക്കുന്നു.