ഹൈദരാബാദിലെ ചാർമിനാറിനടുത്തുള്ള ഗുൽസാർ ഹൗസിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഏഴ് വയസ്സുകാരി ഉള്‍പ്പെടെ 17 പേർക്ക് ദാരുണാന്ത്യം. 15 പേർക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. ഗുൽസാർ ഹൗസ് ജനങ്ങൾ തിങ്ങി പാർക്കുന്ന തെരുവാണ്. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളില്‍ പലതും ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ളതും പരസ്പരം മതിലുകൾ പങ്കിടുന്ന രീതിയിൽ നിർമ്മിച്ചിരിക്കുന്നതുമാണ്. ഇവിടെയുള്ള ഒരു മുത്ത് വ്യാപാരക്കടയിലാണ് ആദ്യം തീപിടുത്തമുണ്ടായത്. പിന്നീട് താഴത്തെ നിലയിൽ നിന്ന് മുകളിലെ കെട്ടിടങ്ങളിലേക്ക് തീപടരുകയായിരുന്നു. പുലർച്ചെ ആയതിനാൽ പലരും ഉറക്കത്തിലായിരുന്നു. പ്രദേശം പുക കൊണ്ട് മൂടിയപ്പോഴാണ് അപകടവിവരം പുറത്തറിയുന്നത്.
12 യൂണിറ്റ് ഫയർഫോഴ്‌സെത്തി തീ ഉടനെ അണച്ചെങ്കിലും പുക തിങ്ങി നിറഞ്ഞതിനാൽ കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്ന പലരെയും പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. പലരും ശ്വാസം മുട്ടിയാണ് മരിച്ചത്. വീടുകളിൽ ഉണ്ടായിരുന്ന ഭൂരിഭാഗം പേരും മരിച്ചതായി മന്ത്രി പൊന്നം പ്രഭാകർ വ്യക്തമാക്കി.
സംഭവത്തിൽ മുഖ്യമന്ത്രി രേവന്ത് റെഡി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവരെ ഒസ്‌മാനിയ മെഡിക്കൽ കോളജ്, ഹൈദർഗുഡ, ഡിആർഡിഒ ആശുപത്രികളിലേക്ക് മാറ്റി. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.