Sunday
21 Apr 2019

പാരീസിലെ നോത്രദാം പള്ളിയില്‍ വന്‍ തീപ്പിടിത്തം; കത്തിനശിച്ചത് ചരിത്രസൂക്ഷിപ്പുകള്‍

By: Web Desk | Tuesday 16 April 2019 8:37 AM IST


പാരീസ്: പാരീസിലെ പുരാതന ദേവാലയമായ നോത്രദാം പള്ളിയില്‍ വന്‍ തീപിടുത്തം. തീപിടുത്തത്തില്‍ പള്ളിയുടെ പ്രധാന ഗോപുരവും മേല്‍ക്കൂരയും പൂര്‍ണമായും കത്തിനശിച്ചു. എന്നാല്‍ പ്രധാന കെട്ടിടവും പ്രശസ്തമായ രണ്ട് മണി ഗോപുരങ്ങളും സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു. നോത്ര ദാം കത്തീഡ്രല്‍ 12ാം നൂറ്റാണ്ടിലാണ് പണികഴിപ്പിച്ചത്.

Plumes of smoke from the Notre Dame fire billow out over Paris.

കത്തീഡ്രലില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതിനിടെയാണ് തീപ്പിടിത്തമുണ്ടായത്. മണിക്കൂറുകള്‍ നീണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്. കത്തീഡ്രലില്‍ സൂക്ഷിച്ചിരുന്ന അമൂല്യ വസ്തുക്കള്‍ സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍പെടുന്ന 850 വര്‍ഷം പഴക്കമുള്ള കെട്ടിടമാണിത്. 400 ല്‍ പരം അഗ്നിശമനാസേന പ്രവര്‍ത്തകര്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചാണ് തീയണച്ചത്. തീപിടുത്തെത്തുടര്‍ന്നു പ്രദേശത്തിനു ചുറ്റുമുള്ള കെട്ടിടങ്ങളില്‍നിന്ന് ആളുകളെ രക്ഷാപ്രവര്‍ത്തകര്‍ ഒഴിപ്പിച്ചു. കത്തീഡ്രലിലേക്കുള്ള വഴികള്‍ പൊലീസും അഗ്നിരക്ഷാസേനയും തടഞ്ഞു.

ക്രിസ്ത്യന്‍ മതവുമായി ബന്ധപ്പെട്ട അമൂല്യമായ പല വസ്തുക്കളും ഈ കത്തീഡ്രലില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. യേശുവിനെ തൂക്കിലേറ്റിയ കുരിശിന്റെ ഭാഗം, കുരിശില്‍ തറയ്ക്കാനുപയോഗിച്ച ആണികളില്‍ ഒന്ന്, യേശുക്രിസ്തുവിനെ കുരിശില്‍ തറച്ചപ്പോള്‍ തലയില്‍ ധരിപ്പിച്ച മുള്‍ക്കിരീടത്തിന്റെ ഭാഗം, 1270ല്‍ കുരിശ് യുദ്ധത്തിനിടെ മരിച്ച ഫ്രാന്‍സ് രാജാവും പിന്നീട് വിശുദ്ധനുമായ ലൂയിസിന്റെ വസ്ത്രത്തിന്റെ ഭാഗം തുടങ്ങിയ വിശുദ്ധ വസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിരുന്നു. ഇവ അടക്കമുള്ള എല്ലാ അമൂല്യ വസ്തുക്കളും സുരക്ഷിതമാണെന്ന് പാരീസ് മേയര്‍ അറിയിച്ചു.

വിശുദ്ധ തിരുശേഷിപ്പുകള്‍ക്ക് പുറമെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിരവധി അമൂല്യ കലാവസ്തുക്കളും പെയിന്റിങ്ങുകളും കത്തീഡ്രലില്‍ സൂക്ഷിച്ചിരുന്നു. ഇവയില്‍ എത്രയെണ്ണം സുരക്ഷിതമാണെന്ന് വ്യക്തമല്ല. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം കൂടിയാണ് നോത്രദാം കത്തീഡ്രല്‍.

GP: FRANCE-FIRE-NOTRE DAME 4

തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഏതെങ്കിലും തരത്തിലുള്ള അട്ടിമറി ഉണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണ്.