നെഹ്റുവിനെതിരായ കേന്ദ്രമന്ത്രിയുടെ പരാമർശത്തിൽ പാർലമെന്റിൽ വൻ പ്രതിഷേധം

റെജി കുര്യന്‍

ന്യൂഡല്‍ഹി

Posted on September 18, 2020, 10:24 pm

കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറിന്റെ വിവാദ പരാമര്‍ശത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി പ്രതിപക്ഷം. പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങിയ സഭ നാലുവട്ടം നിർത്തിവച്ചു. പിഎം കെയേഴ്‌സ് ഫണ്ട് ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു കൊണ്ടുവന്ന പിഎം നാഷണല്‍ റിലീഫ് ഫണ്ടിനു രജിസ്‌ട്രേഷന്‍പോലും ഇല്ലായിരുന്നെന്നും പിഎം കെയേഴ്സ് സംബന്ധിച്ച വിഷയം അവതരിപ്പിക്കുന്നതിനിടെ താക്കൂര്‍ പറഞ്ഞു. നെഹ്‌റുവിന്റെ കാലത്തെ ഫണ്ടിന്റെ പ്രയോജനം ഒരു കുടുംബത്തിനു മാത്രമായിരുന്നുവെന്നാണ് അദ്ദേഹം പ്രത്യേകിച്ച് പേരു പരാമര്‍ശിക്കാതെ സഭയില്‍ പറഞ്ഞത്. ഇതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.

കോണ്‍ഗ്രസ് അംഗം അധിർ രഞ്ജന്‍ ചൗധരി ഏതാണീ ചെക്കന്‍ എന്ന് പരാമര്‍ശിച്ചതോടെ പ്രതിപക്ഷവും എതിര്‍പ്പുമായി രംഗത്തെത്തി. മന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. ഇതിനു പുറമെ സ്പീക്കര്‍ പക്ഷപാതപരമായാണ് ഭരണ, പ്രതിപക്ഷ ബെഞ്ചുകളോടു ഇടപെടുന്നതെന്നും അംഗങ്ങള്‍ ആരോപിച്ചു. എന്നാല്‍ അത്തരമൊരു നിലപാട് താൻ സ്വീകരിച്ചിട്ടില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി. ശാന്തരാകാനുള്ള സ്പീക്കറുടെ ആവശ്യത്തോടു വിയോജിച്ച് പ്രതിപക്ഷം ബഹളം ശക്തമാക്കിയതോടെ 4.20ന് സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു.

തുടര്‍ന്ന് അഞ്ചു മണിയോടെ വീണ്ടും പ്രതിപക്ഷ ബഹളത്തില്‍ മുങ്ങിയ സഭ അര മണിക്കൂര്‍ നേരത്തേക്ക് പിരിഞ്ഞു. അഞ്ചരയ്ക്കും ആറിനും സമാനമായ രംഗങ്ങളാണ് സഭയില്‍ അരങ്ങേറിയത്. തുടര്‍ന്ന് കക്ഷി നേതാക്കളുമായി സ്പീക്കര്‍ നടത്തിയ സമവായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സഭാ നടപടികള്‍ പുനരാരംഭിച്ചത്. നികുതി സംബന്ധമായ നിയമ (ഇളവുകളും ചില വ്യവസ്ഥകളുടെ ഭേദഗതിയും) ബിൽ 2020 ആണ് സഭ ചര്‍ച്ചയ്ക്കെടുത്തത്. സപ്ലിമെന്ററി ഡിമാന്റ്‌സ് ഫോര്‍ ഗ്രാന്റ്‌സ് ഇന്നലെ ലോക്‌സഭ ചര്‍ച്ച ചെയ്തു.

ഹോമിയോപതി സെന്‍ട്രല്‍ കൗണ്‍സില്‍ ഭേദഗതി ബില്‍ 2020, ഇന്ത്യന്‍ മെഡിക്കല്‍ സെന്‍ട്രൽ കൗണ്‍സില്‍ ഭേദഗതി ബില്‍ 2020 എന്നിവ രാജ്യസഭ ശബ്ദവോട്ടോടെ പാസ്സാക്കി. ബില്ലുകളെ എതിര്‍ക്കുന്നതായി ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച സിപിഐ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബിനോയ് വിശ്വം പറഞ്ഞു. ഹോമിയോപതി കൗണ്‍സിലില്‍ അഴിമതി ഒഴിവാക്കാനാണ് പുതിയ നിയമ ഭേദഗതിയെന്ന സര്‍ക്കാര്‍ വാദത്തിന് കുറുന്തോട്ടിക്ക് വാതം പിടിച്ച അവസ്ഥയെന്നാണ് ബിനോയ് വിശ്വം വിശേഷിപ്പിച്ചത്. ഓര്‍ഡിനന്‍സുകളിലൂടെ നിയമം കൊണ്ടുവരുന്ന സര്‍ക്കാര്‍ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും ബിനോയ് ചൂണ്ടിക്കാട്ടി.
ബില്ലുകള്‍ സഭ തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് ബിനോയ് വിശ്വം, സിപിഐ (എം) അംഗങ്ങളായ എളമരം കരീം, കെ കെ രാഗേഷ്, കോണ്‍ഗ്രസ് അംഗം കെ സി വേണുഗോപാല്‍ എന്നിവർ പ്രമേയം കൊണ്ടു വന്നിരുന്നു.

ENGLISH SUMMARY:Massive protest in Par­lia­ment over Union Min­is­ter’s remarks against Nehru
You may also like this video