അതുല്യ എൻ വി
മാസ്റ്റർ ആദർശിനെ മലയാളികൾ മറക്കാനിടയില്ല. മണിബോക്സ് ആശയവുമായി മുഖ്യമന്ത്രിയുടെ മനം കവർന്ന കൊച്ചുമിടുക്കൻ. അന്നത്തെ ഒമ്പതാംക്ലാസുകാരന്റെ ബുദ്ധിയിൽ വിരിഞ്ഞ ആശയം ഇടം പിടിച്ചത് ഇന്ത്യാ ഗവൺമെന്റിന്റെ ബെസ്റ്റ് ഓഫ് ഇൻഡ്യൻ റെക്കോർഡ്സിൽ! ഈ കോവിഡ് കാലത്തും കുട്ടി ബിസിയാണ്… സ്കൂൾ തുറന്നാൽ ആരംഭിക്കാവുന്ന യമണ്ടൻ പദ്ധതികളുടെ പണിപ്പുരയിലാണ് വ്ലാത്താങ്കര വൃന്ദാവൻ ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയായ ആർ എ ആദർശ്. വിദ്യാലയത്തിൽ വച്ച് പാമ്പുകടിയേറ്റ ഷെഹലയുടെ മരണവും തന്റെ വീടിനടുത്തു രാത്രി ഉറങ്ങുമ്പോൾ പാമ്പുകടിയേറ്റ് പെൺകുട്ടി മരിക്കാനിടയായ സംഭവവും ആദർശിനെ കൊണ്ടെത്തിച്ചത് പുതിയ രണ്ട് പദ്ധതികളിലേക്കാണ്. എല്ലാ വിദ്യാലയങ്ങളിലും ഒരു ജനറൽ മെഡിസിൻ നഴ്സിനെ സ്ഥിരമായി നിയമിക്കുക. എല്ലാ ഗവൺമെന്റ് പ്രൈമറി ഹെൽത്ത് സെന്ററുകളിലും ആന്റിവെനം സൂക്ഷിക്കുക. ഈ രണ്ട് പദ്ധതികൾക്കും ആസൂത്രണ രേഖ തയ്യാറാക്കി സർക്കാരിന് നല്കാനൊരുങ്ങുകയാണ് ആദർശ്.
കോവിഡ് ശമിച്ച ശേഷം നേരിട്ട് മുഖ്യമന്ത്രിക്ക് പ്രോജക്ട് സമർപ്പിക്കാനാണ് ആദർശിന്റെ തീരുമാനം. കോവിഡ് കാലത്ത് സ്കൂളുകൾക്കൊപ്പം വീട്ടകങ്ങളിൽ അടച്ചിടേണ്ടി വന്നിട്ടും അവരുടെ ചിന്തകളെ, ക്രിയാത്മക പ്രവർത്തനങ്ങളെ തളയ്ക്കാൻ സാധ്യമല്ലെന്നും അവ അൺലോക്ക് ചെയ്ത് പുറത്ത് വരുമെന്നതിന് ഉദാഹരണം തീർക്കുകയാണ് ഈ 14 വയസ്സുകാരൻ. “കുട്ടികൾക്ക് സ്കൂളിൽവച്ച് സംഭവിക്കുന്ന ഏതപകടങ്ങൾക്കും തൽക്ഷണം വൈദ്യസഹായം എത്തിക്കാനാണ് ജനറൽ മെഡിസിൻ നഴ്സിനെ നിയമിക്കുന്ന പദ്ധതി ലക്ഷ്യമിടുന്നത്. അതുപോലെ പാമ്പുകടിയേറ്റവർക്ക് എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാക്കാനും മരണം ഒഴിവാക്കാനുമാണ് പ്രൈമറി ഹെൽത്ത് സെന്ററുകളിൽ ആന്റിവെനം സൂക്ഷിക്കുക എന്ന രണ്ടാമത്തെ പദ്ധതി”. തന്റെ അയൽക്കാരിയും സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ ആദിത്യ മരിക്കാനിടയായ സംഭവമാണ് പദ്ധതിക്ക് കാരണമായതെന്നും ആദർശ് പറയുന്നു.
പ്രവാസിയായ രമേശൻ നായരുടെയും ആശയുടെയും മകനാണ് ആദർശ്. പുറ്റിങ്കൽ വെടിക്കെട്ട് അപകടം, പ്രളയം തുടങ്ങിയ ദുരന്തങ്ങളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാമാസവും വ്യക്തിപരമായി നിശ്ചിത തുക സംഭാവനയായി നൽകിയിരുന്ന ആദർശ് ‘മണി ബോക്സ്’ എന്ന വിദ്യാലയ ധനസമാഹരണ പദ്ധതി ആശയം അവതരിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പദ്ധതിക്ക് അത് വലിയ ആവേശവും ആശ്വാസവും പകർന്നു നല്കി. വാർത്തകളിൽ ഇടം പിടിച്ചതോടെ സ്കൂളിലും നാട്ടിലും സ്റ്റാറായി മാറിയ ആദർശ് അഭിനന്ദനങ്ങളിലും അംഗീകാരങ്ങളിലും ഉടക്കി നില്ക്കാതെ നാട്ടിലെ സാമൂഹിക രംഗങ്ങളിൽ തന്റേതായ സംഭാവനകൾ തുടർന്നും നല്കണമെന്ന തീരുമാനത്തിലായിരുന്നു. അങ്ങനെ തന്റെ ചിന്തയിൽ നെയ്തെടുത്ത പുതിയ ആശയങ്ങൾ പദ്ധതിയാക്കി സർക്കാരിന് കൈമാറുമ്പോൾ ഈ കുരുന്ന് വലിയ പ്രതീക്ഷയിലാണ്… നല്ലൊരു നാളേയ്ക്ക് തന്നാലായത് ചെയ്യാമെന്ന്.
ENGLISH SUMMARY: Master Adarsh was also BC during the covid period
YOU MAY ALSO LIKE THIS VIDEO