Friday
19 Jul 2019

മതികെട്ടാനില്‍ കുളിരും ചോലയും മടങ്ങിയെത്തി

By: Web Desk | Thursday 6 June 2019 9:41 PM IST


തമിഴ്‌നാടിനോട് ചേര്‍ന്ന് നില്‍ക്കുന്ന മതികെട്ടാന്‍ മലനിര

സന്ദീപ് രാജാക്കാട്

രാജാക്കാട്: ജൈവവൈവിധ്യത്തിന്റെ കലവറയായി മതികെട്ടാന്‍ചോല നാഷണല്‍ പാര്‍ക്ക്. ഒരിക്കല്‍ കയ്യേറ്റക്കാര്‍ കവര്‍ന്നെടുത്ത മതികെട്ടാന്‍ മലനിര തിരിച്ച് പിടിച്ച് വനം വകുപ്പാണ് ദേശീയ ഉദ്യാനമായി സംരക്ഷിച്ച് പോരുന്നത്. ഹൈറേഞ്ചിന്റെ കാലാവസ്ഥയെ സംരക്ഷിച്ചുനിര്‍ത്തുന്നത് കേരള- തമിഴ്‌നാട് അതിര്‍ത്തി പങ്കിട്ട് നില്‍ക്കുന്ന ഈ മതികെട്ടാന്‍ ചോലയാണ്.

കേരള- തമിഴ്‌നാട് അതിര്‍ത്തി വേര്‍തിരിക്കുന്ന പശ്ചിമ ഘട്ട മലനിരയുടെ ഭാഗമായ മതികെട്ടാന്‍ മലനിര പണ്ട് കയ്യേറ്റക്കാരുടെ കൈകളിലായിരുന്നു. മരങ്ങള്‍ മുറിച്ച് നീക്കിയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയും വനമേഖല ഇല്ലാതാകുന്ന സാഹചര്യത്തില്‍ 2002-ലാണ് കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് വനമേഖല ദേശീയ ഉദ്യാനമായി സംരക്ഷിക്കുന്നതിന് തീരുമാനിക്കുന്നത്. 2002 ഡിസംബര്‍ 17നാണ് മതികെട്ടാന്‍ ചോലയെ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചത്. 1280 ഹെക്ടറാണ് ഈ ദേശീയ ഉദ്യാനത്തിന്റെ വിസ്തൃതി. കയ്യേറ്റക്കാരില്‍ നിന്ന് വനപാലകരുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനം കൊണ്ട് തിരിച്ച് പിടിച്ച മതികെട്ടാന്‍ മലനിര ഇപ്പോള്‍ സ്വഭാവിക വനമായി മാറികഴിഞ്ഞു.

1500 മീറ്റര്‍ ഉയരത്തിലുള്ള മതികെട്ടാനില്‍ ഇന്ന് തണുപ്പ് കൂടിയ തനത് കാലാവസ്ഥ തിരിച്ചെത്തിയിരിക്കുകയാണ്. ഇവിടെ നടത്തിയ പഠനത്തില്‍ അപൂര്‍വ്വ ഇനത്തില്‍ പെട്ടതടക്കം 1500ല്‍പ്പരം ഔഷധ സസ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. ജുറാസിക്ക് കാലഘട്ടത്തിലെ സസ്യവൃക്ഷമായ ഫയാന്‍ തിക്രാ ജയാന്‍ ഡിക്കാ മരങ്ങള്‍ ഇവിടെ ധാരാളമുണ്ട്. കൂടാതെ വിവിധ ഇനത്തില്‍ പെട്ട പൂമ്പാറ്റകളും പക്ഷികളും കാട്ടാനയും കാട്ടുപോത്തും അടക്കമുള്ള വന്യമൃഗങ്ങളും ഇവിടെയുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തികച്ചും ജൈവവൈധ്യം നിലനിര്‍ത്തിയുള്ള സംരക്ഷണമാണ് സ്വീകരിക്കുന്നത്.

കടുത്ത വരള്‍ച്ചയെ ഹൈറേഞ്ച് നേരിട്ടപ്പോഴും മതികട്ടാന്റെ സമീപ പ്രദേശത്ത് കുടിവെള്ളക്ഷാമവും മറ്റും നേരിട്ടതുമില്ല. സമീപത്തെ നാല് പഞ്ചായത്തുകളില്‍ മതികെട്ടാന്‍ മലമുകളില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളമാണ് ആശ്രയം. അതുകൊണ്ടു തന്നെ പരിസ്ഥിതിയുടെ സംരക്ഷണം നാളെയുടെ നിലനില്‍പ്പിന് വേണ്ടിയാണെന്ന സന്ദേശമാണ് കയ്യേറ്റക്കാരില്‍ നിന്നും തിരിച്ച് പിടിച്ച് ദേശീയ ഉദ്യാനമായി സംരക്ഷിക്കുന്ന മതികെട്ടാന്‍ പകര്‍ന്ന് നല്‍കുന്നത്.

You May Also Like This:

Related News