Saturday
19 Oct 2019

ആദ്യ പ്രസവത്തിന് ധനസഹായം നല്‍കുന്ന മാതൃ വന്ദനവും വന്‍പരാജയം

By: Web Desk | Monday 11 June 2018 10:32 PM IST


pregnant
  • അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു

  • സഹായം നല്‍കിയത് 47 ശതമാനം പേര്‍ക്ക് ആദ്യഗഡുമാത്രം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കുന്ന പ്രധാന്‍മന്ത്രി മാതൃ വന്ദന യോജന (പിഎംഎംവിവൈ) വന്‍ പരാജയം. കേന്ദ്ര/സംസ്ഥാന ജീവനക്കാരല്ലാത്ത വനിതകള്‍ക്ക് അവരുടെ ആദ്യ പ്രസവത്തിന് 6,000 രൂപ മൂന്ന് ഗഡുക്കളായി നല്‍കുന്നതാണ് പിഎംഎംവിവൈ. പല സംസ്ഥാനങ്ങളിലും പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്ന് മാത്രമല്ല മോഡിയുടെ സ്വപ്നപദ്ധതിക്ക് ബജറ്റ് വിഹിതത്തില്‍ കുറവ് വരുത്തുകയും ചെയ്തു. ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ഉറപ്പായാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെങ്കിലും പദ്ധതി തുടങ്ങിയ 2016-17 സാമ്പത്തികവര്‍ഷം കേവലം 2700 കോടി മാത്രമാണ് കേന്ദ്രബജറ്റില്‍ നീക്കിവച്ചിരുന്നത്. പുതുക്കിയ ബജറ്റില്‍ ഇത് 2500 കോടിയായി കുറയ്ക്കുകയും ചെയ്തു. കഴിഞ്ഞ ബജറ്റിലാകട്ടെ തുക വര്‍ധിപ്പിക്കുന്നതിന് പകരം 2400 കോടിയായി കുറയ്ക്കുകയായിരുന്നു.
2017 ജനുവരി ഒന്നിനാണ് പദ്ധതി പ്രാബല്യത്തില്‍ വന്നത്. എന്നാല്‍ 2017-18 കാലയളവില്‍ നിരവധി സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പിഎംഎംവിവൈയ്ക്ക് ഗുണഭോക്താക്കളില്ലെന്നാണ് മാനവവിഭവ വികസനത്തിനായുള്ള പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി കണ്ടെത്തിയിരിക്കുന്നത്. 2018-19 ലേക്ക് പദ്ധതി വിഹിതം അനുവദിക്കണമെന്ന കേന്ദ്ര വനിതാ- ശിശുക്ഷേമ മന്ത്രാലയത്തിന്റെ ആവശ്യം പരിഗണിക്കവെയാണ് സ്റ്റാന്റിങ് കമ്മിറ്റി ഇക്കാര്യം എടുത്തുപറഞ്ഞത്.
കഴിഞ്ഞ ഒരുവര്‍ഷക്കാലയളവില്‍ എട്ട് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലും പദ്ധതിക്ക് ഒരു ഗുണഭോക്താവ് പോലുമില്ല. അസം, ഗോവ, മണിപ്പൂര്‍, നാഗാലാന്‍ഡ്, തമിഴ്‌നാട്, തെലങ്കാന, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും ഡാമന്‍ ആന്‍ഡ് ഡിയു, ഡല്‍ഹി, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് പിഎംഎംവിവൈയ്ക്ക് ഗുണഭോക്താക്കളില്ലാത്തത്. അതിനാല്‍ തന്നെ ഇവിടങ്ങളില്‍ ഗുണഭോക്താക്കള്‍ക്ക് ഫണ്ട് വിതരണവും നടന്നിട്ടില്ല. ഇതോടൊപ്പം അരുണാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ഒഡിഷ, പുതുച്ചേരി എന്നിവിടങ്ങളില്‍ ഗുണഭോക്താക്കളുടെ എണ്ണം വിരളമാണെന്നും ഫണ്ട് വിതരണം കാര്യമായി നടന്നിട്ടില്ലെന്നും വ്യക്തമാണ്. ഇതില്‍ സ്റ്റാന്റിങ് കമ്മിറ്റി ഉത്കണ്ഠ രേഖപ്പെടുത്തി. പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയം സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും സ്റ്റാന്റിങ് കമ്മിറ്റി ആവശ്യപ്പെട്ടു.
2017-18 കാലയളവില്‍ രാജ്യത്താകെ 2,41,728 പേരാണ് പിഎംഎംവിവൈ പദ്ധതിയുടെ ഗുണഭോക്താക്കളായിട്ടുള്ളത്. ഇവര്‍ക്കായി 49,88,87,000 രൂപ വിതരണം ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലുമാണ് ഏറ്റവുമധികം ഗുണഭോക്താക്കളുള്ളത്. മഹാരാഷ്ട്രയില്‍ 54,745 പേര്‍ക്കായി 15,75,16,000 രൂപയും ഉത്തര്‍പ്രദേശില്‍ 47,312 പേര്‍ക്കായി 11,78,94,000 രൂപയും വിതരണം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള ഐസിഡിഎസ് പുറത്തുവിട്ട കണക്കുകളനുസരിച്ച് അപേക്ഷകരില്‍ 47 ശതമാനം പേര്‍ക്കു മാത്രമേ തുക നല്‍കിയിട്ടുള്ളൂ. അതും ആദ്യഗഡു മാത്രവും. അവശേഷിക്കുന്നവര്‍ക്കുള്ള തുക നല്‍കുന്നതും കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കുന്നതും എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് മാര്‍ച്ച് മാസം കേന്ദ്ര ശിശുക്ഷേമ വകുപ്പ് എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയെങ്കിലും അതിലും വേണ്ടത്ര പുരോഗതിയുണ്ടായിട്ടില്ല.
ഇന്ദിരാ ഗാന്ധി മാതൃത്വ സഹ്‌യോഗ് യോജന എന്ന പേരില്‍ 2010ല്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി കഴിഞ്ഞ വര്‍ഷമാണ് പ്രധാന്‍മന്ത്രി മാതൃ വന്ദന യോജനയാക്കി മാറ്റിയത്. പദ്ധതിയിലൂടെ കഴിഞ്ഞ വര്‍ഷം 26,87,803 ഗുണഭോക്താക്കള്‍ക്ക് ധനസഹായം ലഭിച്ചുവെന്നാണ് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം അവകാശപ്പെടുന്നത്. പ്രതിവര്‍ഷം 51.6 ലക്ഷം ഗുണഭോക്താക്കളെ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച പദ്ധതിക്കുകീഴില്‍ 2018 ജനുവരി വരെയുള്ള കണക്കുകള്‍ പ്രകാരം 96,000 പേര്‍ക്കുമാത്രമാണ് ഗുണഫലം ലഭിച്ചത്.

Related News