Janayugom Online
reporters missing, janayugom

മാതൃഭൂമി സംഘത്തിന്‍റെ വള്ളം മറിഞ്ഞു; രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു

Web Desk
Posted on July 23, 2018, 5:59 pm

കോട്ടയം: മുണ്ടാറിലെ വെള്ളപൊക്ക ദുരിതം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ
മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച വള്ളം കരിയാറില്‍ മുങ്ങി രണ്ടു പേരേ കാണാതായി.
സംഘത്തിലുണ്ടായിരുന്ന രണ്ടു മാധ്യമ പ്രവര്‍ത്തകരും വള്ളം നിയന്ത്രിച്ചിരുന്ന
നാട്ടുകാരനും ഉള്‍പെടെ മുന്നുപേരേ നാട്ടുകാര്‍ രക്ഷപ്പെടുത്തി. തിങ്കളാഴ്ച ഉച്ചയ്ക്കു 12.30 ഓടെ മുണ്ടാര്‍ പാറേല്‍ കോളനിയുടെ സമീപം കരിയാറിന്റെ മനയ്ക്കച്ചിറ ഒമ്പതാം നമ്പറിലാണ് സംഭവം.

മാതൃഭൂമി ചാനലിന്റെ പ്രവര്‍ത്തകരായ നാലുപേരും വള്ളം നിയന്ത്രിച്ചിരുന്ന നാട്ടുകാരനായ ഒരാളും ഉള്‍പെടെ അഞ്ചുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. മാതൃഭൂമിയുടെ ചാനലിന്റെ പ്രാദേശിക ലേഖകന്‍ ആപ്പാഞ്ചിറ മാന്നാര്‍ പട്ടശേരില്‍ സജി മെഗാസ് (48), മാതൃഭൂമി ചാനലിന്റെ ഡ്രൈവര്‍ തിരുവല്ല സ്വദേശി ബിബിന്‍ (30) എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായി തിരിച്ചില്‍ തുടരുകയാണ്. ചാനലിന്റെ ക്യാമറാമാന്‍ കോട്ടയം ചിറക്കടവ് അടിച്ചുമാക്കല്‍ അഭിലാഷ് നായര്‍ (29), റിപ്പോര്‍ട്ടര്‍ തൃശൂര്‍ കുടപ്പുഴമന ശ്രീധരന്‍ നമ്പൂതിരി (29), വള്ളം നിയന്ത്രിച്ചിരുന്ന നാട്ടുകാരനായ അനീഷ്ഭവനില്‍ അഭിലാഷ് (40) എന്നിവരെ മുട്ടുചിറ എച്ച്ജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്യുന്നതിനായി എത്തിയ ചാനല്‍ സംഘം റിപ്പോര്‍ട്ട് തയാറാക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തിയതിയതിന് ശേഷം തിരികെ രണ്ട് കിലോമീറ്റര്‍ അകലെ എഴുമാന്തുരുത്ത് കൊല്ലംകരി ഭാഗത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിലേക്ക് വള്ളത്തില്‍ വരുമ്പോള്‍ കരിയാറിന്റെ ഒമ്പതാം നമ്പറിന്റെ ഭാഗത്ത് ആറിന്റെ മധ്യഭാഗത്തായി തലകീഴായി വള്ളം മറിയുകയായിരുന്നു. വള്ളം മറിഞ്ഞ ഉടന്‍ തന്നെ വള്ളം ഊന്നിയിരുന്ന അഭിലാഷ്, മറ്റു നാല് പേരേയും രക്ഷിച്ചു മറിഞ്ഞ വള്ളത്തില്‍ പിടിപ്പിച്ചു നിര്‍ത്തി. അഭിലാഷിന്റെയും മറ്റു നാലുപേരുടേയും ബഹളം കേട്ട് സമീപത്ത് പുല്ല് ചെത്തിയിരുന്നവര്‍ വള്ളത്തില്‍ അപകടം നടന്ന സ്ഥലത്തേക്ക് എത്തുകയായിരുന്നു. വള്ളത്തില്‍ രണ്ട് വശങ്ങളിലായി പിടിച്ചു കിടന്ന രണ്ട് പേര്‍ ഈ വള്ളത്തിലേക്ക് കയറിയെങ്കിലും മറ്റ് രണ്ട് പേര്‍ മറിഞ്ഞ വള്ളത്തില്‍ നിന്നും രക്ഷിക്കാനായി എത്തിയ വള്ളത്തിലേക്ക് കയറുന്നതിനിടയില്‍ കൈവിട്ട് വെള്ളത്തിലേക്ക് മുങ്ങിതാഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കാണാതായവര്‍ക്ക് വേണ്ടി ഫയര്‍ഫോഴ്സും കോട്ടയത്ത് നിന്നെത്തിയ സ്‌കൂബാ ടീമും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിന് മുഴുവന്‍ സമയവും നേതൃത്വം നല്‍കി സി കെ ആശ എംഎല്‍എ സ്ഥലത്തുണ്ടായിരുന്നു.

ചാനല്‍ സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ സമയത്തു വൈക്കത്തെ ദുരിത ബാധിത പ്രദേശത്തു സന്ദര്‍ശനം നടത്തുകയായിരുന്നു എം എല്‍ എ. വിവരം അറിഞ്ഞയുടന്‍തന്നെ സംഭവ സ്ഥലത്തേക്കെത്തി. പിന്നീട് ആറരയോടെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുണ്ടറിലേക്കെത്തി.
ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. തെരച്ചിലിന് നേവിയുടെ സഹായം തേടിയിട്ടുണ്ട്. എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, സുരേഷ് കുറുപ്പ്, ജില്ലാ പഞ്ചായത്ത് അംഗം പി സുഗതന്‍,വിഎന്‍ വാസവന്‍, കോട്ടയം കളക്ടര്‍ ബിഎസ് തിരുമേനി,വൈക്കം ഡിവൈഎസ്പി പിവി സുഭാഷ്, തുടങ്ങിയവര്‍ സ്ഥലത്ത് എത്തിയിരുന്നു. ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.