മാത്തുണ്ണിയുടെ കൊതി (ബാലയുഗം)

Web Desk
Posted on August 18, 2019, 6:00 am

ബാലയുഗം
മാത്തുണ്ണിയുടെ കൊതി
സന്തോഷ് പ്രിയന്‍

ധനികനാണെങ്കിലും മഹാപിശുക്കനായിരുന്നു മാത്തുണ്ണി. അറുത്ത കൈയ്ക്ക് ഉപ്പുതേയ്ക്കാത്ത മഹാപിശുക്കന്‍. ഒരുദിവസം രാത്രി അത്താഴത്തിന് ഉഗ്രന്‍ സദ്യ വേണമെന്ന് മാത്തുണ്ണിയ്ക്ക് വല്ലാത്ത കൊതി തോന്നി.
അയാള്‍ ഭാര്യ പങ്കിയെ അടുത്തുവിളിച്ച് കാര്യം പറഞ്ഞു. അതുകേട്ടപ്പോള്‍ പങ്കിയ്ക്കും മക്കള്‍ക്കും അതിശയമായി. എന്നും അത്താഴത്തിന് ചെലവ് കുറയ്ക്കാന്‍ വെള്ളം കൂട്ടി കഞ്ഞി വയ്ക്കാന്‍ പറയാറുള്ള അച്ഛന് ഇതെന്തുപറ്റി എന്ന് അവര്‍ ആലോചിച്ചു. മാത്രമല്ല സദ്യയ്‌ക്കൊപ്പം മൂന്നുതരം പായസം വേണമെന്നും മാത്തുണ്ണി നിര്‍ബന്ധം പിടിച്ചു. അടപ്പായസം, കടലപ്പായസം, പാല്‍പ്പായസം എന്നിവ ഉറപ്പായും വേണമെന്ന് മാത്തുണ്ണി പറഞ്ഞു.
‘ഇതെല്ലാം ഉച്ചയ്ക്ക് ഉണ്ടാക്കി നമുക്ക് കഴിയ്ക്കാമായിരുന്നില്ലേ മനുഷ്യാ..’ ഭാര്യ പങ്കി മാത്തുണ്ണിയോട് ചോദിച്ചു. അപ്പോള്‍ ചാരുകസേരയില്‍ കിടന്ന് കുടവയര്‍ തടവി അയാള്‍ പറഞ്ഞു.
‘എടീ മണ്ടി ഭാര്യേ.….പകല്‍ ഇതൊക്കെ ഉണ്ടാക്കിയാല്‍ പായസത്തിന്റേയും സദ്യയുടേയും മണം അറിഞ്ഞ് അയലത്തെ ദരിദ്രവാസി പിള്ളേരെല്ലാം ഇവിടേക്ക് വരില്ലേ. പിന്നെ എല്ലാത്തിനും കുറേശെ കൊടുക്കേണ്ടിവരില്ലേ. രാത്രിയാകുമ്പോള്‍ ആരും അറിയില്ലല്ലോ.. നമുക്ക് മൂക്കുമുട്ടെ തിന്നുകയും ചെയ്യാം. എങ്ങനെയുണ്ട് എന്റെ ബുദ്ധി.’
‘ഉം…ഉം.…കൊള്ളാം കൊള്ളാം നിങ്ങളുടെ ബുദ്ധിയല്ല ഇത്. തനി പിശുക്ക്…’ പങ്കി പറഞ്ഞു.
അങ്ങനെ പങ്കി നല്ല ഉഗ്രന്‍ സദ്യയും പായസങ്ങളും ഉണ്ടാക്കി. എല്ലാം ഒരുക്കി കഴിഞ്ഞപ്പോള്‍ അതാ വാതിലില്‍ ഒരു തട്ടുംമുട്ടും കേള്‍ക്കുന്നു.
‘ശൊ, ശല്യം, ആരാണെന്ന് നോക്കടീ പങ്കീ…’ മാത്തുണ്ണി പറഞ്ഞു. ഉടനെ പങ്കിയും മക്കളും വാതില്‍ തുറന്നു. നോക്കിയപ്പോള്‍ ശംഭുവും ഭാര്യയും. മാത്തുണ്ണിയുടെ ഒരു ബന്ധുവാണ് ശംഭു. അയല്‍ഗ്രാമത്തിലാണ് അയാള്‍ താമസിക്കുന്നത്.
‘ഉം എന്താ?’
മാത്തുണ്ണി ചോദിച്ചു.
‘ഞങ്ങള്‍ ദൂരെ ഒരു യാത്ര പോയിട്ട് വരുന്ന വഴിയാ. ഇവിടെയെത്തിയപ്പോള്‍ രാത്രിയായി. ഇന്ന് ഇവിടെ കഴിഞ്ഞിട്ട് രാവിലെ മടങ്ങാമെന്ന് കരുതി വന്നതാ.’ ശംഭു പറഞ്ഞതുകേട്ട് മാത്തുണ്ണിയുടെ കണ്ണ് തള്ളി. ‑ദൈവമേ സദ്യ ഇവര്‍ക്കുകൂടി കൊടുക്കേണ്ടിവരുമല്ലോ. എന്തെങ്കിലും സൂത്രം പ്രയോഗിക്കാം. മാത്തുണ്ണി കരുതി.
ഉടനെ മാത്തുണ്ണി പറഞ്ഞു.
‘അയ്യോ, അതുവേണ്ട. ഇവിടെ ഇന്ന് ഭക്ഷണമൊന്നും ഒരുക്കിയിട്ടില്ല. ഞങ്ങള്‍ക്കെല്ലാം വല്ലാത്ത പനിയാ.’
‘അല്ല.…അകത്തുനിന്ന് പായസത്തിന്റെ നല്ല മണം വരുന്നല്ലോ.’ ശംഭു ചോദിച്ചു. അപ്പോള്‍ മാത്തുണ്ണി പറഞ്ഞു.
‘അത് സംഭവം ശരിയാ. അടപായസം ഉണ്ടാക്കിയിരുന്നു. പക്ഷേ അത് അടച്ചുവയ്ക്കാന്‍ മറന്നതുകൊണ്ട് അതില്‍ ഒരു എലി വീണു.’
‘പാല്‍പായസത്തിന്റേയും കടലപ്പായസത്തിന്റേയും മണം വരുന്നല്ലോ.’ ശംഭു ചോദിച്ചു.
അപ്പോള്‍ അടുത്ത അടവും മാത്തുണ്ണി എടുത്തു. അയാള്‍ പറഞ്ഞു.
‘അത് ശരിയാ.…പക്ഷേ കടലപ്പായസത്തില്‍ പൂച്ചക്കുഞ്ഞും പാല്‍പ്പായസത്തില്‍ കാക്കക്കുഞ്ഞും ചത്തുവീണു. അതെല്ലാം വാഴക്കുഴിയില്‍ കളയാനിരിക്കുകയാ.’
ഇതെല്ലാം മാത്തുണ്ണിയുടെ അടവാണെന്ന് ശംഭുവിന് മനസിലായി. എന്നാല്‍ ഇതെല്ലാം കണ്ടും കേട്ടും കൊണ്ട് തട്ടിന്റെ മുകളില്‍ ഒരു കള്ളന്‍ ഇരിപ്പുണ്ടായിരുന്നു. അറുപിശുക്കനായ മാത്തുണ്ണിയെ ഒരു പാഠം പഠിപ്പിക്കണമെന്ന് കള്ളന്‍ കരുതി. ആരും കാണാതെ കള്ളന്‍ താഴെയിറങ്ങി ഒരു പൂച്ചക്കുഞ്ഞിനേയും എലിക്കുഞ്ഞിനേയും കാക്കകുഞ്ഞിനേയും പായസങ്ങളില്‍ ഇട്ടു.
എന്നിട്ട് കള്ളന്‍ പായസക്കലമെല്ലാം എടുത്ത് സ്വീകരണമുറിയിലേക്കു വന്നിട്ട് പറഞ്ഞു.
‘ശരിയാ.…മാത്തുണ്ണിച്ചേട്ടന്‍ പറഞ്ഞതെല്ലാം ശരിയാ. ദേ നോക്കിയേ പായസത്തിലെല്ലാം കാക്കക്കുഞ്ഞും പൂച്ചക്കുഞ്ഞും എലിക്കുഞ്ഞും. എന്നിട്ട് ഒരോന്നിനേയും എടുത്തു കാണിച്ചുകൊടുത്തു. അത് കണ്ട് മാത്തുണ്ണിയും ഭാര്യയും മക്കളും ഞെട്ടി. ‘-ങേ നീയാരാ?’ മാത്തുണ്ണി ചോദിച്ചു.
‘ഞാന്‍ കള്ളനാ’
‘ങേ, കള്ളനോ..’
മാത്തുണ്ണി അതുകേട്ട് ബോധം കെട്ട് താഴെ വീണു. പങ്കിയും മക്കളും പേടിച്ച് നിലവിളിച്ചു. അപ്പോള്‍ മാത്തുണ്ണിയുടെ സ്വര്‍ണവും പണവും വാരിക്കെട്ടി കള്ളന്‍ രക്ഷപെട്ടിരുന്നു. അങ്ങനെ മാത്തുണ്ണി ഒരു പാഠം പഠിച്ചു.