രമേശ് ബാബു

മാറ്റൊലി

August 27, 2020, 5:49 am

ഇഐഎ 2020: ഒടുവില്‍ എന്ത് ശേഷിക്കും?

Janayugom Online

വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ദീര്‍ഘദര്‍ശനവും അടിസ്ഥാനപരമായ കാഴ്ചപ്പാടുകളുമുള്ള ഭരണകൂടങ്ങള്‍ വരാനിരിക്കുന്ന തലമുറകളെക്കൂടി പരിഗണിച്ചായിരിക്കും പ്രകൃതിവിഭവങ്ങളെ കൈകാര്യം ചെയ്യുന്നത്. അപ്പോള്‍ വികസനമെന്നത് തലമുറകള്‍ക്കിടയിലുള്ള സമത്വമായി മാറും. നിര്‍ഭാഗ്യവശാല്‍ പ്രകൃതിയെ പരമാവധി ചൂഷണം ചെയ്തുകൊണ്ടുള്ള വികസന പ്രക്രിയകളാണ് കൊളോണിയല്‍ കാലം മുതല്‍ ഇന്ത്യയില്‍ തുടര്‍ന്നുവരുന്നത്. ഇതിന്റെ പ്രത്യാഘാതങ്ങളായി കാലാവസ്ഥാവ്യതിയാന‍ം, ജൈവവൈവിധ്യനഷ്ടം, വരള്‍ച്ച, പെട്ടെന്നുള്ള വെള്ളപ്പൊക്കം, മലിനീകരണം എന്നിങ്ങനെയുള്ള പ്രത്യക്ഷമായ പരിസ്ഥിതിദുരന്തങ്ങളുമാണ് രാജ്യം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പരിസ്ഥിതിയുടെ നാശം ജനങ്ങളുടെ ജീവസന്ധാരണ മാര്‍ഗങ്ങളെയും പൊതു ആരോഗ്യവ്യവസ്ഥയെയും ദശാബ്ദങ്ങളായി പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുന്നു. നിലവിലെ കോവിഡ്-19 വ്യാപന പശ്ചാത്തലത്തില്‍ ജന്തുജന്യരോഗങ്ങളായ നിപ, ഏവിയന്‍ ഇന്‍ഫ്ലുവെന്‍സ, സിക എന്നിവയ്ക്ക് ജൈവവൈവിധ്യ ശോഷണവുമായി നേരിട്ട് ബന്ധമുണ്ടെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഈയൊരു സാഹചര്യത്തിലാണ് മാര്‍ച്ച് 23ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പരിസ്ഥിതി ആഘാത പഠനം കരട് വിജ്ഞാപനം (ഇഐഎ 2020) ആശങ്കകളാലും ഉത്ക്കണ്ഠകളാലും പ്രസക്തമാകുന്നത്.

കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരുന്ന കരട് വിജ്ഞാപനത്തിലെ പല വ്യവസ്ഥകളും പരിസ്ഥിതി സംരക്ഷണത്തിന്റെ അടിസ്ഥാന ലക്ഷ്യം തന്നെ മാറ്റിമറിക്കുകയും പരിസ്ഥിതി സംരക്ഷണത്തിന് അവശ്യംവേണ്ട ജനാധിപത്യ പ്രക്രിയയെയും പങ്കാളിത്തത്തെയും അപ്രസക്തമാക്കുകയും ചെയ്യുന്നു. പദ്ധതിയുടെ വിഭാഗീകരണത്തിലും മുന്‍കൂര്‍ പരിസ്ഥിതി അനുമതി പ്രക്രിയയിലും വികസനപ്രക്രിയയില്‍ പങ്കാളികളാവാനുള്ള ജനങ്ങളുടെ അവകാശത്തിലും അപകടകരമായ മാറ്റങ്ങളാണ് കരട് വിജ്ഞാപനം ലക്ഷ്യം വയ്ക്കുന്നത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ‘ജീവിക്കാനുള്ള അവകാശം’, ആര്‍ട്ടിക്കിള്‍ 19 പ്രകാരം ‘അറിയാനുള്ള അവകാശം’ എന്നിവ പ്രാദേശിക സമൂഹങ്ങള്‍ക്കുണ്ട്. എന്നാല്‍ എന്‍വയോണ്‍‍മെന്റ് ഇംപാക്ട് അസസ്‌മെന്റ് എന്ന കരട് വിജ്ഞാപനം ഇവയൊക്കെ അട്ടിമറിക്കുകയാണ്. പുതിയ വിജ്ഞാപന പ്രകാരം പരിസ്ഥിതി ഇനി പൊതുതാല്പര്യ വിഷയമല്ലാതാകുകയും പാരിസ്ഥിതികമായ ജാഗ്രത അവഗണിക്കപ്പെടുകയും ചെയ്യും. കോര്‍പ്പറേറ്റ് താല്പര്യങ്ങളും അഴിമതിയും മാത്രമാണ് ഇതിന് പിന്നില്‍ എന്നത് സുവ്യക്തം.

കോടതി വിധികളും മുന്‍വിജ്ഞാപനങ്ങളും ചട്ടങ്ങളും ലംഘിക്കുന്നതാണ് കരട് വിജ്ഞാപനം. രാജ്യം കോവിഡ് രോഗത്തില്‍ വിറങ്ങലിച്ച് നില്ക്കുമ്പോള്‍ ലോക്ഡൗണ്‍ സാഹചര്യങ്ങള്‍ ദുരുപയോഗം ചെയ്ത് സൂത്രത്തില്‍ കാര്യം നടത്തിയെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. പ്രതിഷേധിക്കാനോ, വിയോജിക്കാനോ വലിയ അവസരങ്ങളില്ലാത്ത അന്തരീക്ഷത്തില്‍ ഇഐഎ കൊണ്ടുവന്നിരിക്കുന്നത് ഗൂഢലക്ഷ്യത്തോടെയാണ്.

1984 ല്‍ ഭോപ്പാല്‍ വിഷവാതക ദുരന്തം ഉണ്ടായപ്പോള്‍ മലിനീകരണം നടത്തി ആയിരങ്ങളെ കൊന്നവര്‍ രക്ഷപ്പെടുകയായിരുന്നു. 1986 ലാണ് ഇത്തരം അവസ്ഥകളെ മറികടക്കാന്‍ സമഗ്ര പരിസ്ഥിതി സംരക്ഷണ നിയമം നിര്‍മ്മിക്കുന്നത്. വ്യവസായങ്ങളും മറ്റും പാരിസ്ഥിതിക നിയമങ്ങള്‍ പാലിച്ചുമാത്രമേ ആരംഭിക്കൂ എന്നുറപ്പാക്കാനും അതില്‍ ജനങ്ങള്‍ക്ക് ഇടപെടാനും പാരിസ്ഥിതിക പഠനം എന്ന വ്യവസ്ഥ 1994 ല്‍ നിലവില്‍ വന്നു. അതില്‍ കൂടുതല്‍ ഇളവുകളും ചില മെച്ചപ്പെടുത്തലുകളുമായാണ് 2006ല്‍ കൊണ്ടുവന്ന ഇപ്പോള്‍ നിലവിലിരിക്കുന്ന നിയമം നിര്‍മ്മിച്ചത്. പദ്ധതികള്‍ക്ക് അംഗീകാരം നല്കാന്‍ കേന്ദ്ര സര്‍ക്കാരിന് മാത്രം അധികാരമെന്നതില്‍ ചില പദ്ധതികള്‍ക്ക് സംസ്ഥാനങ്ങളുടെ അധികാരവും വേണമെന്നാക്കി. എന്നാല്‍ പുതിയ വിജ്ഞാപനം നിറയെ ദുര്‍ബലമായ പാരിസ്ഥിതിക നിയന്ത്രണങ്ങള്‍ മാത്രമാണ്. ഭാരതത്തിലെ സാധാരണജനങ്ങള്‍ക്ക് വിജ്ഞാപനത്തെക്കുറിച്ച് അവബോധമുണ്ടാകാതിരിക്കാന്‍ ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമാണ് ഇറക്കിയിരിക്കുന്നത്. പ്രാദേശിക ഭാഷകളെ സ്പര്‍ശിച്ചിട്ടേയില്ല. കര്‍ണാടക ഹൈക്കോടതിയും തുടര്‍ന്ന് സുപ്രീം കോടതിയും ഇക്കാര്യത്തില്‍ ഇടപെട്ടതോടെ ആ കള്ളക്കളി അവസാനിച്ചു എന്ന് കരുതാം.

കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്ന ഇഐഎ 2020 കാലാവസ്ഥാമാറ്റം, കോവിഡ് സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഒന്നും പരിഗണിക്കുന്നില്ല. കോടതികളുടേയോ, ദേശീയ ഹരിത ട്രൈബ്യൂണലിന്റെയോ വിധികളോ പുതിയ ശാസ്ത്രീയ അറിവുകളോ പരിഗണിക്കുന്നില്ല. കരുതല്‍തത്വം, സുസ്ഥിര വികസനതത്വം, തലമുറകള്‍ തമ്മിലുള്ള സമത്വം, വിനാശം തടയല്‍ തത്വം, താല്പര്യ വൈരുധ്യം, മലിനീകരണം നടത്തുന്നവര്‍ നഷ്ടപരിഹാരം നല്കണം എന്ന വ്യവസ്ഥ ഒന്നും പരിഗണിക്കുന്നില്ല. ചുരുക്കത്തില്‍ ഭരണഘടനയുടെ 21, 48 എ വകുപ്പുകളുടെ ലംഘനമാണ് വിജ്ഞാപനത്തിലെ മിക്ക നിബന്ധനകളും. 1,50,000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണം വരെയുള്ള കെട്ടിടങ്ങള്‍ക്ക് പാരിസ്ഥിതികാനുമതി കിട്ടാന്‍ ഒരു പഠനമോ തെളിവെടുപ്പോ വേണ്ട. അഞ്ചേക്കര്‍ വരെയുള്ള ഖനനത്തിന് അനുമതിക്ക് ഇഐഎ വേണ്ട. പാരിസ്ഥിതികാനുമതിക്ക് അപേക്ഷ നല്കി പതിനാലു ദിവസങ്ങള്‍ക്കകം അത് നല്കിയില്ലെങ്കില്‍ അനുമതി കിട്ടിയതായി കണക്കാക്കും. ഈ നിയമം നിലവില്‍ വന്നാല്‍ കേരളത്തിന്റെ പശ്ചിമഘട്ടം പിന്നെ അവശേഷിക്കുമോ? പദ്ധതികളെ തരംതിരിക്കുന്നത് അവയുടെ പാരിസ്ഥിതികാഘാതം മാത്രം നോക്കി എന്ന രീതിമാറ്റി മുതല്‍മുടക്ക് കൂടി പരിഗണിക്കണം എന്ന വ്യവസ്ഥയാണ് കൊണ്ടുവരുന്നത്. മറ്റൊന്ന് തന്ത്രപ്രധാനമെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്ന പദ്ധതികളുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്കുേണ്ടതില്ല എന്ന വ്യവസ്ഥയാണ്.

പരിസ്ഥിതിക്ക് നാശം ഉണ്ടായാല്‍ എത്ര പണം മുടക്കിയാലും അത് തിരുത്താന്‍ കഴിയില്ല. അതുകൊണ്ട് ഏത് പദ്ധതിയും ആരംഭിക്കുന്നതിന് മുന്‍പ് പാരിസ്ഥിതികാനുമതി വേണമെന്നത് കോടതികളും അംഗീകരിച്ചിരുന്നു. പദ്ധതി തുടങ്ങിയശേഷം അനുമതിക്ക് അപേക്ഷിച്ചാല്‍ മതി എന്ന വ്യവസ്ഥ പ്രകാരം പാരിസ്ഥിതികാനുമതി എന്ന നിബന്ധനയും അപ്രസക്തമാകും. എന്നുവച്ചാല്‍ ഇഐഎ 2020 പ്രകാരം പരിസ്ഥിതി ഇനി ഒരു പൊതു താല്പര്യ വിഷയമേ അല്ലാ എന്നര്‍ത്ഥം.

ഭൂമിയടക്കമുള്ള പൊതുവിഭവങ്ങളുടെ സൂക്ഷിപ്പുകാര്‍‍ മാത്രമാണ് സര്‍ക്കാരുകള്‍ എന്നും പൊതുജനങ്ങളാണ് അവയുടെ ഉടമസ്ഥരെന്നും റിയോ ഡി ജനീറോ സമ്മേളനത്തില്‍ അംഗീകരിച്ച ‘ഡോക്ട്രിന്‍ ഓഫ് പബ്ലിക് ട്രസ്റ്റ്’ വ്യക്തമാക്കുന്നു. ഇന്ത്യയും ഇത് അംഗീകരിച്ച് തുല്യം ചാര്‍ത്തിയിട്ടുള്ളതാണ്. എന്നാല്‍ പുതിയ ഇഐഎ പരിസ്ഥിതി സംരക്ഷണത്തിന്റെ അടിസ്ഥാനപരമായ എല്ലാ കാഴ്ചപ്പാടുകളെയും അവഗണിക്കുകയാണ്.

കേന്ദ്ര സര്‍ക്കാരിന്റെ പാരിസ്ഥിതികാഘാത നിര്‍ണയ കരടുവിജ്ഞാപനത്തിന്റെ കാര്യത്തില്‍ കേരളം വേണ്ടത്ര അവബോധം കാട്ടുന്നില്ലെന്ന ആക്ഷേപം പല കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. ഇന്ത്യയിലെ തന്നെ ആദ്യ പരിസ്ഥിതി സമരമായി കണക്കാക്കുന്ന സൈലന്റ്‌വാലി സമരം വിജയിപ്പിച്ചവരാണ് കേരള ജനത. പ്രകൃതിയെയും പരിസ്ഥിതിയെയും ആശ്രയിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന കോടിക്കണക്കിന് മനുഷ്യര്‍ അവരുടെ ജീവിതോപാധികളില്‍ നിന്ന് പുറന്തള്ളപ്പെടാന്‍ നേരമായെന്ന് അറിയിക്കുന്ന മരണമണി മുഴങ്ങുമ്പോള്‍ കേരളം മൗനംപാലിക്കാന്‍ പാടുള്ളതല്ല. വിഖ്യാത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗില്‍ പ്രവചിച്ചതൊക്കെയും യാഥാര്‍ത്ഥ്യമാകുന്നത് അനുഭവിച്ചുകൊണ്ടിരിക്കുകയാണ് നമ്മള്‍.

മാറ്റൊലി

സുസ്ഥിര വികസനമെന്നത് കോണ്‍ക്രീറ്റ് നിര്‍മ്മിതികളാണെന്നുള്ള മിഥ്യാധാരണകളില്‍ നിന്ന് മൂന്നാംലോകം എത്ര ദുരന്തം കണ്ടാലും കൊണ്ടാലും പഠിക്കില്ലെയെന്നത് പരിതാപകരമാണ്.