മറ്റൊരാള്‍

Web Desk
Posted on August 11, 2019, 10:59 am

രാജുകൃഷ്ണന്‍

ആഴങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട സൂചിമുനയായിരുന്നു അവള്‍. ഞാനോ പുഴയുടെ അടിത്തട്ടോളമെത്തി മത്സ്യങ്ങളെ കോര്‍ത്തെടുത്ത് കൊണ്ടുവരുന്ന ചൂണ്ടയും. വാഴ്‌വിന്റെ പൊരുള്‍ ഞങ്ങളെ ഇരയായും രക്ഷകനായും, ഇഴചേര്‍ത്തും പിരിച്ചും, പരസ്പരം ചൂണ്ടയിടുകയും തുന്നിക്കെട്ടുകയും ചെയ്തു. ഒഴുക്കിനൊപ്പം ഏത് കടലിടുക്കിലേക്കെന്നറിയാതെ ആഴങ്ങളിലേക്ക് ഊളിയിട്ടും ഉയര്‍ന്നും ഞങ്ങള്‍ ഒഴുകിക്കൊണ്ടിരുന്ന. കറുത്ത് തിങ്ങിയ മുടിയിഴകള്‍ക്കിടയിലൂടെ കൈവിരലുകള്‍ കടത്തിയോടിച്ചും ഉഴിഞ്ഞും ഞാനവളെ ചേര്‍ത്ത് പിടിച്ചു. അങ്ങനെ മനസ്സിന്റെ പുറന്താളില്‍ അപൂര്‍വ്വമായ ചില വാക്കുകളാലും വരകളാലും നിറങ്ങള്‍ ചേര്‍ത്തു എപ്പോഴും കാണും വിധം അവളെ വരച്ചു. എന്നാല്‍, എങ്ങുനിന്നോ തണ്ടും തടിയുമുള്ള മറ്റൊരാള്‍ വന്നവളെ നാടും നഗരവും കാണിക്കുവാനായി കൂട്ടിക്കൊണ്ട് പോയി. പിന്നെയവള്‍ മടങ്ങി വന്നില്ല.
പ്രണയത്തിന്റെ ഏഴാം പടവില്‍ അവള്‍ എന്നെ ഉപേക്ഷിച്ചു എന്ന് ബോധ്യമായപ്പോള്‍ ഉള്ളില്‍ കാട്ടുതീ. കഴിഞ്ഞ ആറു പടവുകളില്‍ ഞങ്ങള്‍ കൈമാറിയ സ്‌നേഹം മനസ്സിന്റെ പച്ചിലപ്പടര്‍പ്പുകള്‍ക്കുള്ളില്‍ കരിഞ്ഞു നാറി. പ്രണയത്തിന്റെ വള്ളിക്കെട്ടില്‍ കുരുങ്ങി അങ്ങനെ മൂന്നാം തവണയും ഞാന്‍ ശ്വാസംമുട്ടി മരിച്ചു. എന്നാല്‍, ഓരോ തവണ മരിച്ചെഴുന്നേല്‍ക്കുമ്പോഴും ഞാന്‍ പുതിയ മനുഷ്യനായി മാറുകയായിരുന്നു. അതുവരെയുണ്ടായിരുന്ന നിറവും മണവും രുചിയും മാറിയ പുതിയ ഒരാള്‍.