മൗറീഷ്യാനയില്‍ പ്രവാചക നിന്ദക്കെതിരെ നിയമം ശക്തമാക്കുന്നു

Web Desk
Posted on November 24, 2017, 2:47 pm

നൗവാക്‌ചോട്: പ്രവാചക നിന്ദയും മതനിയമങ്ങള്‍  ലംഘിക്കുന്നതും കുറ്റകരമാക്കുന്ന നിയമം കൂടുതല്‍ ശക്തിപ്പെടുത്താന്‍ മൗറീഷ്യാനയില്‍ നീക്കം. പ്രവാചകന്‍ മുഹമ്മദ് നബിയെ നിന്ദിച്ച സംഭവത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന പ്രാദേശിക ബ്ലോഗറെ വിട്ടയക്കാന്‍ കോടതി ഉത്തരവിട്ട പശ്ചാത്തലത്തിലാണിത്.
അള്ളാഹുവിനെ അപമാനിക്കുകയോ പ്രവാചകരെ നിന്ദിക്കുകയോ അദ്ദേഹത്തിന്റെ തത്വങ്ങളെ ധിക്കരിക്കുകയോ ചെയ്യുന്ന മുസ്ലീം സ്ത്രീയെയും പുരുഷനെയും വധശിക്ഷ്‌ക്ക് വിധേയരാക്കാന്‍ ഭരണഘടനയുടെ 306ാം വകുപ്പിന്റെ ഭേദഗതിയിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നു. ഭരണഘടന നിലവില്‍ വരുമ്പോള്‍ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ ആയിരുന്നില്ല. അത് കൊണ്ടാണ് ആനുകാലിക സാഹചര്യങ്ങള്‍ക്കനുസരിച്ച് നിയമം ഭേദഗതി ചെയ്യാന്‍ അധികൃതര്‍ ഒരുങ്ങുന്നത്. 1983ലാണ് നിയമം നിലവില്‍ വന്നതെന്നും നീതിന്യായ മന്ത്രി ബ്രഹിം ഔല്‍ദ് ദാദ പറയുന്നു.
മൗറിഷ്യാനയുടെ നിയമസംവിധാനത്തില്‍ ഫ്രഞ്ച് നിയമങ്ങളും ഇസ്ലാമിക നിയമങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ പ്രവാചക നിന്ദ നടത്തുന്നവര്‍ക്ക് അവര്‍ പശ്ചാത്താപം രേഖപ്പെടുത്തിയില്ലെങ്കില്‍ വധശിക്ഷയാണ് വിധിച്ചിരുന്നത്. പശ്ചാത്താപം അറിയിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം തടവും ചെറിയ പിഴയുമായിരുന്നു ശിക്ഷ.
പ്രവാചക നിന്ദ നടത്തി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുഹമ്മദ് ചെയ്ഖ് ഔള്‍ഡ് മഖെയ്തിര്‍ എന്നയാളെയാണ് വെറുതെ വിടാന്‍ കോടതി തീരുമാനിച്ചത്. ഇതോടെയാണ്  നിയമത്തില്‍ ഭേദഗതി വരുത്താന്‍ അധികൃതര്‍ ഒരുങ്ങുന്നത്. 2014ലായിരുന്നു മഖൈയ്തിറിനെ അറസ്റ്റ് ചെയ്തത്. മൗറിഷ്യാനയിലെ ചിലര്‍ മതത്തിന്റെ പേരിലുളള വേര്‍തിരിവുകള്‍ ന്യായീകരിക്കുന്നതായി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനമാണ് അറസ്റ്റിലേക്ക് നീണ്ടത്. ഇത് പ്രവാചകനെതിരെയുളള പരാമര്‍ശമായാണ് കോടതി വ്യാഖ്യാനിച്ചത്. ഇതേ തുടര്‍ന്നാണ് വധശിക്ഷ വിധിച്ചത്.
എന്നാല്‍ ഇയാള്‍ കോടതി മുമ്പാകെ  കുറ്റബോധം പ്രകടിപ്പിക്കുകയും പ്രവാചകനെ നിന്ദിക്കാന്‍ താന്‍ ശ്രമിച്ചില്ലെന്ന് വ്യക്തമാക്കുകയുമായിരുന്നു. കോടതി നടപടികള്‍ വൈകിയതിനാല്‍ നിരവധി വര്‍ഷം ഇയാള്‍ക്ക് ജയിലില്‍ കഴിയേണ്ടി വന്നു. നവംബര്‍ ഒമ്പതിന് കോടതി ഇയാളെ രണ്ട് വര്‍ഷത്തെ തടവിനും  170 ഡോളര്‍ പിഴയും ശിക്ഷ വിധിച്ചു.
ഇത് മൗറീഷ്യാനയിലെ നീതിയുടെ മഹാ വിജയമാണെന്നാണ് മഖൈയ്തിറിന്റെ അഭിഭാഷകന്‍ മുഹമ്മദ് ഔല്‍ദ് മൊയിന്‍ പ്രതികരിച്ചത്. ന്യായാധിപന്‍മാര്‍ രാജ്യത്തെ നിയമത്തെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മഖൈയ്തിറിന് വേണ്ടി 2014 മുതല്‍ പ്രചാരണങ്ങള്‍ നടത്തിയവരുടെയും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വിജയമാണിതെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ അഭിപ്രായപ്പെട്ടു. അതേസമയം വിധി പുനഃപരിശോധിക്കണമെന്നും അയാള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്നുമാണ് സര്‍ക്കാര്‍ അഭിഭാഷകരുടെ വാദം.
വിചാരണ വേളയില്‍ പതിനായിരക്കണക്കിന് പേരാണ് തലസ്ഥാനനഗരിയിലും രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലും മഖൈയ്തറിന് വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി  തെരുവിലിറങ്ങിയത്. 1987ന് ശേഷം രാജ്യത്ത് വധശിക്ഷ നടപ്പാക്കിയിട്ടില്ല.
ആഫ്രിക്കന്‍ രാജ്യമായ മൗറിഷ്യാന പൂര്‍ണമായും മുസ്ലീം രാജ്യമാണ്. ഇവരില്‍ ഭൂരിഭാഗവും സുന്നി വിഭാഗത്തിലുളളവരുമാണ്. 4301018 പേര്‍ വരുന്ന മൊത്തം ജനസംഖ്യയില്‍  4500 പേര്‍ കത്തോലിക്കരുമുണ്ട്.