കോഴിക്കോട് : സംസ്ഥാനത്ത് ഏറെ വിവാദം സൃഷ്ടിച്ച പന്തീരങ്കാവ് മാവോയിസ്റ്റ് കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. സിപിഎം പ്രവർത്തകരായിരുന്ന അലൻ മുഹമ്മദ്, താഹ ഫസൽ എന്നിവരെയാണ് എൻഐഎ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങുന്നത്. ഇരുവരും കോഴിക്കോട് ജില്ലാജയിലിലാണിപ്പോഴുള്ളത്.
ലോക്കൽ പോലീസിന്റെ അന്വേഷണ ഫയലുകൾ ഏറ്റെടുത്ത എൻഐഎ, ജില്ലാ സെഷൻസ്കോടതിയുടെ പരിഗണനയിലുള്ള കേസ് എൻഐഎ കോടതിയിലേക്ക് മാറ്റാനുള്ള അപേക്ഷ നൽകിയിട്ടുണ്ട്. തുടർന്ന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്നാണറിയുന്നത്. രാജ്യസുരക്ഷയെ ബാധിക്കും വിധത്തിലുള്ള കേസായതിനാൽ കൂടുതൽ അന്വേഷണം നടത്തുന്നതിനു വേണ്ടിയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്ന് എൻഐഎ ഏറ്റെടുത്തത്.
കേസിലെ പ്രതികളായ സിപിഎം പ്രവർത്തകരായിരുന്ന അലനും താഹയ്ക്കുമെതിരേ യുഎപിഎ ചുമത്തിയതാണ് എൻഐഎ അന്വേഷണത്തിന് കാരണം. യുഎപിഎ ചുമത്തുന്നതിൽ നിന്ന് സംസ്ഥാന സർക്കാർ അവസാന നിമഷം വരെ പിൻമാറിയിരുന്നില്ല. എൻഐഎ കൊച്ചി യൂണിറ്റാണ് അന്വേഷിക്കുന്നത്. കേസ് ഫയലുകൾ വിശദമായി പരിശോധിച്ച ശേഷം അന്വേഷണം ആരംഭിക്കും. എൻഐഎ സംഘം കോഴിക്കോടെത്തി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരിൽ നിന്നും മറ്റും വിവരങ്ങൾ നേരത്തെ ശേഖരിച്ചിരുന്നു. എൻഐഎ കേസ് ഏറ്റെടുത്ത സാഹചര്യത്തിൽ അറസ്റ്റിലായ യുവാക്കളുടെ കുടുംബം ജാമ്യഹർജിയ്ക്കായി എൻഐഎ കോടതിയിൽ ഹർജി നൽകും.