മാവോയിസ്റ്റ് വേട്ട: എൽഡിഎഫ് സർക്കാരിനെ പ്രതിരോധത്തിലാക്കാൻ പോലീസ് ചെയ്ത ക്രൂരത: സി പി ഐ പ്രതിനിധിസംഘം

Web Desk
Posted on November 01, 2019, 9:39 pm

ബി രാജേന്ദ്ര കുമാർ
പാലക്കാട്: എൽഡിഎഫ് സർക്കാരിനെ പ്രതിരോധത്തിലാക്കാൻ പൊലീസ് ചെയ്ത ക്രൂരതയാണ് അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിൽ നടന്നതെന്ന് പ്രദേശം സന്ദർശിച്ച സിപിഐ പ്രതിനിധി സംഘാംഗങ്ങൾ അഭിപ്രായപ്പെട്ടു. ഇന്നലെ രാവിലെ 11. 45ന് ഊരിലെത്തി നാലു കിലോ മീറ്ററോളം ചെളി നിറഞ്ഞ റോഡിലൂടെയും ചെങ്കത്തായ മലയുംകയറി ഒരുമണിയോടെയാണ് സംഘാംഗങ്ങൾ പൊലീസ് വെടിവയ്പു നടത്തിയ സ്ഥലങ്ങൾ സന്ദർശിച്ചത്. സുപ്രീംകോടതിയുടെ മജിസ്റ്റീരിയൽ നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് തണ്ടർബോൾട്ട് സംഘം ഏകപക്ഷീയമായ നരനായാട്ട് നടത്തിയതെന്നും അതുകൊണ്ടുതന്നെ എൽഡിഎഫ് സർക്കാർ മജിസ്റ്റീരിയിൽ അന്വേഷണം നടത്തണമെന്നും സിപിഐ സംസ്ഥാന അസി. സെക്രട്ടറി അഡ്വ. കെ പ്രകാശ്ബാബു ആവശ്യപ്പെട്ടു. ഇടതുപക്ഷ ഗവൺമെന്റ് മികച്ച ഭരണം കാഴ്ചവയ്ക്കുന്ന അവസരത്തിൽ പൊലീസ് കുറ്റക്കാരാണെന്ന് തീരുമാനിച്ച് വധശിക്ഷ നടപ്പിലാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് പ്രതികളെ കണ്ടെത്തി സ്വയം ശിക്ഷവിധിക്കുന്ന രീതി ആവർത്തിക്കാതിരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിവിൽ അഡ്മിനിസ്ട്രേഷൻ വിംഗിന്റെ അന്വേഷണം കൂടി നടത്തണമെന്നും മവോയിസ്റ്റുകൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് അവരെ ഇല്ലായ്മ ചെയ്യുകയല്ല രാഷ്ട്രീയപരിഹാരമാണ് കാണേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യാതൊരു പ്രകോപനവും സൃഷ്ടിക്കാത്ത മാവോയിസ്റ്റ് പ്രവർത്തകരെ പൊലീസ് കൂട്ടക്കൊല നടത്തുകയായിരുന്നുവെന്നും ഇതിന് പിന്നിലുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിവേണമെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റുകളെ നിഷ്ക്കരുണം വെടിവച്ചുകൊല്ലുകയായിരുന്നുവെന്നാണ് മനസിലാകുന്നതെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായും ശരിവയ്ക്കുന്നതാണ് അഗളിയിലെ മഞ്ചിക്കണ്ടി വനത്തിൽ കണ്ടതെന്നും സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പ്രസാദും അഭിപ്രായപ്പെട്ടു. മഞ്ചിക്കണ്ടി ഊരിലെത്തിയ സിപിഐ സംഘാംഗങ്ങൾ ഊരുമുപ്പനും മുൻപ‍ഞ്ചായത്തു പ്രസിഡന്റുമായിരുന്ന കോയമൂപ്പനെയും, പുതൂർഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വാർഡ് അംഗം പൊന്നുസാമി എന്നിവരുമായി ചർച്ച നടത്തിയ ശേഷമാണ് വനത്തിലേക്ക് പുറപ്പെട്ടത്. വനത്തിലേക്ക് പുറപ്പെട്ട സംഘാംഗങ്ങളെയും മാധ്യമ പ്രവർത്തകരെയും പൊലീസും തണ്ടർബോൾട്ടും ആദ്യം തടയാൻ ശ്രമിച്ചു.

വനം വകുപ്പിന്റെ മുൻകൂർ അനുമതിയില്ലാതെ പ്രവേശിക്കാനാവില്ലെന്നായിരുന്നു പൊലീസ് നിലപാട്. എന്നാൽ അറസ്റ്റു ചെയ്തു നീക്കാൻ പ്രകാശ് ബാബു ആവശ്യപ്പെട്ടതോടെ പൊലീസ് പിന്നോക്കം പോവുകയായിരുന്നു. ദുർഘടമായ പാതയിലൂടെ മാധ്യമ സംഘത്തിനൊപ്പം മലകയറി സ്ഥിതിഗതികൾ മനസിലാക്കിയ ശേഷമാണ് സംഘാംഗങ്ങൾ മടങ്ങി ഊരിലെത്തിയത്.  എംഎല്‍എമാരായ ഇ കെ വിജയന്‍, മുഹമ്മദ്മുഹ്സിന്‍, ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ്, ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ പോറ്റശ്ശേരി മണികണ്ഠൻ, ഈശ്വരീരേശൻ, പുതൂർ ഗ്രാമപ‍ഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കാളിയമ്മ, വേലുചാമി എന്നിവരും ഉണ്ടായിരുന്നു.