Saturday
07 Dec 2019

ഏറ്റുമുട്ടല്‍ വധം: വസ്തുതകള്‍ പുറത്തുകൊണ്ടുവരണം

By: Web Desk | Wednesday 30 October 2019 10:52 PM IST


കഴി‍ഞ്ഞ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ നാല് മാവോവാദികളെ കേരള പൊലീസിന്റെ തണ്ടര്‍ബോള്‍ട്ട് കമാന്റോകള്‍ ഏറ്റുമുട്ടലില്‍ വധിച്ചതായുള്ള വാര്‍ത്ത അങ്ങേയറ്റം അസ്വാസ്ഥ്യജനകമാണ്. സായുധരായ മാവോവാദികളെ പിന്തുടര്‍ന്ന് എത്തിയ കമാന്റോകള്‍ക്ക് നേരെ അവര്‍ വെടിയുതിര്‍ത്തുവെന്നും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് നാലുപേര്‍ മരിച്ചതെന്നുമാണ് പൊലീസ് ഭാഷ്യം. എന്നാല്‍ പൊലീസിന്റെ അവകാശ വാദം വ്യാജമാണെന്ന് തദ്ദേശീയരായ ആദിവാസികള്‍ ആരോപിക്കുന്നു. പൊലീസിന് കീഴടങ്ങാന്‍ സന്നദ്ധരായിരുന്ന മാവോവാദികളെയാണ് വെടിവച്ചുകൊന്നതെന്നാണ് അവര്‍ വെളിപ്പെടുത്തുന്നത്. ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ മുരുകനുള്‍പ്പെടെയുള്ളവരാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. സമീപ ആദിവാസിഊരുകളില്‍ നിന്നും അകലെ ഉള്‍വനത്തില്‍ വച്ചാണ് എ കെ 47 അടക്കം ആയുധങ്ങളുമായി മാവോവാദികള്‍ ആക്രമണം നടത്തിയതെന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍ ഏറ്റുമുട്ടല്‍ നടന്നതായി പറയപ്പെടുന്ന വനത്തില്‍ മണിക്കൂറുകള്‍ നീണ്ടുനിന്ന വെടിവയ്പിന്റെ യാതൊരു ലക്ഷണവും ഇല്ലെന്നാണ് സ്ഥലം സന്ദര്‍ശിച്ചവര്‍ പറയുന്നത്. മാവോവാദികള്‍ കീഴടങ്ങുന്നത് സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി രണ്ട് പൊതുപ്രവര്‍ത്തകര്‍ പലവട്ടം ചര്‍ച്ച നടത്തിയതായും പറയപ്പെടുന്നു.

രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് പറയപ്പെടുന്ന മണിവാസകം പരസഹായം കൂടാതെ എഴുന്നേറ്റ് നടക്കാന്‍പോലും കഴിയാത്ത ആളാണെന്നും ആദിവാസി പ്രവര്‍ത്തകര്‍ പറയുന്നു. ചുരുക്കത്തില്‍, മാവോവാദികളുടെ ഏറ്റുമുട്ടല്‍ മരണം സംബന്ധിച്ച് പൊലീസ് നല്‍കുന്ന വിവരങ്ങളുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ സംഭവത്തിന്റെ യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരാന്‍ കേരളത്തിലെ ജനാധിപത്യ സര്‍ക്കാരിന് ധാര്‍മ്മികവും രാഷ്ട്രീയവുമായ ഉത്തരവാദിത്തമുണ്ട്.  കേരളത്തില്‍ മാവോവാദികള്‍‍ ഏറ്റുമുട്ടലില്‍ കൊലചെയ്യപ്പെടുന്നത് ഇത് ആ­ദ്യമല്ല. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ വനങ്ങളിലും വയനാട് ജില്ലയിലെ വൈ­ത്തിരിയിലും ഉണ്ടായതായി പറയപ്പെടുന്ന ഏറ്റുമുട്ടലുകളില്‍ മൂന്ന് മാവോവാദികള്‍‍ സമാനരീതിയില്‍ കൊ­ല്ലപ്പെട്ടിരുന്നു. അട്ടപ്പാടി സംഭവത്തോടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി പറയപ്പെടുന്ന മാവോവാദികളുടെ എണ്ണം ഏഴായി ഉയര്‍ന്നിരിക്കുന്നു. ഛത്തീസ്ഗഢിലും മറ്റും തുടര്‍ന്നു വരുന്ന രീതിയിലും തോതിലുമുള്ള മാവോവാദി പ്ര­വര്‍ത്തനം കേരളത്തില്‍ നടക്കുന്നതായി കരുതാന്‍ ജ­നങ്ങളുടെ സാമാന്യബോധം അനുവദിക്കുമെന്ന് തോ­­­­­ന്നുന്നില്ല. മാവോവാദികളെ ഉന്മൂലനം ചെയ്ത് സമാധാനം സ്ഥാപിക്കുന്ന തരത്തിലുള്ള അക്രമാസക്തവും സംഘര്‍ഷഭരിതവുമായ അന്തരീക്ഷം കേരളത്തില്‍ നിലനില്‍ക്കുന്നതായും കരുതാനാവില്ല. അങ്ങനെ എങ്കില്‍ കേരള പൊലീസിന്റെ തണ്ടര്‍ബോള്‍ട്ട് കമാന്റോകള്‍ നടത്തുന്ന ഉന്മൂലന പരിപാടിയുടെ കാര്യകാരണങ്ങള്‍ അറിയാന്‍ ജനാധിപത്യ സമൂഹത്തിന് അവകാശമുണ്ട്. മാവോവാദികളെ രാഷ്ട്രീയമായും മാനസികമായും പരിവര്‍ത്തനത്തിന് വിധേയമാക്കി അക്രമത്തിന്റെയും ഹിംസയുടെയും പാത ഉപേക്ഷിക്കാന്‍ അവരെ പ്രേരിപ്പിക്കുന്ന ഏതെങ്കിലും പ്രവര്‍ത്തനം കേരള പൊലീസ് വിഭാവനം ചെയ്തിട്ടുണ്ടോ എന്നറിയാനും സമൂഹത്തിന് അവകാശമുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന മാവോവാദികള്‍ ഗത്യന്തരമില്ലാതെ കേരളത്തില്‍ എത്തുകയാണ് ചെയ്യുന്നതെന്ന് ന്യായമായും കരുതേണ്ടിവരും. അത്തരക്കാര്‍ക്ക് ആയുധവും അക്രമത്തിന്റെ പാതയും ഉപേക്ഷിച്ച് മുഖ്യധാരാ സാമൂഹ്യജീവിതത്തിലേക്ക് മടങ്ങിവരാന്‍ അവസരം ഒരുക്കുകയാണ് വേണ്ടത്.

അത്തരത്തില്‍ യാതൊരു ശ്രമവും നടത്താതെ ഉന്മൂലനത്തിലൂടെ മാവോവാദികള്‍ക്കും അവരുടെ രാഷ്ട്രീയത്തിനും അറുതിവരുത്താമെന്ന് കരുതുന്നത് തികഞ്ഞ മൗഢ്യമാണ്. ഇന്ത്യന്‍ ഭരണഘടനയേയും രാഷ്ട്രത്തേയും അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന മാവോവാദികളുടെ രാഷ്ട്രീയത്തെ നിരാകരിക്കുമ്പോള്‍തന്നെ അതിന് പ്രതിവിധി ഉന്മൂലനമാണെന്ന് വരുന്നത് അംഗീകരിക്കാനാവില്ല. മാവോവാദികള്‍ ഉന്നയിക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയമായും ഭരണപരമായും പരിഹാരം കാണുകവഴിയെ അവരുടെ നിഷേധാത്മക രാഷ്ട്രീയത്തെ നേരിടാനാവൂ. അതിനുപകരം ബിജെപി സര്‍ക്കാരുകള്‍ മഹാരാഷ്ട്രയിലും മറ്റും ചെയ്യുംവിധം ബുദ്ധിജീവികളെയും സാമൂഹ്യ പ്രവര്‍ത്തകരെയും ‘നഗര നക്സലുകള്‍’ എന്നു മുദ്രകുത്തി തുറുങ്കിലടയ്ക്കുകയും ഛത്തീസ്ഗഢിന്റെ മാതൃകയില്‍ വ്യാജ ഏറ്റുമുട്ടലുകള്‍ തുടരാന്‍ അനുവദിക്കുകയും ചെയ്യുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന് ഭൂഷണമല്ല. പൊലീസിന്റെ ഭാഗത്തുനിന്നും തെറ്റായ നടപടി ഉണ്ടായിട്ടുണ്ടെങ്കില്‍ അത് തിരുത്തപ്പെടണം. അവര്‍ കുറ്റവാളികളാണെന്ന് തെളിഞ്ഞാല്‍ അത്തരക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് കര്‍ശനമായ ശിക്ഷാനടപടികള്‍ക്ക് വിധേയമാക്കണം. അട്ടപ്പാടിയിലെ കൂട്ടവധത്തിന്റെ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണമടക്കം സത്വരനടപടികള്‍ക്ക് സര്‍ക്കാര്‍ സന്നദ്ധമാവണം.