October 5, 2022 Wednesday

Related news

November 10, 2020
November 4, 2020
November 3, 2020
February 8, 2020
January 20, 2020
January 15, 2020
January 15, 2020
December 21, 2019

വയനാട്ടില്‍ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു

സ്വന്തം ലേഖകന്‍
November 3, 2020 6:09 pm

സ്വന്തം ലേഖകന്‍

പടിഞ്ഞാറത്തറ(കല്‍പ്പറ്റ): ബാണാസുര മലയിലെ വെള്ളാംരംകുന്നില്‍ ഏറ്റുമുട്ടലില്‍ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ടു. തേനി സ്വദേശി വേൽമുരുകൻ (35) ആണ് വെടിയേറ്റ് മരിച്ചത്. പടിഞ്ഞാറത്തറ കാപ്പിക്കളം വാളാരംകുന്ന് മീൻമുട്ടി വെള്ളച്ചാട്ടത്തിനു സമീപമാണ് ഏറ്റുമുട്ടലുണ്ടായി എന്ന് പൊലീസ് പറയുന്ന സ്ഥലം. ഇന്നലെ രാവിലെ ഉണ്ടായ ഏറ്റുമുട്ടലിലാണ് വേല്‍മുരുകന്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. വനാതിർത്തിയിൽ രാവിലെ തെരച്ചിലിനെത്തിയ തണ്ടർബോൾട്ട് സേനയുമായാണ് മാവോയിസ്റ്റുകൾ ഏറ്റുമുട്ടിയത്. തെരച്ചിലിനിടെ തണ്ടർ ബോൾട്ടിനു നേരെ വെടിവയ്പ്പ് ഉണ്ടായി. ആറ് അംഗങ്ങൾ ഉളള മാവോയിസ്റ്റ് സംഘമാണ് വെടിവെച്ചത്. വെടിവയ്പ്പില്‍ സംഘത്തിലെ ഒരാൾ മരിക്കുകയും അഞ്ചുപേർ ഓടി രക്ഷപ്പെട്ടെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്.

യൂണിഫോം ധരിച്ച മാവോവാദികൾ വെടിവച്ചപ്പോൾ തിരിച്ചടിച്ചുവെന്നാണ് ജില്ല പൊലീസ് മേധാവി ചില മാധ്യമപ്രതിനിധികളെ അറിയിച്ചത്. എന്നാൽ ഔദ്യോഗികമായി വസ്തുതകൾ മാധ്യമങ്ങളെ അറിയിക്കാൻ അധികൃതര്‍ തയ്യാറായില്ല. അതേസമയം വ്യാജഏറ്റുമുട്ടൽ ആണെന്നാണ് പ്രദേശവാസികളുടെ സംശയവും മനുഷ്യാവകാശ പ്രവർത്തകരുടെ ആരോപണവും. മരിച്ച വേൽമുരുകന്റെ ശരീരത്തിൽ കഴുത്തിന് താഴെയായി പത്തോളം വെടിയേറ്റിട്ടുണ്ടെന്നും ഇവർ ആരോപിക്കുന്നു. ഏറ്റുമുട്ടൽ നാട്ടുകാര്‍ അറിയുന്നത് പ്രദേശത്ത് വൻ പൊലീസ് സന്നാഹം എത്തിയപ്പോഴാണ്. പുലർച്ചെ നാലുമണി മുതൽതന്നെ സ്ഥലത്ത് പൊലീസ് സന്നാഹമുണ്ടായിരുന്നു. റോഡുകൾ മുഴുവൻ അടയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ 9.15 നാണ് സംഭവമെന്നാണ് പൊലീസ് പറയുന്നത്. സ്ഥലത്തേക്ക് പുറപ്പെട്ട മാധ്യമപ്രവർത്തകരെ വെടിവയ്പ്പ് നടന്നതായി പറയപ്പെടുന്ന സ്ഥലത്തിന് രണ്ടു കിലോമീറ്റർ ദൂരെ കാപ്പിക്കളത്ത് പൊലീസ് തടഞ്ഞു. നാട്ടുകാരെയും കടത്തിവിട്ടില്ല. ചില ജനപ്രതിനിധികളെ മഹസറിൽ ഒപ്പുവയ്ക്കുന്നതിനായി നിർബന്ധിച്ച് കൊണ്ടുപോവുകയായിരുന്നു. ഇവിടെ കാത്തിരുന്ന മാധ്യമപ്രവർത്തകരോട് സംഭവസ്ഥലത്തുള്ള ഉദ്യോഗസ്ഥരെത്തി സംസാരിക്കുമെന്ന് അറിയിച്ചിരുന്നു.

എന്നാൽ അതുണ്ടായില്ല. മരിച്ച വേൽമുരുകന്റെ മൃതദേഹവുമായി ഉദ്യോഗസ്ഥർ മറ്റൊരു വഴിയിലൂടെ പുറത്തേക്ക് പോകുകയും ആളില്ലാ പൊലീസ് വാഹനങ്ങൾ കാപ്പിക്കളം വഴി മാധ്യമങ്ങൾക്ക് മുന്നിലൂടെ തിരിച്ചുപോകുകയുമായിരുന്നു. ഇതെല്ലാം പൊലീസ് നടപടിയെ കുറിച്ചുള്ള സംശയം വർധിപ്പിക്കുന്നു. മാനന്തവാടി പൊലീസ് എസ് ഐ ബിജു ആന്റണിയുടെ നേതൃത്വത്തിൽ നക്സൽ വിരുദ്ധ സേന പരിശോധന നടത്തുന്നതിനിടെ പ്രകോപനമില്ലാതെ മാവോവാദികൾ പൊലീസിനു നേരെ വെടിയുതിർത്തു എന്ന രീതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തണ്ടർബോൾട്ട് സേന വനമേഖലയിൽ തിരച്ചിൽ തുടരുകയാണ്. സബ് കളക്ടർ വികൽപ് ഭരദ്വാജ്, തഹസിൽദാർ എ അഗസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. കണ്ണൂർ റെയ്ഞ്ച് ഐ ജി സേതുരാമൻ, നക്സൽവിരുദ്ധ സേനാമേധാവി ചൈത്ര തെരേസ ജോൺ, ജില്ല പൊലീസ് മേധാവി ജി പൂങ്കുഴലി, കൽപ്പറ്റ എ എസ് പി അജിത്ത് കുമാർ എന്നിവർ സ്ഥലത്ത് എത്തി. ഏറെ വൈകിയാണ് വേൽമുരുകന്റെ മൃതദേഹം ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.