സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ ഉത്തര്‍പ്രദേശില്‍

Web Desk
Posted on October 22, 2019, 12:32 pm

ന്യൂഡല്‍ഹി: രാജ്യത്ത് 2017ല്‍ സ്ത്രീകള്‍ക്കെതിരെ മൂന്നരലക്ഷത്തിലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്.

2015ല്‍ സ്ത്രീകള്‍ക്കെതിരെയുള്ള 3.2ലക്ഷം അതിക്രമങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. 2016ല്‍ ഇത് 3,38954 ആയി ഉയര്‍ന്നു. കൊലപാതകം, ബലാല്‍സംഗം, സ്ത്രീധനമരണങ്ങള്‍, ആത്മഹത്യാപ്രേരണ, ആസിഡ് ആക്രമണം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീകള്‍ക്കെതിരെയുള്ള ക്രൂരതകള്‍ തുടങ്ങിയവയാണ് പ്രധാനമായും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഒരു കൊല്ലം വൈകി പുറത്തിറക്കിയ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2017ലെ കുറ്റകൃത്യ കണക്ക് പ്രകാരം രാജ്യത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഉത്തര്‍പ്രദേശിലാണ് സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടന്നത്. 56,011 അതിക്രമങ്ങളാണ് 2017ല്‍ ഇവിടെ സ്ത്രീകള്‍ക്കെതിരെ നടന്നത്.

സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്. 31,979 കേസുകള്‍ ഇവിടെ രജിസ്റ്റര്‍ ചെയ്തു.29,778 കേസുകളുമായി പശ്ചിമബംഗാളാണ് തൊട്ടുപിന്നില്‍. മധ്യപ്രദേശില്‍30,992 കേസുകളും രാജസ്ഥാനില്‍ 25,993കേസുകളും അസമില്‍ 23,082 കേസുകളും 2017ല്‍ രജിസ്റ്റര്‍ ചെയ്തതായി ക്രൈംറെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം ഡല്‍ഹിയില്‍ തുടര്‍ച്ചയായ മൂന്നാം വ ര്‍ഷവും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കുറഞ്ഞിട്ടുണ്ട്. 2017ല്‍ 13,076 കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്. 2016ല്‍ ഇത് 15,310ഉം2015ല്‍ 17,222ഉം ആയിരുന്നു.
ഏറ്റവും കൂടുതല്‍ കുറ്റകൃത്യനിരക്ക് അസമിലാണ്. 143 ആണ് ഇത്. ഒരു ലക്ഷം ജനങ്ങളുടെ കണക്കെടുക്കുമ്പോള്‍ എത്ര കുറ്റകൃത്യങ്ങള്‍ എന്നതോതിലാണ് കുറ്റകൃത്യ നിരക്ക് കണക്കാക്കുന്നത്. ഒഡിഷയും തെലങ്കാനയുമാണ് രണ്ടാംസ്ഥാനത്ത്. 94 ആണ് ഈ സംസ്ഥാനങ്ങളിലെ കുറ്റകൃത്യ നിരക്ക്. 88 കേസുകളുമായി ഹരിയാന മൂന്നാം സ്ഥാനത്തും 73 കേസുകളുമായി രാജസ്ഥാന്‍ നാലാമതുമുണ്ട്.

അരുണാചല്‍പ്രദേശ്, ഗോവ, ഹിമാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ, മിസോറം, നാഗാലന്‍ഡ്, സിക്കിം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ മൂന്നക്കത്തിലൊതുങ്ങി. അഖിലേന്ത്യാ തലത്തിലെ കണക്കെടുമ്പോള്‍ ഈ എട്ടു സംസ്ഥാനങ്ങളിലെ ആകെ കുറ്റകൃത്യങ്ങള്‍ ഒരു ശതമാനം പോലും വരുന്നില്ല.
കേന്ദ്രഭരണപ്രദേശങ്ങളായ ചണ്ഡിഗഢില്‍ 453 കേസുകളും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ 132ഉം, പുതുച്ചേരിയില്‍ 147ഉം ദാമന്‍ ആന്റ് ദ്യുവില്‍ 26ഉം ദാദ്ര നാഗര്‍ഹവേലിയില്‍ 20 ഉം ലക്ഷദ്വീപില്‍ ആറുംകേസുകള്‍ വീതമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.