Web Desk

സി‌ഡ്‌നി

February 05, 2020, 11:13 am

മാക്സ്‌വെൽ ഓസ്ട്രേലിയൻ ടീമിൽ തിരിച്ചെത്തി

Janayugom Online

വെടിക്കെട്ട് ബാറ്റ്സ്മാൻ ഗ്ലെൻ മാക്സ്‌വെൽ ഓസ്ട്രേലിയൻ ടീമിൽ തിരിച്ചെത്തി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഏകദിന- ടി20 ടീമുകളിലാണ് മാക്സ്‌വെൽ ഇടംനേടിയത്. മാനസിക പിരിമുറുക്കംമൂലം കഴിഞ്ഞ വര്‍ഷമാണ് താരം ടീമില്‍ നിന്നും അനിശ്ചിതകാല അവധിയെടുത്തത്. ഇതിനുശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയെങ്കിലും ദേശീയടീമില്‍ എത്തുന്നത് ഇതാദ്യമായാണ്. ബിഗ്‌ ബാഷില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനായി പുറത്തെടുത്ത പ്രകടനമാണ് മാക്സ്‌വെല്ലിന് തുണയായത്. സീസണില്‍ 43.22 ശരാശരിയില്‍ 389 റണ്‍സ് മാക്‌സ്‌വെല്‍ നേടിയിരുന്നു. എന്നാല്‍ ടീമില്‍ ഇടംലഭിക്കാതെ പോയ സ്റ്റോയിനിസ് 55.63 ശരാശരിയില്‍ 612 റണ്‍സാണ് ഇക്കുറി ബിഗ് ബാഷില്‍ അടിച്ചുകൂട്ടിയത്.

പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്റ് പുരസ്‌കാരം സ്റ്റോയിനിസായിരുന്നു. ആറ് മാസമായി അന്താരാഷ്‌ട്ര മത്സരങ്ങള്‍ സ്റ്റോയിനിസ് കളിച്ചിട്ടില്ല. മാക്സ്‌വെല്‍ തകര്‍പ്പന്‍ ഫോമിലാണെന്നും ഏകദിന ടി20 ടീമില്‍ ഇടം നേടാന്‍ തികച്ചും അനുയോജ്യനാണെന്നും ദേശീയ സെലക്ടര്‍ ട്രെവര്‍ ഹോണ്‍സ് പറഞ്ഞു. ഇന്ത്യയില്‍ പര്യടനം നടത്തിയ ടീമില്‍നിന്നും ആഷ്ടന്‍ ടര്‍ണറെ ഒഴിവാക്കിയാണ് മാക്‌സ്‌വെല്ലിന് ഇടം നല്‍കിയത്. മാത്യു വേഡ്, മിച്ചല്‍ സ്റ്റാര്‍സ് എന്നിവരും ടീമിലെത്തിയിട്ടുണ്ട്. പീറ്റര്‍ ഹാന്‍ഡ്‌കോംബും, ഡി ആര്‍സി ഷോട്ടും പുറത്തായി. മാര്‍ഷ് ടി20 സംഘത്തിലും ഇടംനേടി. പേസര്‍ സീന്‍ അബോട്ട്, റിച്ചാര്‍ഡ്‌സണ്‍ എന്നിവരും സ്‌ക്വാഡിലുണ്ട്. ആരോണ്‍ ഫിഞ്ച് നയിക്കുന്ന ഏകദിന- ടി20 ടീമുകളില്‍ ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്‌മിത്ത് തുടങ്ങിയ സീനിയര്‍ താരങ്ങളുണ്ട്.

Eng­lish Sum­ma­ry: Maxwell back in Aus­tralian squad

You may also like this video