തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ ഐക്യബോധത്തിന്‍റെ നേര്‍സാക്ഷ്യമായി മെയ്ദിന റാലി

Web Desk
Posted on May 02, 2018, 10:58 pm

തിരുവനന്തപുരം: തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ ഐക്യബോധത്തിന്‍റെ നേര്‍സാക്ഷ്യമായി മെയ്ദിന റാലി. മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുള്ളതിനേക്കാള്‍ വലിയ തൊഴിലാളി പങ്കാളിത്തത്തോടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്ന മെയ്ദിന റാലികള്‍ അക്ഷരാര്‍ഥത്തില്‍ ഇടത് തൊഴിലാളി സംഘടനകളുടെ ശക്തി പ്രകടനമായി മാറി. മലപ്പുറം ജില്ലയിലെ ചില മണ്ഡലങ്ങളില്‍ എഐടിയുസിക്കും സിഐടിയുവിനുമൊപ്പം ഐഎന്‍ടിയുസിയും എസ്ടിയുവും മെയ്ദിനറാലിയില്‍ പങ്കെടുത്തതും കേരളത്തിലെ തൊഴിലാളി വര്‍ഗ്ഗ മുന്നേറ്റ ചരിത്രത്തിലെ പുത്തന്‍ അധ്യായമായി.

തിരുവനന്തപുരം നഗരത്തില്‍ നടന്ന എഐടിയുസി-സിഐടിയു സംയുക്ത റാലി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ലോക തൊഴിലാളി വര്‍ഗ്ഗം നടത്തിയ ഐതിഹാസികമായ സമരങ്ങളുടെ ഫലമായി നേടിയെടുത്ത അവകാശങ്ങളും എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിശ്രമം, എട്ട് മണിക്കൂര്‍ വിനോദം എന്ന തീരുമാനങ്ങളും ബിജെപി ഗവണ്‍മെന്റ് അട്ടിമറിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനെതിരെ ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗം ശക്തമായ ചെറുത്തുനില്‍പ്പ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ തൊഴിലാളി വര്‍ഗ്ഗം പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ അട്ടിമറിക്കാനാണ് കഴിഞ്ഞ നാല് വര്‍ഷമായി നരേന്ദ്രമോഡി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന എഐടിയുസി ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന തൊഴിലാളി വിരുദ്ധ നയങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്രിട്ടീഷ് സര്‍ക്കാരിനോടും പട്ടാളത്തോടും സമരം നടത്തിയാണ് 1926ല്‍ ഇന്ത്യയില്‍ ആദ്യമായി ഒരു തൊഴില്‍ നിയമം ഉണ്ടായതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇന്നുവരെ തൊഴിലാളികള്‍ക്ക് വേണ്ടി ഉണ്ടാക്കിയിട്ടുള്ള എല്ലാ തൊഴില്‍ നിയമങ്ങളും സംരക്ഷിക്കാന്‍ ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ. ജിആര്‍ അനില്‍, ആനത്തലവട്ടം ആനന്ദന്‍ എന്നിവര്‍ സംസാരിച്ചു. സിഐടിയു തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ശിവന്‍കുട്ടി സ്വാഗതവും എഐടിയുസി ജില്ലാ സെക്രട്ടറി എം രാധാകൃഷ്ണന്‍ നായര്‍ നന്ദിയും പറഞ്ഞു.