പ്രവാസികളെ നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള പദ്ധതി കേന്ദ്രം പരമാവധി വൈകിപ്പിക്കുമെന്ന് സൂചന. ലോക്ഡൗണ്‍ അവസാനിക്കുന്ന മെയ് മൂന്ന് ആകുമ്പോഴേക്കും തിരിച്ചുവരാന്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം ഗള്‍ഫില്‍ മാത്രം മൂന്നു ലക്ഷം കവിയുമെന്നാണ് കണക്ക്.
ഞായറാഴ്ച രജിസ്ട്രേഷന്‍ ആരംഭിച്ച് ഏതാനും മണിക്കൂറിനുള്ളില്‍ത്തന്നെ സംഖ്യ ഒന്നര ലക്ഷമായിരുന്നത് ഇന്നലെ രണ്ടുലക്ഷം കവിഞ്ഞു. ഇത് മൂന്നു ലക്ഷത്തില്‍ ഒതുങ്ങുമെന്ന ഉറപ്പൊന്നുമില്ല. മടങ്ങിയെത്തുന്നവരിൽ നല്ലൊരു പങ്ക് കൊറോണ മൂലം ജോലി നഷ്ടപ്പെട്ട പട്ടിണിപ്പാവങ്ങളാണ്. വെറുംകയ്യോടെയുള്ള മടക്കയാത്രയ്ക്ക് കാത്തുനില്കുന്നവര്‍. എന്നാല്‍ മടങ്ങിവരാന്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ കണക്ക് കേന്ദ്രത്തെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചിട്ടുണ്ട്.
മടങ്ങിവരുന്നവരെ പുനരധിവസിപ്പിക്കാനും ക്വാറന്റൈനില്‍ വയ്ക്കാനും ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഏക സംസ്ഥാനം കേരളമാണ്. മറ്റു സംസ്ഥാനങ്ങളില്‍ പതിനായിരക്കണക്കിനു പ്രവാസികള്‍ എത്തുമ്പോള്‍ അവരെ പുനരധിവസിപ്പിക്കാനാവാതെ കൊറോണ വൈറസിന്റെ ദയാദാക്ഷിണ്യങ്ങള്‍ക്ക് എറിഞ്ഞുകൊടുക്കുകയാവും ഫലം.
പ്രവാസി ലക്ഷങ്ങളെ മൂന്നു പതിറ്റാണ്ടിനു മുമ്പ് കുവൈറ്റ്-ഇറാഖി യുദ്ധമുഖങ്ങള്‍ക്ക് മുന്നില്‍ നിന്നും തിരിച്ചു കൊണ്ടുപോകുന്നതില്‍ ഇന്ത്യ സൃഷ്ടിച്ച മഹത്തായ റെക്കോഡ് ലോകത്തിന്റെ ആദരം പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കേന്ദ്രം അത്തരത്തിലുള്ള ആത്മാര്‍ത്ഥത കാട്ടുന്നില്ലെന്നാണ് സിവില്‍ വ്യോമയാന വിദഗ്ധനും സ്റ്റാറ്റജിക് എയറോ റിസര്‍ച്ചിലെ മുഖ്യ ഗവേഷകനുമായ സാജ് അഹമ്മദ് പറയുന്നത്. പ്രവാസി ലക്ഷങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ വേണ്ടത്ര വിമാനങ്ങളില്ലെന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ഇന്ത്യന്‍ പ്രവാസികളെ തങ്ങളുടെ വിമാന സര്‍വീസുകളായ എമിറേറ്റ്സിലും എത്തിഹാദിലും ഫ്ളൈ ദുബായിലും എയര്‍ അറേബ്യയിലും സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് യുഎഇ ഔദാര്യം കാട്ടിയപ്പോള്‍ മുഖംതിരിച്ചുനിന്ന കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ഭാരിച്ച വിമാനക്കൂലി ഈടാക്കിയാണ് പ്രവാസികളെ മടക്കിക്കൊണ്ടുവരാമെന്നു മനസില്ലാമനസോടെ സമ്മതിച്ചിരിക്കുന്നത്.
പ്രവാസ ലോകത്തേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്താന്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ക്കു ത്രാണിയുമില്ല. എയര്‍ ഇന്ത്യയെ മാത്രം ആശ്രയിച്ചാല്‍ മാസങ്ങള്‍ കഴിഞ്ഞാലും പ്രവാസികളെ പൂര്‍ണമായി തിരിച്ചെത്തിക്കാനാവില്ല. വിദേശ സര്‍വീസുകള്‍ നടത്തുന്ന സ്പൈസ് ജറ്റ്, ഇന്‍ഡിഗോ, വിസ്താര എന്നിവ തല്ക്കാലം ഇന്ത്യയില്‍ നിര്‍ത്തിവച്ചിരിക്കുന്ന ആഭ്യന്തര സര്‍വീസുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് അറിയിച്ചിട്ടുണ്ട്.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.