19 April 2024, Friday

ജനതയുടെ സ്വാതന്ത്ര്യം പുലരട്ടെ

Janayugom Webdesk
August 15, 2022 5:00 am

ബ്രിട്ടീഷ് അധിനിവേശവാഴ്ചയില്‍ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം പൊരുതിനേടിയിട്ട് ഇന്ന് 75 വര്‍ഷം. ജനതയ്ക്കുമേല്‍ കിരാതഭരണം നടത്തിയ ബ്രിട്ടീഷ് ഭരണകൂടത്തെ നാടുകടത്തിയത് എന്നും ആവേശമുണ്ടാക്കുന്ന ചരിത്രം തന്നെ. ഏഴര പതിറ്റാണ്ട് പിന്നിടുമ്പോള്‍ ഇന്നത്തെ ഇന്ത്യയിലെ കിരാത ഭരണവും ജനങ്ങളുടെ സ്വാതന്ത്ര്യമില്ലായ്മയും ബ്രിട്ടീഷുകാരെപ്പോലും അമ്പരപ്പിക്കുന്നതാണ്. സര്‍ക്കാരിന്റെയും നീതിനിര്‍വഹണ സംവിധാനങ്ങളുടെയും തലയ്ക്കുമീതെ നിന്ന് ജനങ്ങള്‍ക്കുനേരെ വാള്‍ വീശുന്ന സംഘ്പരിവാറുകള്‍ക്കാണ് ഇന്ന് സ്വാതന്ത്ര്യം. ചിന്തിക്കുന്നവരും ചോദ്യമുയര്‍ത്തുന്നവരും ഇരുമ്പഴിക്കുള്ളിലകപ്പെടുന്നു. ഇഷ്ടമുള്ളത് കഴിക്കാനും ഉടുക്കാനും അനുമതി തേടേണ്ടിവരുന്ന പ്രാകൃതനാളുകള്‍. സ്വാതന്ത്ര്യം പോലും വീടിനകത്ത് ആഘോഷിക്കാന്‍ നിര്‍ബന്ധിപ്പിക്കുന്ന കെട്ടകാലം. ഭരണകൂടത്തണലില്‍ മറ്റൊരു രാഷ്ട്രം കെട്ടിപ്പടുക്കാന്‍ ഹിന്ദുത്വത്തിലധിഷ്ഠിതമായ ഭരണഘടന തന്നെ രചിച്ചിരിക്കുന്നു. അനേകായിരങ്ങള്‍ സ്വജീവന്‍ ബലിനല്‍കി വീണ്ടെടുത്ത ഇന്ത്യന്‍ സ്വാതന്ത്ര്യവും സാഹോദര്യത്താല്‍ മെനഞ്ഞെടുത്ത മതേതരത്വവും ജനങ്ങളില്‍ സര്‍വാധികാരം സമര്‍പ്പിച്ച് പുലര്‍ത്തിപ്പോരുന്ന ജനാധിപത്യവും തരിപ്പണമാക്കിയാണ് സംഘ്പരിവാരം ഹിന്ദുരാഷ്ട്രനിര്‍മ്മിതിയുടെ അടിത്തറപാകപ്പെടുത്തുന്നത്. എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുകയല്ല, എഴുപത്തിയഞ്ച് വര്‍ഷത്തിനും പിറകിലേക്ക് ഇന്ത്യയെയും അതിന്റെ സ്വാതന്ത്ര്യത്തെയും തൂത്തെറിയുന്ന ഫാസിസ്റ്റ് ശക്തികളുടെ ആസൂത്രിത അജണ്ടയ്ക്കെതിരെ സമരം പ്രഖ്യാപിക്കാനുള്ളതായി മാറ്റണം ഇന്നത്തെ ദിവസം.


ഇതുകൂടി വായിക്കൂ: പർവതമുടിയിലെ സ്വതന്ത്രരാഷ്ട്രം


സ്വതന്ത്ര ഇന്ത്യ ഒരുപാട് സ്വപ്നങ്ങളുടേതായിരുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയുമെല്ലാം പിന്‍ബലത്താല്‍ ജവഹര്‍ലാല്‍ നെഹ്രു ശിലയിട്ട രാഷ്ട്രനിര്‍മ്മിതി, കാലാനുസൃതമായി തുടരാനുള്ള ബാധ്യത അതേഗൗരവത്തോടെ പില്‍ക്കാലത്തെ ഭരണനേതൃത്വങ്ങള്‍ നിറവേറ്റിയില്ലെന്നതാണ് ഇന്നത്തെ അവസ്ഥ ബോധ്യപ്പെടുത്തുന്നത്. അടിസ്ഥാന ജനവിഭാഗങ്ങളുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും പൊതുസേവകരുടെയും ഉന്നതി അമ്പതുകളില്‍ നിന്ന് പുരോഗമിച്ചിട്ടില്ല. വിവിധ മേഖലകളില്‍ പ്രസ്ഥാനങ്ങളും പുരോഗമനശക്തികളും പോരടിച്ചും സമരംചെയ്തും നേടിക്കൊടുത്ത അവകാശങ്ങളല്ലാതെ മറ്റൊന്നും അവര്‍ക്കിന്നും അവകാശപ്പെടാനില്ല. സ്വതന്ത്രമാക്കപ്പെട്ട ഇന്ത്യയില്‍ സ്വൈരമായി ജീവിക്കാന്‍ തൊള്ളായിരത്തിനാല്പത്തിയേഴിനും മുമ്പത്തേക്കാള്‍ സ്വാതന്ത്ര്യമില്ലാത്ത സ്ഥിതിയാണ്. എവിടെയും അടിച്ചമര്‍ത്തലും കൊലവിളികളും. ഗാന്ധിജി സ്നേഹിച്ച ആദിവാസി സമൂഹം ഇന്നും മാറ്റങ്ങളില്ലാതെ ജീവിക്കുന്നു. പട്ടിണിയുടെയും ദുരിതത്തിന്റെയും കുന്നുംചെരുവുകള്‍ക്കിപ്പുറം ദ്രൗപദി മുര്‍മുവെന്ന പ്രതീകത്തെ പേരിനുമാത്രം സൃഷിച്ച് അവര്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തെ ചൂഷണം ചെയ്യുന്നു. പട്ടികജാതി പിന്നാക്ക ന്യൂനപക്ഷങ്ങളും ദരിദ്രജനവിഭാഗങ്ങളും സംഘ്പരിവാര്‍ തീര്‍ത്ത കൂറ്റന്‍ ഗ്യാസ് ചേംബറിനകത്താണ്. അനുഭവിച്ചുപോന്ന ആനുകൂല്യങ്ങളെല്ലാം ഓരോന്നോരോന്നായി നിഷേധിക്കപ്പെടുന്നു. എല്ലാം തുറന്നുകാണിക്കാന്‍ ഭരണഘടനാപരമായ അവകാശവും അധികാരവുമുള്ള മാധ്യമങ്ങള്‍ അടിമകളാക്കപ്പെടുന്നു. എതിര്‍ക്കുന്നവര്‍ തോക്കിന്‍കുഴലിനുമുന്നില്‍ പിടഞ്ഞുവീണ് മരിക്കുകയോ തുറങ്കിലാക്കപ്പെടുകയോ ചെയ്യുന്നു. 180 രാജ്യങ്ങളുള്ള പ്രസ് ഫ്രീഡം ഇന്‍ഡക്സില്‍ ഇന്ത്യ 150-ാം സ്ഥാനത്താണ്. കരിനിയമങ്ങള്‍ വഴി തൊഴിലെടുക്കുന്നവരെയും കൃഷിയിറക്കുന്നവരെയും വരിഞ്ഞുകെട്ടിയിടാനാണ് ശ്രമം. ഈ ചങ്ങലകളെല്ലാം പൊട്ടിച്ചെറിഞ്ഞ് ഇന്ത്യയെ വീണ്ടെടുക്കാനായി സ്വാതന്ത്ര്യദിനത്തെ പോരാട്ടദിവസമാക്കണം.


ഇതുകൂടി വായിക്കൂ: സ്വാതന്ത്ര്യം അർദ്ധരാത്രിയായ് തുടരുമ്പോൾ


സാമ്പത്തികമായി ലോകരാജ്യങ്ങളുടെ നിരയില്‍ ഏറെ പിന്നിലാണ് ഇന്ന് ഇന്ത്യ. 40 വര്‍ഷത്തിനിടെ ആദ്യമായി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ചുരുങ്ങിയത് നരേന്ദ്രമോഡിയുടെ ഭരണത്തിലാണെന്ന് ജിഡിപി ഡാറ്റയിലൂടെ നാം കണ്ടു. വിദ്യയും വിജ്ഞാനവുമായി യുവത സ്വമേധയാ ഇതരരാഷ്ട്രങ്ങളിലേക്ക് കുടിയേറുന്നത് രാജ്യത്ത് സുരക്ഷിതമായ തൊഴില്‍ അവസരങ്ങളില്ലാതെയാണ്. പോഷകാഹാരമില്ലാതെ ഭാരം കുറഞ്ഞും വളര്‍ച്ച മുരടിച്ചും ഇഞ്ചിഞ്ചായി ദിനവും കുട്ടികള്‍ മരിച്ചുവീഴുന്നു. ശിശുമരണനിരക്കില്‍ 119ല്‍ ഇന്ത്യയുടെ സ്ഥാനം 96 ആണ്. പോഷകാഹാരക്കുറവിന്റെ കണക്കില്‍ ഇന്ത്യ 116ല്‍ 101-ാം സ്ഥാനത്തും. ആരോഗ്യത്തിലും അതിജീവനത്തിലും ലോകത്ത് ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്നതും ഇന്നത്തെ ഇന്ത്യ തന്നെ. അഴിമതി വിരുദ്ധ പരിപാലനത്തില്‍ ഇന്ത്യയുടെ സ്ഥാനം 85 ആണ്. പുറംലോകത്തുനിന്ന് ഇന്ത്യയെ നോക്കിക്കാണുന്നവര്‍ക്ക് അറപ്പുണ്ടാക്കുന്ന വിധമാണ് ജനപ്രതിനിധികളെപ്പോലും വിലയിട്ട് വാങ്ങി ജനാധിപത്യ രാഷ്ട്രത്തിന്റെ അധികാരം നിലനിര്‍ത്തുന്നത്.


ഇതുകൂടി വായിക്കൂ: ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യം സംരക്ഷിക്കാം


മോഡിക്കു കീഴില്‍ പൊതുഭരണത്തിനും പൊലീസിനും ഉദ്യോഗസ്ഥ വിഭാഗത്തിനും പ്രൊഫഷണലുകള്‍ക്കും ഭരണഘടനാ കൂറ് വേണ്ടെന്നാണ് വയ്പ്. നീതി നിര്‍വഹണസ്ഥാപനങ്ങളില്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന വിശ്വാസം അതുകൊണ്ടുതന്നെ നഷ്ടപ്പെടുന്നു. ജനക്ഷേമവും വികസനവും തുടരുന്ന സംസ്ഥാന സര്‍ക്കാരുകളെ അനാഥമാക്കുന്ന ചട്ടവും നയവുമായി കേന്ദ്രം ശത്രുവിനെപ്പോലെയാണ് നീങ്ങുന്നത്. അക്ഷരാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ഭരണകൂട ചെയ്തികളാല്‍ ഇന്ത്യന്‍ ജനത കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. ലോകത്തിന് മാതൃകയും ആവേശവുമായ ഇന്ത്യന്‍ സ്വാതന്ത്ര്യപോരാട്ടം ജനതയുടെ ശക്തിയിലായിരുന്നു എന്ന് സംഘ്പരിവാര്‍ തിരിച്ചറിയണം. ഒട്ടും ചോരാത്ത ആ ശക്തിക്കുനേരെയുള്ള ഫാസിസ്റ്റ് അജണ്ട പരാജയപ്പെടുമെന്നുറപ്പുണ്ട്. അതിനുള്ള പോരാട്ടമാകും ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം. ഇന്ത്യന്‍ സ്വാതന്ത്ര്യം നീണാള്‍ വാഴട്ടെ.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.