മലയാള സിനിമയില്‍ മാറ്റത്തിന്റെ കാറ്റ്

Web Desk
Posted on January 11, 2018, 5:51 pm

കൊച്ചി: സ്ത്രീ വിരുദ്ധതയും തൊഴിലാളി വിരുദ്ധതയും നിറഞ്ഞതാണ് മലയാള സിനിമയെന്ന മായികലോകമെന്ന് വിദഗ്ധര്‍. മലയാള സിനിമാലോകത്ത് സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍ പുറത്തു വരാന്‍ ഒരു നടി ആക്രമിക്കപ്പെടേണ്ട സാഹചര്യം ഉണ്ടാവേണ്ടി വന്നത് സഹതാപാര്‍ഹമാണെന്ന് പ്രമുഖ സംവിധായകനും രാജ്യാന്തര ജ്യൂറി അംഗവുമായ ഡോ. ബിജു പറഞ്ഞു. ഈസ്റ്റേണ്‍ ഗ്ലോബല്‍ ഷോര്‍ട്ട് ഫിലിം അവാര്‍ഡ്‌നിശയില്‍  പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നടി എന്നതിനപ്പുറം സംവിധായിക ഉള്‍പ്പെടെ മറ്റു റോളുകളില്‍ സ്ത്രീ സാന്നിധ്യം കാണാനാകില്ല. ഇറാന്‍ പോലെയുള്ള രാജ്യത്ത് പോലെയും നാല്‍പ്പതിലേറെ വനിതാ സംവിധായകര്‍ സജീവമാണെന്നത് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്, ബിജു  പറഞ്ഞു. 

യുവചലച്ചിത്ര പ്രതിഭകളുടെ കഴിവിനെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് ഈസ്റ്റേണ്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാന്‍ പറഞ്ഞു. ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നും വിജയപാതകള്‍ താണ്ടിയ വനിതകളെ അംഗീകരിക്കുകയും പ്രേല്‍സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇതു തന്നെയാണ് ഈസ്റ്റേണ്‍ ഭൂമികയിലൂടെ ഞങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സിനിമയിലെ പല അനഭിലഷണീയ സംഭവങ്ങളും പുറത്ത് വന്നു തുടങ്ങിയതായും മലയാള ചലച്ചിത്ര ലോകത്ത് സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍ പുറത്തു വരാന്‍ തുടങ്ങിയതായും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സരസ്വതി നാഗരാജന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ സ്ത്രീകളോടുള്ള സമീപനത്തില്‍ ഇപ്പോഴും മാറ്റം വന്നിട്ടില്ലെന്നും അവര്‍ പറഞ്ഞു.
പുരുഷ ര്‍ക്ക് മാത്രമേ  എന്തും സാധ്യമാകൂ എന്ന ചിന്തയില്‍ നിന്ന് കേരള സമൂഹം ഏറെ മാറിയിട്ടുണ്ടെന്ന് നടനും നിര്‍മാതാവുമായ പ്രകാശ് ബാരെ ചൂണ്ടിക്കാട്ടി. സിനിമയില്‍ ഇപ്പോഴും ചില അധികാരകേന്ദ്രങ്ങള്‍ ഉണ്ട്. എന്നാല്‍ ഇത് വകവെയ്ക്കാതെ സ്ത്രീകള്‍ കൂടുതലായി കടന്നു വരികയും സമൂഹം അവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മലയാള സിനിമയിലെ പുരുഷാധിപത്യം അവസാനിപ്പിക്കാന്‍ ശക്തമായ കാറ്റ് വീശിത്തുടങ്ങിയെന്നും സ്ത്രീകള്‍ കൂടുതല്‍ സജീവം ആകണമെന്നും ഗായിക രശ്മി സതീഷ് പറഞ്ഞു. 
മറാത്തി ചിത്രമായ അനാഹട്ട്, മലയാളം ചിത്രം പക്ഷികളുടെ മണം എന്നിവ രണ്ടാമത് ഈസ്റ്റേണ്‍ ഗ്ലോബല്‍ ഷോര്‍ട്ട് ഫിലിം അവാര്‍ഡില്‍ കൂടുതല്‍ പുരസ്‌ക്കാരങ്ങള്‍ നേടി. ഉമേഷ് മോഹന്‍ ബഗാെഡ സംവിധാനം ചെയ്ത അനാഹട്ട് മികച്ച ചിത്രത്തിനുള്ള പുരസ്‌ക്കാരം നേടിയപ്പോള്‍ നയന സൂര്യന്‍ സംവിധാനം ചെയ്ത പക്ഷികളുടെ മണം മികച്ച വനിതാധിഷ്ഠിത ചിത്രത്തിന് പുരസ്‌കാരം നേടി.
സമൂഹത്തിലെ സ്ത്രീകളുടെ മുന്നേറ്റം, സഞ്ചാരപഥം, വെല്ലുവിളികള്‍ എന്നീ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കി വനിതാധിഷ്ഠിത ചിത്രത്തിന് ഇത്തവണ പ്രത്യേക പുരസ്‌കാരം ഏര്‍പ്പെടുത്തിയിരുന്നു. ഈസ്റ്റേണ്‍ ഗ്രൂപ്പ്, ഗ്ലോബല്‍ ഇനിഷ്യേറ്റിവ് ഫോര്‍ എക്‌സലന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ഇത്തവണ അവാര്‍ഡ് നിശ സംഘടിപ്പിച്ചത്. 
ഡോ. ബിജുവിന്റെ നേതൃത്വത്തിലുള്ള ജ്യൂറി അനാഹട്ട് സംവിധായകന്‍ ഉമേഷ് മോഹന്‍ ബഗാഡെയെ മികച്ച സംവിധായകനായും ആശിഷ് ചിന്നപ്പയുടെ തേന്‍വരിക്ക മികച്ച ജനപ്രിയ ചിത്രമായും തെരഞ്ഞെടുത്തു. വിമെന്‍സ് ജേര്‍ണി വിഭാഗത്തില്‍ അലമാരക്കുള്ളിലെ പെണ്‍കുട്ടി എന്ന ചിത്രത്തിന് കഥയെഴുതിയ അരുണ്‍ സുകുമാരന്‍ നായരെ മികച്ച തിരക്കഥാകൃത്തായി തെരഞ്ഞെടുത്തു. 
 മുരളി റാം (വലിയ കണ്ണുള്ള മീന്‍) മികച്ച നടന്‍, വിവേക് ജോസഫ് വര്‍ഗീസ് (ഫ്യുഗ്) മികച്ച തിരക്കഥാകൃത്ത്, ഇ എസ് സൂരജ് (അപ്പൂപ്പന്‍താടി) മികച്ച എഡിറ്റര്‍, ഗൗതം ലെനിന്‍ (പക്ഷികളുടെ മാനം), രാകേഷ് ധരന്‍ (റാബിറ്റ് ഹോള്‍) എന്നിവര്‍  മികച്ച സിനമാട്ടോഗ്രാഫര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പശ്ചാത്തല സംഗീതത്തിന് മിഥുന്‍ (വലിയ കണ്ണുള്ള മീന്‍), മികച്ച സൗണ്ട് ഡിസൈനര്‍ അവാര്‍ഡിന് ശിശിര്‍ ചൗസല്‍ക്കര്‍ (അനാഹട്ട്), നിഖില്‍ വര്‍മ്മ (റാബിറ്റ് ഹോള്‍) എന്നിവര്‍ അര്‍ഹരായി. കെ. ജയചന്ദ്ര ഹാഷ്മി (ടു ലെറ്റ്), ഐശ്വര്യ വാര്യര്‍ (നീലിമ‑ബിയോണ്ട് ദി ബ്ലൂ ആന്‍ എക്‌സ്‌പ്ലൊറേഷന്‍), സന്ധ്യ നവീന്‍ (നഷ്ടവസന്തം), സഫ്വാന്‍ കെ ബാവ (സമകാലികം) എന്നിവര്‍ ജ്യൂറിയുടെ പ്രത്യേക അവാര്‍ഡിന് അര്‍ഹരായി. 
വിവേക് ജോസഫ് വര്‍ഗീസ് (ഫ്യുഗ്) — മികച്ച ചിത്രം, അരുണ്‍സോള്‍ (മെമ്മറീസ് ഓഫ് മൊറാലിറ്റി) — മികച്ച സംവിധായകന്‍, ദേവകി രാജേന്ദ്രന്‍ (പാര്‍വതി) — മികച്ച താരം, മൈഥിലി (പക്ഷികളുടെ മാനം) — മികച്ച താരം, കൃഷ്ണന്‍ ബാലകൃഷ്ണന്‍ (റാന്തല്‍) — മികച്ച താരം, ആന്റണി വര്‍ഗീസ് (മൗസ് ട്രാപ്പ്) — മികച്ച താരം, വിനു ജനാര്‍ദ്ദനന്‍ (റാബിറ്റ് ഹോള്‍) — മികച്ച തിരക്കഥ, കണ്ണന്‍ പട്ടേരി (ബുഹാരി സലൂണ്‍) — മികച്ച എഡിറ്റര്‍ എന്നിവര്‍ ജ്യൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി. 
ഡോ. ബിജു, റിമ കല്ലിങ്കല്‍ എന്നിവര്‍ക്ക് പുറമെ ശ്രീബാല കെ മേനോന്‍, പ്രകാശ് ബാരെ, പ്രമോദ് പയ്യന്നൂര്‍, എം.ജെ രാധാകൃഷ്ണന്‍, സന്തോഷ് ചന്ദ്രന്‍, ആര്‍. എസ് അജന്‍, പി. ബി സ്മിജിത് കുമാര്‍, മനോജ്, സരസ്വതി നാഗരാജന്‍, സി. റഹിം എന്നിവരടങ്ങുന്ന ജ്യൂറിയാണ് അവാര്‍ഡ് ജേതാക്കളെ നിശ്ചയിച്ചത്. സിറാജ് ഷാ ആയിരുന്നു അവാര്‍ഡ് നിശയുടെ ആര്‍ട്ടിസ്റ്റിക് ഡയറ്കടര്‍. 
ഗ്ലോബല്‍ ഇനിഷ്യേറ്റീവ് ഫോര്‍ എക്‌സലന്‍സ് ചെയര്‍മാന്‍ എം.ഡി.വര്‍ഗ്ഗീസ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോ എ സ്‌കറിയ, ഡയറക്ടര്‍മാരായ ടി വിനയകുമാര്‍, യു.എസ്. കുട്ടി, ഈസ്റ്റേണ്‍ ഗ്രൂപ്പ് മാര്‍ക്കറ്റിങ് ഹെഡ് ബിജു ജോബ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.